കൊള്ളാം; ഇത് നല്ല കുതിപ്പ്

Wednesday 10 July 2019 4:18 am IST

നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാമൂഴത്തിലെ കന്നിബജറ്റ് ആത്മവിശ്വാസത്തോടെയാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചത്. ഒരു തുടക്കക്കാരിയുടെ പരിഭ്രമമില്ലാതെ സന്ദര്‍ഭോചിതമായി സംസ്‌കൃത ശ്ലോകങ്ങളും തമിഴ് ഈരടികളും, ഉറുദു കവിതകളും ഇടകലര്‍ത്തി, മണ്‍മറഞ്ഞ പൂര്‍വ്വസൂരികള്‍ക്ക് അടിക്കുറിപ്പോടെയുമായിരുന്നു അവതരണം. വര്‍ഷങ്ങള്‍ക്കുശേഷം പാര്‍ലമെന്റില്‍ സ്ത്രീ ശബ്ദത്തില്‍ ഒരു ബജറ്റ് എന്നതും നിര്‍മലാ സീതാരാമന്റെ ആദ്യ ബജറ്റ് എന്നതും ശ്രദ്ധപിടിച്ചുപറ്റി. നാളേയ്ക്കുള്ള ശുഭപ്രതീക്ഷ മാത്രമല്ല ലോകരാജ്യങ്ങളും ആഗോളവിപണിയും നമ്മുടെ സമ്പദ്ഘടനയില്‍ വരുത്തിയേക്കാവുന്ന ഏറ്റക്കുറിച്ചലിനെക്കുറിച്ചുള്ള സമഗ്ര വീക്ഷണവും അതിലുണ്ടായിരുന്നു. 

പരമ്പരാഗതമായ ബജറ്റ് അവതരണശൈലിയില്‍നിന്നും വ്യതിചലിച്ചാണ് പുതിയ ബജറ്റ് അവതരണം നടന്നത്. സോഷ്യല്‍ സെക്യൂരിറ്റിയും അസംഘടിത മേഖലയ്ക്കുള്ള മുന്‍കരുതല്‍, റൂറല്‍ ഇന്ത്യയ്ക്കുള്ള മുന്തിയ പരിഗണനയും കാര്‍ഷിക അനുബന്ധ മേഖലയിലെ സമഗ്രദീര്‍ഘവീക്ഷണവും ജനോപകാരപ്രദമായ മുന്‍ബജറ്റിലെ പദ്ധതികളുടെ പുനരാവിഷ്‌കരണവും സ്ത്രീശാക്തീകരണത്തിന് മുദ്രാലോണില്‍ ഉള്‍പ്പെടുത്തി ഒരുലക്ഷം രൂപയുടെ വായ്പാപദ്ധതി ഭാരതമാകെ വ്യാപിപ്പിച്ചതും ശരാശരി ആള്‍ക്കാരുടെ ജീവിതം എളുപ്പമാക്കുകയെന്ന ലക്ഷ്യപൂര്‍ത്തീകരണത്തിന് ഉതകുന്നതാണ്. വികസനത്തിന് അനന്തമായ സാധ്യതകള്‍ തുറന്നിട്ടുകൊണ്ടും ദീര്‍ഘവീക്ഷണത്തോട് കൂടിയതുമാണ് കന്നി ബജറ്റ് എന്നും നിക്ഷ്പക്ഷമതികളായ സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ കഴിഞ്ഞ 5 വര്‍ഷത്തെ പ്രവര്‍ത്തന വിലയിരുത്തല്‍ പ്രതീക്ഷ ഉണര്‍ത്തുന്നതാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തിന് നാളിതുവരെ സ്വപ്‌നം കാണാന്‍ കഴിയാത്ത വളര്‍ച്ചാനിരക്ക് നേടി രാജ്യം കുതിക്കുമ്പോള്‍ താങ്ങും തണലുമായി സഫലീകരിക്കപ്പെടാവുന്ന വന്‍പദ്ധതികളുമായിട്ടാണ് നിര്‍മലാ സീതാരാമന്റെ ബജറ്റ്. മുന്‍ ബജറ്റ് വാഗ്ദാനങ്ങളില്‍ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പം ഉയര്‍ന്ന് അക്കമിട്ട് എണ്ണി പരാതി രഹിതമായും സമയ ബന്ധിതമായും പദ്ധതികള്‍ പൂര്‍ത്തീകരിച്ചുവരുന്നു എന്നതാണ് ഈ ടീം ഇന്ത്യയുടെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട്. 

