കോര്‍പ്പറേറ്റ് നികുതി കുറച്ച തീരുമാനം ചരിത്രപരം; രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അഞ്ച് ട്രില്ല്യണാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി, 130 കോടി ജനങ്ങള്‍ക്ക് തൊഴിലവസരം നല്‍കും

Friday 20 September 2019 4:01 pm IST

ന്യൂദല്‍ഹി : കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് വരുത്തിക്കൊണ്ടുള്ള ധനമന്ത്രാലയത്തിന്റെ പ്രഖ്യാപനം ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവിലെ ആഭ്യന്തര കമ്പനികള്‍ക്കും പുതിയ പ്രാദേശിക മാനുഫാക്ചറിങ് കമ്പനികള്‍ക്കുമാണ് ഈ പ്രഖ്യാപനം കൊണ്ട് ഗുണം ലഭിച്ചിരിക്കുന്നത്. 

സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും അവസരങ്ങള്‍ മെച്ചപ്പെടുത്താനും രാജ്യത്തെ അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കി ഉയര്‍ത്താനും ഉദ്ദേശിച്ചുള്ളതാണ് ഈ പ്രഖ്യാപനമെന്നും മോദി ട്വിറ്ററിലൂടെ അറിയിച്ചു. മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ ഉത്തേജിപ്പിക്കുന്നതാണ് പുതിയ തീരുമാനം. ഇതിലൂടെ ആഗോള തലത്തില്‍ രാജ്യത്തേക്ക് സ്വകാര്യ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കപ്പെടും. നമ്മുടെ സ്വകാര്യമേഖലയുടെ മത്സരക്ഷമത ശക്തിപ്പെടുത്തും. 

രാജ്യത്തെ 130 കോടിയോളം വരുന്ന ജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുകയും ചെയ്യും. രാജ്യത്ത് വ്യവസായം നടത്തുന്നതിനുള്ള മികച്ച കേന്ദ്രമാക്കി മാറ്റുന്നതിന് തന്റെ സര്‍ക്കാര്‍ ഒരവസരവും പാഴാക്കുന്നില്ല എന്നാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

നേരത്തെ 30 ശതമാനമായിരുന്ന കോര്‍പ്പറേറ്റ് നികുതിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ കുറച്ചിരിക്കുന്നത്. ഇതനുസരിച്ച് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ സ്വീകരിക്കാത്ത ആഭ്യന്തര കമ്പനികളും പ്രാദേശിക മാനുഫാക്ചറിങ് കമ്പനികളും ഇനി സെസ്സും എല്ലാ സര്‍ചാര്‍ജുകളും ഉള്‍പ്പെടെ 25.17 ശതമാനം നികുതി അടച്ചാല്‍ മതിയാകും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്ന കമ്പനികള്‍ക്ക് മിനിമം ഓള്‍ട്ടര്‍നേറ്റ് ടാക്‌സ് 18 ശതമാനത്തില്‍നിന്ന് 15 ശതമാനമാക്കി കുറച്ചിട്ടുമുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.