ദേശീയ രാഷ്ട്രീയത്തിലെ അമ്മമനസ്സ്

Thursday 8 August 2019 10:25 am IST

സുഷമ സ്വരാജിന് ഇന്നലെ രാജ്യം അന്ത്യാഞ്ജലി നല്‍കി. ജനകീയ നിലപാടുകളിലൂടെ ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച ദേശീയ രാഷ്ട്രീയത്തിലെ അമ്മമനസ്സായിരുന്നു സുഷമ സ്വരാജ്. ബിജെപിയുടെ തലമുതിര്‍ന്ന നേതാവ് എന്നതിലുപരി സര്‍വ സ്വീകാരി ഭരണവക്താവ് എന്ന നിലയില്‍ എല്ലാവരുടെയും സ്‌നേഹഭാജനമായിരുന്നു സുഷമ സ്വരാജ്. ഏറെ നാളായി ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ബുദ്ധിമുട്ടിയിരുന്ന സുഷമ അതൊന്നും പുറത്തറിയിക്കാതെ തന്നിലേല്‍പ്പിച്ചിരുന്ന ഉത്തരവാദിത്തങ്ങളെല്ലാം നിറവേറ്റുകയായിരുന്നു.

ഇരുപത്തിയഞ്ചാം വയസ്സില്‍ ഹരിയാനയില്‍ മന്ത്രിയായി തുടങ്ങിയ സുഷമയുടെ രാഷ്ട്രീയ ജീവിതം അവസാന ശ്വാസംവരെ ആദര്‍ശാധിഷ്ഠിതമായിരുന്നു. ജനതാപാര്‍ട്ടിയില്‍നിന്നും ജനസംഘവിഭാഗവും പിരിഞ്ഞ് ബിജെപി രൂപീകരിച്ചതുമുതല്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സുഷമയുണ്ടായി. 1990ല്‍ രാജ്യസഭാംഗമായി എത്തിയതുമുതല്‍ ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധേയതാരമായി സുഷമ മാറി. ബിജെപിയുടെ ഔദ്യോഗിക വക്താവായിമാറിയ സുഷമ രാജ്യത്ത് ദേശീയ പാര്‍ട്ടിയുടെ ആദ്യത്തെ വനിതാ വക്താവായി. മൂന്ന് തവണ രാജ്യസഭയിലേക്കും നാല് തവണ ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സുഷമ രാജ്യസഭയില്‍ പ്രതിപക്ഷ കക്ഷിനേതാവായി ചുമതല വഹിച്ചിട്ടുണ്ട്. 

ഇടക്കാലത്ത് ദല്‍ഹിയിലെ മുഖ്യമന്ത്രിയായി നിയമിക്കപ്പെട്ട സുഷമ ആ പദവി വഹിക്കുന്ന ആദ്യ വനിതയുമാണ്. പാര്‍ട്ടി പരിപാടികളിലും പ്രചരണങ്ങളിലും ജനമനസ്സറിഞ്ഞ് പ്രസംഗിക്കുകയും പെരുമാറുകയും ചെയ്തിട്ടുള്ള സുഷമ എന്നും സര്‍വസ്വീകാര്യയായിരുന്നു. ബിജെപി നേതാക്കള്‍ക്കെതിരെ പ്രതിപക്ഷ കക്ഷികളും നേതാക്കളും സ്ഥാനത്തും അസ്ഥാനത്തും ആരോപണങ്ങള്‍ ഉന്നയിക്കുമ്പോളും സുഷമയെ ഒഴിവാക്കിയിരുന്നു. എന്നാല്‍, തന്റെ രാഷ്ട്രീയ നിലപാടില്‍ ഒരിക്കലും വെള്ളം ചേര്‍ക്കാന്‍ സുഷമ തയാറായിരുന്നില്ല.  വേര്‍പാടിനു മുമ്പും അവരുടെ ട്വീറ്റ് കശ്മീരിലെ 370-ാം വകുപ്പ് എടുത്തുകളഞ്ഞതിനെക്കുറിച്ചായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും സന്തോഷിക്കുന്ന കാര്യമായിട്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടിയെ സുഷമ വിലയിരുത്തിയത്. ജനകോടികളുടെ പ്രചോദനമായിരുന്ന സുഷമ വിയോഗത്തോടെ അവസാനിക്കുന്നത് രാഷ്ട്രീയത്തിലെ തിളക്കമാര്‍ന്ന അധ്യായം കൂടിയാണ്. 

