പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ നിര്‍ഭാഗ്യകരം; ഭിന്നിപ്പിനും അസ്വസ്ഥതകള്‍ക്കുമുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി

Monday 16 December 2019 3:52 pm IST
സമാധാനവും ഐക്യവും സാഹോദര്യവും നിലനിര്‍ത്തേണ്ട സമയമാണിത്. വ്യാജപ്രചാരണങ്ങളില്‍ നിന്നും കിവംദന്തികളില്‍ നിന്നും ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ന്യൂദല്‍ഹി: പൗരത്വ നിയമത്തിനെതിരെ നടക്കുന്ന അക്രമാസക്തമായ പ്രതിഷേധങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും ഭിന്നിപ്പുണ്ടാക്കാനും അസ്വസ്ഥതകള്‍ സൃഷ്ടിക്കാനും നടത്തുന്ന ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റില്‍ പാസാക്കിയത് വലിയ പിന്തുണയോടെയാണ്. സാഹോദര്യം, സഹവര്‍ത്തിത്വം, സഹാനുഭൂതി തുടങ്ങി ഇന്ത്യയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സംസ്‌കാരത്തെയാണ് ഇത്തരമൊരു നിയമം വരച്ചു കാട്ടുന്നത്. ഏത് മതത്തില്‍ പെട്ട ഇന്ത്യന്‍ പൗരനെയും പൗരത്വ ഭേദഗതി നിയമം ബാധിക്കില്ലെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. ഇന്ത്യന്‍ പൗരന്മാര്‍ ഒരിക്കലും ഈ നിയമത്തെ ഭയപ്പെടേണ്ടതില്ല. വര്‍ഷങ്ങളോളം പീഡനം നേരിട്ടവര്‍ക്കും ഇന്ത്യയല്ലാതെ മറ്റൊരിടത്തേക്ക് പോകാന്‍ കഴിയാത്തവര്‍ക്കുമായാണ് ഈ നിയമമെന്നും അദ്ദേഹം വ്യക്തമാക്കി.

സമാധാനവും ഐക്യവും സാഹോദര്യവും നിലനിര്‍ത്തേണ്ട സമയമാണിത്. വ്യാജപ്രചാരണങ്ങളില്‍ നിന്നും കിവംദന്തികളില്‍ നിന്നും ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചര്‍ച്ചകളും സംവാദങ്ങളും എതിര്‍പ്പുകളുമെല്ലാം ജനാധിപത്യത്തിന്റെ അനിവാര്യ ഘടകങ്ങളാണ്. എന്നാല്‍ പൊതുമുതല്‍ നശിപ്പിക്കുകയും മറ്റുള്ളവരുടെ ജീവിതത്തിന് തടസമുണ്ടാക്കുകയും ചെയ്യാന്‍ പാടില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയുടെ വികസനത്തിനും ഓരോ ഇന്ത്യക്കാരുടെയും പ്രത്യേകിച്ച് താഴേക്കിടയിലുള്ളതും പാവപ്പെട്ടവരും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമായ ജനങ്ങളുടെ ശാക്തീകരണത്തിനായി നാം ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കണമെന്നും മോദി പറഞ്ഞു. നമുക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനും അസ്വസ്ഥതകള്‍ സൃഷ്ടിക്കാനും നടത്തുന്ന ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.