ജെയ്റ്റ്‌ലിയുടെ വിയോഗത്തില്‍ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്രമോദി; 'നഷ്ടമായത് ഏറ്റവും അടുത്ത സുഹൃത്തിനെ, വിഷമം സഹിക്കാനുള്ള ശക്തി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് ലഭിക്കട്ടെ'

Sunday 25 August 2019 10:17 am IST

മനാമ: മുന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ വിയോഗത്തിലൂടെ ഏറ്റവും അടുത്ത സുഹൃത്തിനെ നഷ്ടപ്പെട്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദേശ പര്യടനത്തിനിടെ ബഹ്‌റിനിലെ പ്രവാസി ഇന്ത്യാക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. അരുണ്‍ ജെയ്റ്റ്‌ലി വിയോഗത്തില്‍ വികാരാധീനനായാണ് മോദി പ്രസംഗിച്ചത്.

ജെയ്റ്റ്‌ലിയുടെ മരണത്തിന്റെ വേദനയിലാണ് താനെന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ബഹ്‌റിന്‍ പ്രസംഗം തുടങ്ങിയത്. എന്റെ സുഹൃത്ത് അരുണ്‍ നമ്മളെ വിട്ടു പോയപ്പോള്‍ ഞാന്‍ ഇത്രയും അകലെയാണെന്ന് വിശ്വസിക്കാന്‍ ആകുന്നില്ലെന്ന് മോദി പറഞ്ഞു. വളരെയധികം വിഷമത്തോടെയും സങ്കടം അടക്കിപ്പിടിച്ചുമാണ് ഇവിടെ നില്‍ക്കുന്നത്. വിഷമം സഹിക്കാനുള്ള ശക്തി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് കിട്ടാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും മോദി പറഞ്ഞു.

ബഹ്‌റിനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണമാണ് ഭരണകൂടം നല്‍കിയത്. ഇന്ത്യ വലിയ മാറ്റങ്ങളുടെ പാതയിലാണെന്ന് നാഷണല്‍ സ്റ്റേഡിയത്തിലെത്തിയ ബഹ്‌റിനിലെ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധനചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിന്റെ വിവിധയിടങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാവുന്ന കാര്യങ്ങളാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി സര്‍ക്കാര്‍ ചെയ്തുവരുന്നത്. നൂറ്റിമുപ്പതുകോടി ജനങ്ങളുടെ പിന്തുണയാണ് സര്‍ക്കാരിനുള്ളതെന്നും മോദി വ്യക്തമാക്കി.

ജെയ്റ്റ്‌ലിയുടെ മരണ വാര്‍ത്തയറിഞ്ഞ് പ്രധാനമന്ത്രി വിദേശ സന്ദര്‍ശംം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ വിദേശ പര്യടനം തുടരണമെന്ന ജെയ്റ്റ്‌ലിയുടെ കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. രണ്ടു ദിവസത്തെ ബഹ്‌റിന്‍ സന്ദര്‍ശനത്തിനു ശേഷം ഉച്ചകോടിയില്‍ പങ്കെടുക്കാനായി മോദി ഫ്രാന്‍സിലേക്ക് തിരിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.