'ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി, രാജ്യസുരക്ഷയില്‍ പ്രതിരോധത്തില്‍നിന്നും ആക്രമണത്തിലേക്ക് നയംമാറ്റി; യുഎപിഎ ഭേദഗതി, എന്‍ഐഎ ബില്ലുകള്‍ പാസാക്കി; മുത്തലാഖ് ബില്ല് രണ്ടുസഭയും കടത്തി'; അസാധ്യമെന്ന വാക്ക് അട്ടിമറിച്ച മോദി സര്‍ക്കാരിന്റെ 100 ദിനങ്ങള്‍

Sunday 8 September 2019 4:40 pm IST

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം നടന്നുകൊണ്ടിരിക്കെയാണ്, അടുത്ത സര്‍ക്കാരിന്റെ ആദ്യ നൂറ് ദിവസങ്ങളിലെ കര്‍മ്മപദ്ധതി തയാറാക്കാന്‍ വിവിധ വകുപ്പ് മേധാവികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കിയത്. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നില്ല. അതിനാല്‍ രണ്ടാം മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തന പദ്ധതികള്‍ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ആസൂത്രണം ചെയ്തു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുള്‍പ്പെടെ ഇന്ത്യന്‍ രാഷ്ട്രീയം അസാധ്യമെന്ന് കരുതിയ കരുത്തുറ്റ തീരുമാനങ്ങള്‍ നൂറ് ദിവസം പിന്നിടുമ്പോള്‍ രണ്ടാം മോദി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കി. 

പുല്‍വാമയിലെ ഭീകരാക്രമണത്തിന് പ്രതികാരമായി ബാലാകോട്ടിലെ ഭീകര ക്യാമ്പുകള്‍ ചുട്ടെരിച്ചതിന് പിന്നാലെയാണ് രണ്ടാമതും പ്രധാനമന്ത്രിയായി മോദി അധികാരമേറ്റത്. ആദ്യ സര്‍ക്കാര്‍ നിര്‍ത്തിയിടത്തുനിന്നും തുടങ്ങുകയായിരുന്നു അദ്ദേഹം. ഒരൊറ്റ ജനതയെന്ന മന്ത്രമുയര്‍ത്തിയാണ് ജമ്മു കശ്മീരിനുള്ള പ്രത്യേക അധികാരങ്ങള്‍ ഇല്ലാതാക്കി പതിറ്റാണ്ടുകള്‍ക്ക് ശേഷം നെഹ്‌റുവിന്റെ അബദ്ധം സര്‍ക്കാര്‍ തിരുത്തിയത്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും വിഘടനവാദികള്‍ക്കും മുതലെടുപ്പിനുള്ള ഒരവസരവും നല്‍കാതെ ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിന് തിരശ്ശീല വീഴ്ത്തി. ഇടത്, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ അപസ്വരമൊഴിച്ചാല്‍ അന്താരാഷ്ട്രതലത്തിലുള്‍പ്പെടെ പാക്കിസ്ഥാന്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. ഇപ്പോള്‍ പാക് അധിനിവേശ കശ്മീര്‍ നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് അവര്‍. രാജ്യസുരക്ഷയില്‍ പ്രതിരോധത്തില്‍നിന്നും ആക്രമണത്തിലേക്ക് സര്‍ക്കാരിന്റെ നയം മാറി. 

രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതിരുന്നിട്ടും പ്രതിപക്ഷ സമവാക്യങ്ങള്‍ മറികടന്ന് തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ അസാമാന്യ രാഷ്ട്രീയ തന്ത്രജ്ഞതയാണ് സര്‍ക്കാര്‍ പ്രകടിപ്പിച്ചത്. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ അമിത് ഷാ നടത്തിയ ചടുലമായ നീക്കങ്ങളും സഹായകമായി. യുഎപിഎ ഭേദഗതി ബില്‍, എന്‍ഐഎ ബില്‍, കശ്മീര്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷ നിരയില്‍നിന്ന് അപ്രതീക്ഷിത പിന്തുണ സര്‍ക്കാരിന് ലഭിച്ചു. രണ്ട് തവണ രാജ്യസഭയില്‍ പരാജയപ്പെട്ട മുത്തലാഖ് ബില്‍ പാസാക്കി. 1952ന് ശേഷം ഏറ്റവും പ്രവര്‍ത്തനക്ഷമത കാഴ്ചവച്ച പാര്‍ലമെന്റ് സമ്മേളനത്തിനാണ് ഇത്തവണ രാജ്യം സാക്ഷ്യം വഹിച്ചത്. 

നിരവധി ജനക്ഷേമ പദ്ധതികളും ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ രാജ്യത്തെ മുഴുവന്‍ കര്‍ഷകരെയും ഉള്‍പ്പെടുത്തി. കര്‍ഷകര്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിന് 10,774 കോടി രൂപ അനുവദിച്ചു. ജിഎസ്ടിയില്‍ ഉള്‍പ്പെടാത്ത വ്യാപാരികള്‍ക്ക് പെന്‍ഷന്‍ പദ്ധതി ആരംഭിച്ചു. വരള്‍ച്ചാപ്രശ്‌നം പരിഹരിക്കുന്നതിനായി പ്രത്യേക ജല മന്ത്രാലയം രൂപീകരിച്ചു. 75 മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുന്നതിന് അനുമതി നല്‍കി. സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു. ബാങ്കുകള്‍ ലയിപ്പിച്ചു. നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന് ഏഴ് വിദേശരാജ്യങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കുകയാണ് ഈ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് മോദി വ്യക്തമാക്കി. 

ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നേറുമ്പോള്‍ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ പ്രതിപക്ഷ പാര്‍ട്ടികള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു. രാഹുല്‍ രാജിവച്ചതിന് പിന്നാലെ അഴിമതിക്കേസില്‍ പി. ചിദംബരവും ഡി.കെ. ശിവകുമാറും അഴിക്കുള്ളിലായത് കോണ്‍ഗ്രസിനെ തളര്‍ത്തി. സോണിയയും രാഹുലും റോബര്‍ട്ട് വാദ്രയും അഴിമതിയില്‍ അന്വേഷണം നേരിടുന്നത് പാര്‍ട്ടിയുടെ ഉറക്കം കെടുത്തുന്നു. നേതൃതലത്തിലെ ഭിന്നതകള്‍ പരിഹരിക്കപ്പെടാതെ നീളുകയാണ്. മോദിക്കെതിരായ വ്യാജ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ പരസ്യമായി രംഗത്തെത്തുന്ന സാഹചര്യമുണ്ടായി. നയമോ നേതൃത്വമോ ഇല്ലാതെ ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് പരിഹാസ്യമാവുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.