പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയില്‍; ഇന്ത്യ- യുഎസ് വ്യാപാര, വാണിജ്യ, നയന്ത്ര ബന്ധം ദൃഢമാക്കുന്ന നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈക്കൊള്ളും; ഹൗഡി മോദി നാളെ, ട്രംപിനൊപ്പം ജനാവലിയെ അഭിസംബോധന ചെയ്യും

Saturday 21 September 2019 8:28 am IST

വാഷിങ്ടണ്‍: ഇന്ത്യ- യുഎസ് നയതന്ത്ര ബന്ധം ഒന്ന് കൂടി ദൃഢമാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഇന്ന് ആരംഭിക്കും. വ്യാപാര വാണിജ്യ മേഖലയെ കരുത്തരാക്കുന്ന നിര്‍ണ്ണായ ചുവടുവെപ്പുകള്‍ ലക്ഷ്യമിട്ടാണ് മോദിയുടെ ഈ കൂടിക്കാഴ്ച്ച. 

സന്ദര്‍ശനത്തോട് അനുബന്ധിച്ച് യുഎസിലെ ഇന്ത്യന്‍ വംശജര്‍ മോദിയെ വരവേല്‍ക്കുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള ഹൗഡി മോദിയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വോദി പങ്കിടും. 27ന് നടക്കുന്ന ഐക്യ രാഷ്ട്രസഭയുടെ പൊതു സമ്മേളനത്തെയും മോദി അഭിസംബോധന ചെയ്യും.

ഹൗഡി മോദി പരിപാടിയില്‍ ഡോണള്‍ഡ് ട്രംപ് പങ്കെടുക്കുന്നത്, ഇന്ത്യ - അമേരിക്ക ബന്ധത്തിലെ പുതിയ നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് വ്യക്തമാക്കിയിരുന്നു. രണ്ട് ലോക നേതാക്കള്‍ ഒരുമിച്ച് റാലിയെ അഭിസംബോധന ചെയ്യുന്നത് ചരിത്രമാകും. ഇന്ത്യയെ ആഗോള നേതൃപദവിയിലേക്ക് ഉയര്‍ത്താനും അമേരിക്കയുടെ വിശ്വസ്ത പങ്കാളിയായി മാറാനുമുള്ള അവസരം ഇതിലൂടെ രാജ്യത്തിന് കൈവരുമെന്നും മോദി പറഞ്ഞു. 

അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം ഒത്തുകൂടുന്ന ഒരു പരിപാടിയില്‍ ഇതാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് പങ്കെടുക്കുന്നത്. ഏതാണ്ട് 50,000-ത്തോളം പേര്‍ മെഗാ ഹൗഡി മോദി പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രംപിനെ ഈ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ സാധിച്ചത് ഇന്ത്യയുടെ നയതന്ത്രവിജയമായാണ് കണക്കാക്കപ്പെടുന്നത്. 

വെള്ളിയാഴ്ച രാത്രിയാണ് മോദി അമേരിക്കയ്ക്ക് തിരിച്ചത്. യുഎന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്ന മോദി, ലോകസമാധാനത്തിന് ഇന്ത്യ എന്നും പ്രതിജ്ഞാബദ്ധമാണെന്ന നിലപാട് ആവര്‍ത്തിക്കും. യുഎന്‍ സമ്മേളനത്തോടനുബന്ധിച്ച് തിങ്കളാഴ്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി ട്രംപ് കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. 

അതിനു പിറ്റേന്ന് മോദിയും ട്രംപുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകള്‍ ട്രംപുമായുള്ള കൂടിക്കാഴ്ചയിലുണ്ടാകും. ഇന്ത്യയുടെ വികസനത്തിന്റെ പങ്കാളിയാണ് അമേരിക്കയെന്നും മോദി പറഞ്ഞു. 

ഇന്ന് ഹൂസ്റ്റണില്‍ മോദി പ്രധാനപ്പെട്ട ഊര്‍ജകമ്പനികളുടെ സിഇഒമാരുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ - അമേരിക്ക ഊര്‍ജസഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. ഇതിന് ശേഷം ന്യൂയോര്‍ക്കില്‍ യുഎന്‍ സമ്മേളനത്തിന്റെ ഭാഗമായി നിരവധി പ്രധാനപരിപാടികളില്‍ മോദി പങ്കെടുക്കും. 

തിങ്കളാഴ്ച നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ മോദി പങ്കെടുക്കും. അതിന് ശേഷം, ആഗോള ആരോഗ്യ ഉച്ചകോടിയില്‍. ആയുഷ്മാന്‍ ഭാരത് അടക്കമുള്ള പദ്ധതികള്‍ അവിടെ അവതരിപ്പിക്കുമെന്ന് മോദി പ്രസ്താവനയിലൂടെ അറിയിച്ചു. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട് പ്രത്യേക പരിപാടിയും യുഎന്നില്‍ ഇന്ത്യ സംഘടിപ്പിക്കുന്നുണ്ട്. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കും. 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.