40 വര്‍ഷത്തിന് ശേഷം കാഞ്ചീപുരത്ത് അവതരിച്ച അത്തിവരദരെ ദര്‍ശിച്ച് ആര്‍എസ്എസ് സര്‍സംഘചാലക്; തുളസിക്കതിര്‍ അര്‍പ്പിച്ച് അനുഗ്രഹം തേടി മോഹന്‍ ഭഗവത്

Saturday 27 July 2019 2:25 pm IST

കാഞ്ചീപുരം: 40 വര്‍ഷത്തിന് ശേഷം അവതരിച്ച അത്തിവരദ പെരുമാളിനെക്കാണാന്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് എത്തി. പ്രാദേശിക ആര്‍എസ്എസ് നേതാക്കള്‍ക്കൊപ്പമാണ് സര്‍സംഘചാലക് വരദരാജപെരുമാള്‍ ക്ഷേത്രത്തിലെത്തിയത്. 20 മിനിറ്റോളം ചെലവഴിച്ച സര്‍സംഘചാലക് തുളസിക്കതിര്‍ അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. കനത്ത സുരക്ഷയിലെത്തിയ അദ്ദേഹത്തെ പ്രവേശന കവാടത്തില്‍ പൂജാരിമാര്‍ സ്വീകരിച്ച് ക്ഷേത്രത്തിന്റെ പാരമ്പര്യത്തെക്കുറിച്ച് വിശദീകരിച്ചു നല്‍കി. അത്തിവരദ പെരുമാളിനെക്കാണാന്‍ വേണ്ടി മാത്രമാണ് മോഹന്‍ ഭഗവത് കാഞ്ചീപുരത്തെത്തിയത്.

40 വര്‍ഷത്തിലൊരിക്കലാണ് അത്തിവരദര്‍ പെരുമാള്‍ ദര്‍ശനത്തിനായി അവസരം ലഭിക്കുക. വെള്ളിപേടകത്തിലാക്കി ക്ഷേത്രക്കുളത്തിലെ വെള്ളത്തിനടിയില്‍ സൂക്ഷിക്കുന്ന വിഗ്രഹം 40 വര്‍ഷത്തെ ഇടവേളകളിലാണ് പുറത്തെടുക്കുകയും ദര്‍ശനം അനുവദിക്കുകയും ചെയ്യുന്നത്. ജൂലായ് ഒന്നിനാണ് വെള്ളത്തിനടയില്‍ നിന്നും വിഗ്രഹം പുറത്തെത്തിച്ചത്. 48 ദിവസം നീണ്ടു നില്‍ക്കുന്ന ദര്‍ശന ഉത്സവമാണ് നടക്കുന്നത്. ഭാരതത്തിലെ പ്രശസ്തമായ വിഷ്ണു ക്ഷേത്രങ്ങളിലൊന്നാണ് അത്തിവരദര്‍ എന്നു വിളിക്കുന്ന കാഞ്ചീപുരത്തെ വദരരാജപെരുമാള്‍ ക്ഷേത്രം. ക്ഷേത്ര ഐതിഹ്യപ്രകാരം അത്തിമരത്തില്‍ കൊത്തിയ 12 അടിയുള്ള വരദരാജ പെരുമാളായിരുന്നു (മഹാവിഷ്ണു) പ്രതിഷ്ഠ. 1600കളില്‍ ഉണ്ടായ വൈദേശിക ആക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കാനായി വെള്ളി പേടകത്തിലാക്കി വിഗ്രഹം ക്ഷേത്രക്കുളത്തില്‍ താഴ്ത്തുകയായിരുന്നു.

പിന്നീട് ഈ വിഗ്രഹം കണ്ടെടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ക്ഷേത്രത്തില്‍ കല്‍വിഗ്രഹം പ്രതിഷ്ഠിക്കുകയും പൂജകള്‍ നടത്തുകയുമായിരുന്നു. 40 വര്‍ഷത്തിന് ശേഷം 1709-ല്‍ ക്ഷേത്രക്കുളം വറ്റിച്ചപ്പോളാണ് യഥാര്‍ഥ വിഗ്രഹം ചതുപ്പില്‍ നിന്നും ലഭിച്ചത്. ഇതിന്റെ ഭാഗമായാണ് 40 വര്‍ഷത്തില്‍ ഒരിക്കല്‍ വിഗ്രഹം കുളത്തില്‍ നിന്ന് പുറത്തെടുത്ത് ഉത്സവം നടത്തുന്നത്. കുളത്തിലെ വെള്ളം സമീപത്തുള്ള കുളത്തിലേക്ക് മാറ്റിയ ശേഷമാണ് വിഗ്രഹം പുറത്തെടുക്കുന്നത്. ഉത്സവത്തിന് ശേഷം വിഗ്രഹം വീണ്ടും കുളത്തില്‍ താഴ്ത്തുമ്പോള്‍ വെള്ളം തിരിച്ചെത്തിക്കുകയുമാണ് ചെയ്യുന്നത്. 48 ദിവസം നീണ്ടുനില്‍ക്കുന്ന അത്തിവരദര്‍ ദര്‍ശനോത്സവത്തില്‍ ആദ്യ 40 ദിവസം ശയനരൂപത്തിലും ബാക്കി എട്ടു ദിവസം നില്‍ക്കുന്ന രൂപത്തിലുമുള്ള അത്തിവരദരെ ദര്‍ശിക്കാന്‍ സാധിക്കും.

ക്ഷേത്രക്കുളത്തിലുള്ള മണ്ഡപത്തിനു കീഴിലെ ചതുപ്പിലാണ് ഉത്സവശേഷം വിഗ്രഹം താഴ്ത്തുന്നത്. ഇതിനുമുമ്പ് 1979-ലായിരുന്നു അത്തിവരദരുടെ വിഗ്രഹം പുറത്തെടുത്തത്. വിദേശികളുള്‍പ്പടെ ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്. തമിഴ്‌നാട്ടിലെ എല്ലാ പ്രധാനപെട്ട ജില്ലകളില്‍ നിന്നും പ്രത്യേക ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഗസ്റ്റ് 17 വരെയാണ് ദര്‍ശനോത്സവം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.