ബജറ്റ് അവതരണമല്ല, അത് നടപ്പാക്കലാണ് പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നമുക്ക് കാണിച്ചുതരുന്നു. ഒരുലക്ഷം രൂപയുടെ റോഡ് പണിതാല്‍ ഒന്നരലക്ഷം രൂപയുടെ പരസ്യം നല്‍കുന്ന കേരളരാഷ്ട്രീയമല്ല മോദിജിയുടെതെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. കഴിഞ്ഞ മന്ത്രിസഭയുടെ അവസാനത്തേതും മോദിസര്‍ക്കാരിന്റെ അഞ്ചാമത്തേതുമായി, അരുണ്‍ ജെയ്റ്റിലിക്ക് പകരക്കാരനായി പീയുഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ പറഞ്ഞ കിസാന്‍ സമ്മാന്‍ നിധിയിലൂടെ പന്ത്രണ്ട്‌കോടി കര്‍ഷകര്‍ക്കാണ് പ്രതിവര്‍ഷം ആറായിരംരൂപ നല്‍കാന്‍ തീരുമാനിച്ചത്. പദ്ധതിപ്രഖ്യാപനത്തിന്റെ ആറുമാസത്തിനുള്ളില്‍ രണ്ടുഗെഡു തുക (4000) ഭൂരിപക്ഷം കര്‍ഷകരുടെയും അക്കൗണ്ടില്‍ എത്തിക്കഴിഞ്ഞു. ഗവണ്‍മെന്റ് സംവിധാനങ്ങളെ എണ്ണയിട്ട യന്ത്രംപോലെ ചലിപ്പിക്കാമെന്നതും ഇതിലൂടെ നാം മനസ്സിലാക്കി. കൃഷിവിദഗ്ധരുടെ പ്രശംസ പിടിച്ചുപറ്റാനും ഇടത്തരം കര്‍ഷകര്‍ക്ക് ആശ്വാസം പകരാനും ഇതിലൂടെ മോദിസര്‍ക്കാരിന് സാധിച്ചു. സമ്പദ്ഘടനയുടെ പുനര്‍ജ്ജീവനം സാധ്യമാക്കാന്‍ നികുതി സാധ്യതകളുടെ ഉള്ളറിഞ്ഞ് പഴുതുകളടച്ച് ആധുനികസാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി വന്‍കിട നികുതിദായകരെ നിയമവിധേയരാക്കാനും നികുതിവെട്ടിപ്പ് കുറയ്ക്കാനും മോദിസര്‍ക്കാരിനായിട്ടുണ്ട്. സമസ്ത മേഖലയിലും സസൂക്ഷ്മം നിരീക്ഷണംനടത്തി പ്രസംഗത്തിനോടൊപ്പം പ്രവര്‍ത്തനപാടവത്തോടെ ഭാരതത്തെ മുന്നോട്ടുനയിക്കുകയാണ് മോദിജി. ശുചിത്വഭാരതത്തില്‍നിന്നും എല്ലാ അര്‍ത്ഥത്തിലും ആരോഗ്യമുള്ള സുന്ദരഭാരതത്തിലേക്കാണ് നമ്മുടെ യാത്രയെന്ന് അഭിമാനപൂര്‍വ്വം ഓര്‍ക്കാം. 'സബ് കാ സാത്ത്, സബ് കാ വികാസ്' എന്നത് സ്വപ്‌നമല്ല യാഥാര്‍ത്ഥ്യമാണെന്ന് ജനത തിരിച്ചറിയുന്നു. സര്‍വ്വസ്പര്‍ശിയും നവഭാരതനിര്‍മ്മിതിക്ക് ആവശ്യമായ എല്ലാ നിര്‍മ്മാണ സമാഹരണവുമായിട്ടാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ചുവടുവെയ്പ്.

സംശുദ്ധമായ ലക്ഷ്യബോധമുള്ളവരെ പിന്‍വാതില്‍ നിലവിളികൊണ്ട് പിന്തിരിപ്പിക്കാന്‍ ആവില്ലെന്ന് കാലം തെളിയിച്ചിട്ടുണ്ട്. ശൂന്യതയില്‍നിന്ന് ഒരു മഹാസാമ്രാജ്യം കെട്ടിപ്പടുത്ത ഛത്രപതി ശിവജിയുടെ നാടാണിത്. മാനവവിഭവശേഷിയില്‍ നാം മുന്‍പന്തിയില്‍ നില്‍ക്കുന്നു. കര്‍മ്മകുശലതയോടെ കാര്യങ്ങള്‍ അപഗ്രഥിച്ച് നൈപുണ്യത്തോടെ സമയബന്ധിതമായി പദ്ധതികള്‍ നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമായ നേതൃത്വവും സേവന തല്‍പ്പരരായ മന്ത്രിമാരും ഉള്ളപ്പോള്‍ ഇന്ത്യ സ്റ്റാര്‍ട്ട് അപ്പിലും, സ്റ്റാന്റ് അപ്പിലും ലോകനെറുകയിലേക്ക് കുതിച്ചുകൊണ്ടിരിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.