പ്രണയിച്ചതിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണം; മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു; പെണ്‍കുട്ടിയുടെ നില ഗുരുതരം; കേരളത്തിന് നാണക്കേട്

Tuesday 12 November 2019 12:05 pm IST

മലപ്പുറം: പ്രണയിച്ചതിന്റെ പേരില്‍ മലപ്പുറത്ത് ആള്‍ക്കൂട്ടമര്‍ദ്ദനമേറ്റ യുവാവ് ആത്മഹത്യ ചെയ്തു.  പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഹൈദരലിയുടെ മകന്‍ ഷാഹിര്‍ ആണ് ആത്മഹത്യ ചെയ്തത്. വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.പെണ്‍കുട്ടിയുടെ നിലഗുരുതരമായി തുടരുകയാണ്.

യുവതിയുടെ ബന്ധുക്കള്‍ ഞായറാഴ്ച ദിവസം ഷാഹിറിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്നാണ് ഷാഹിറിന്റ കുടുംബം പറയുന്നത്.  സഹോദരനായ ഷിബിലന്റെ പരാതിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം നബിദിന പരിപാടികള്‍ കാണാന്‍ പുതുപ്പറമ്പ് മൈതാനത്ത് ഷാഹിറും സഹോദരനും സുഹൃത്തും എത്തിയിരുന്നു. തുടര്‍ന്ന് ഷാഹിറിന് ഒരു ഫോണ്‍ കോള്‍ വരികയും പിന്നാലെ അവിടെത്തിയ സംഘം രണ്ടുമണിക്കൂറോളം ഷാഹിറിനെ തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയും ചെയ്തു.  പിന്നീട് വീട്ടിലെത്തിയ ഷാഹിര്‍ വധഭീഷണിയുണ്ടെന്ന് പറഞ്ഞ് എല്ലാവരുടെയും മുന്നില്‍വച്ച് വിഷം എടുത്ത് കുടിക്കുകയായിരുന്നെന്ന് ബന്ധു പറയുന്നു. ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു. 

നേരത്തെയും ആള്‍ക്കൂട്ട ആക്രമണത്തിന്റെ പേരില്‍ മലപ്പുറത്ത് യുവാവു ആത്മഹത്യ ചെയ്തിട്ടുണ്ടായിരുന്നു. കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദായിരുന്നു തൂങ്ങിമരിച്ചത്. രാത്രി സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ചായിരുന്നു ആള്‍ക്കൂട്ടം യുവാവിനെ ആക്രമിച്ചത്. ബലപ്രയോഗത്തിലുടെ സാജിദിനെ കെട്ടിയിട്ട ശേഷം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ദൃശ്യങ്ങള്‍ വാട്സ്ആപ്പില്‍ പ്രചരിപ്പിച്ചു. ഇതില്‍ മനം നൊന്തായിരുന്നു യുവാവ് ആത്മഹത്യ ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.