പ്രളയ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങാകും; വാഗ്ദാനങ്ങളെല്ലാം പാലിക്കും; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ സഫലീകരിച്ചത് കശ്മീര്‍ ജനതയുടെ ഏറെക്കാലമായുള്ള ആഗ്രഹം, പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനമാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി

Thursday 15 August 2019 9:10 am IST

ന്യൂദല്‍ഹി : പ്രളയരക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സജ്ജീകരണങ്ങളും കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങള്‍ക്കായി സര്‍ക്കാര്‍ നല്‍കിയിട്ടുള്ള എല്ലാ വാഗ്ദാനങ്ങളും പാലിക്കും. ദാരിദ്രനിര്‍മാര്‍ജനവും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനവുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നംതെന്നും മോദി അറിയിച്ചു.

എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രളയത്തില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാര്‍ പ്രയാസപ്പെടുകയാണെന്ന ആശങ്ക പങ്കുവെച്ചാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. എത്രയും പെട്ടെന്ന് ഈ പ്രദേശങ്ങളെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ കശ്മീര്‍ ജനതയുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് സഫലീകരിച്ചത്. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എല്ലാവര്‍ക്കും ആരോഗ്യമെന്ന ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു.

മുത്തലാഖ് നിരോധിച്ചത് രാഷ്ട്രീയ തീരുമാനമായിരുന്നില്ലെന്നും ആ തീരുമാനം മുസ്ലിം സ്ത്രീകളുടെ ശാക്തീകരണത്തിന് സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുസ്ലിം സ്ത്രീകളുടെ ശാക്തീകരണത്തിനാണ് മുത്തലാഖ് നിരോധിച്ചത്. മുത്തലാഖ് നിരോധനത്തിലൂടെ മുസ്ലിം സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ നീതി നടപ്പാക്കി. മുസ്ലിം സഹോദരിമാര്‍ക്കും അമ്മമാര്‍ക്കും മേല്‍ തൂങ്ങി നിന്ന വാളായിരുന്നു മുത്തലാഖ്. അവരെ സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ അത് അനുവദിച്ചില്ല.

പല ഇസ്ലാമിക രാജ്യങ്ങളും ഇത് വളരെ മുമ്പ് നിരോധിച്ചിരുന്നു. എന്നാല്‍ എന്തു കൊണ്ടോ ഇന്ത്യയില്‍ അത് നടപ്പാക്കിയിരുന്നില്ല. സതി നടപ്പാക്കുന്നതിനെതിരെ ശബ്ദമുയര്‍ത്താന്‍ നമുക്കായെങ്കില്‍ മുത്തലാഖിനെതിരെയും അതിനാകണം. അംബേദ്കറുടെ ഭാവന ഉള്‍ക്കൊണ്ട് ജനാധിപത്യത്തിന്റെ പൊരുള്‍ ഉള്‍ക്കൊണ്ടാണ് സര്‍ക്കാര്‍ മുത്തലാഖ് നിരോധിച്ചതെന്ന് മോദി പറഞ്ഞു.

പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനമാണ് സര്‍ക്കാര്‍ ലക്ഷ്യം. അതേസമയം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതാണ് സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇന്ത്യന്‍ ജനതയാണ് 2019 തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

രാജ്യത്തെല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കുന്നതിനായി ജല്‍ ജീവന്‍ മിഷന്‍ നടപ്പാക്കും. ജനപിന്തുണയുണ്ടങ്കില്‍ മാത്രമേ സര്‍ക്കാര്‍ സംരഭങ്ങള്‍ വിജയിക്കൂ. ആളുകളുടെ മനോഭാവം മാറാതെ സാമൂഹിക പരിഷ്‌കരണം ലക്ഷ്യം കാണില്ല. അടിസ്ഥാന സൗകര്യ വികസനത്തിനായി നൂറ് ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇതോടൊപ്പം രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരേയും മോദി സ്മരിച്ചു.രാജ്യത്തിനായി വീരമൃത്യുവരിച്ച സൈനികരെ ഈ നിമിഷം ആദരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന സര്‍ക്കാരല്ലിത്. ഏഴുപതു വര്‍ഷമായി ചെയ്യാനാകാത്തത് 70 ദിവസത്തിനകം നടപ്പാക്കാന്‍ പുതിയ സര്‍ക്കാരിനായെന്നും അദ്ദേഹം പറഞ്ഞു. ലഡാക്കിലെയും ജമ്മു കശ്മീരിലെയും ജനങ്ങളുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. 130 കോടി ജനങ്ങളും അതിനൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കുടിവെള്ളമില്ലാത്ത നിരവധി വീടുകള്‍ രാജ്യത്തുണ്ട്. ഇവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി ജല്‍ ജീവന്‍ മിഷന്‍ നടപ്പാക്കും. ഇതിനായി 3.5 ലക്ഷം കോടി രൂപ വകയിരുത്തും. എല്ലാവര്‍ക്കും കുടിവെള്ളം എന്ന ലക്ഷ്യത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കും. ജല്‍ ജീവന്‍ മിഷന്‍ ഒരു സര്‍ക്കാര്‍ പദ്ധതി മാത്രമാവില്ല. സ്വച്ഛതാ മിഷന്‍ എന്ന ദൗത്യത്തിലേതു പോലെ ഇത് ജനപങ്കാളിത്തം ഉറപ്പാക്കുന്ന ദൗത്യമാക്കാനാണ് ലക്ഷ്യമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

രാജ്ഘട്ടില്‍ മഹാത്മഗാന്ധിയുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. വിവിധ സേനകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷമായിരുന്നു ചെങ്കോട്ടയില്‍ അദ്ദേഹം പതാകയുയര്‍ത്തിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.