കേന്ദ്രമന്ത്രിയെന്ന നിരയില്‍ ലഭിച്ച ചുമതലകളെല്ലാം കാര്യക്ഷമതയോടെ നിര്‍വഹിച്ച മന്ത്രി എന്നനിലയിലായിരിക്കും പൊതുസമൂഹം സുഷമയെ വിലയിരുത്തുക. അവസാനമായി വഹിച്ചത് കഴിഞ്ഞ മോദി സര്‍ക്കാരില്‍ വിദേശകാര്യവകുപ്പായിരുന്നു. വിദേശകാര്യവകുപ്പിലെ തിളക്കമാര്‍ന്ന ഏടായിരുന്നു സുഷമസ്വരാജിന്റെയുടെ കീഴിലുള്ള അഞ്ച് വര്‍ഷം. അന്താരാഷ്ട്രതലത്തില്‍ മികച്ച ബന്ധങ്ങള്‍ സൃഷ്ടിച്ച് വിദേശകാര്യവകുപ്പ് മുന്നോട്ടുപോയപ്പോള്‍ പ്രവാസികളുടെ മൊത്തം അമ്മയായി മാറാന്‍ അവര്‍ക്കായി. ഗള്‍ഫിലെ ലേബര്‍ ക്യാമ്പുകളിലും വിദൂര രാജ്യങ്ങളിലെ ആശുപത്രികളിലുമൊക്കെ ജോലിചെയ്യുന്ന ഭാരതീയര്‍ക്കൊപ്പം ഒരു രാജ്യമുണ്ട് എന്ന തോന്നല്‍ സൃഷ്ടിക്കാനായത് സുഷമ സ്വരാജിന്റെ സൗമ്യസാന്നിധ്യമാണ്. യുദ്ധഭൂമിയില്‍ അകപ്പെട്ടവരെയും അപകടത്തില്‍പ്പെട്ടവരെയും വഞ്ചനയ്ക്കിരയായവരെയുമൊക്കെ രക്ഷിച്ച് നാട്ടിലെത്തിക്കാന്‍ സുഷമയും വിദേശ മന്ത്രാലയവും ഉറക്കമിളച്ചത് ലോകംകണ്ടു. ആരോഗ്യപ്രശ്‌നങ്ങളാല്‍ ഇത്തവണ മത്സര രംഗത്തുനിന്ന് സുഷമ ഒഴിഞ്ഞുനിന്നപ്പോള്‍ ഏറെ ദുഃഖിച്ചതും പ്രവാസികളാണ്. അതില്‍ രാഷ്ട്രീയഭേദമുണ്ടായിരുന്നില്ല. 

കേരളവും സുഷമ സ്വരാജിനെ ഏറെ സ്‌നേഹിച്ചിരുന്നു. ഹരിയാനമന്ത്രിയായിരുന്നപ്പോള്‍ ആദ്യമായി കേരളത്തിലെത്തിയ അവര്‍ പിന്നീട് പാര്‍ട്ടി പരിപാടികള്‍ക്കും മന്ത്രിയെന്ന നിലയിലും നിരവധി തവണ സംസ്ഥാനത്ത് വന്നിട്ടുണ്ട്. ഇതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് 2003ല്‍ കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്നപ്പോഴുള്ള വരവായിരുന്നു. അന്ന് കൊല്ലത്തെ രണ്ട് കുട്ടികളെ എയ്ഡ്‌സ് ബാധിച്ചുവെന്ന പേരില്‍ സമൂഹം അകറ്റിനിര്‍ത്തിയിരുന്നത് വലിയ വാര്‍ത്തയായ സമയമായിരുന്നു അത്. അന്നത്തെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ കുട്ടികളോട് അകലംപ്രാപിച്ചപ്പോള്‍ സുഷമ അവരെ വാരിപ്പുണര്‍ന്ന് ചുംബിച്ചത് ദേശീയ വാര്‍ത്തയായി. സ്‌നേഹത്തിന്റെ സാന്ത്വനസ്പര്‍ശത്താല്‍ കുട്ടികളുടെ നിഷ്‌കളങ്കമുഖത്ത് വിരിഞ്ഞ പുഞ്ചിരി ഇപ്പോഴും മലയാളിമനസ്സില്‍ മായാതെ കിടപ്പുണ്ട്. ഭാരതംകണ്ട ഏറ്റവും നല്ല വനിതാ രാഷ്ട്രീയനേതാവിലൊരാളെയാണ് നഷ്ടമായിരിക്കുന്നത്.  രാഷ്ട്രീയ പാര്‍ട്ടി എന്നനിലയില്‍ ബിജെപിക്കും പൊതുപ്രവര്‍ത്തകയെന്ന നിലയില്‍ രാജ്യത്തിനും ഏറെ സംഭാവനകള്‍ നല്‍കാനുണ്ടായിരുന്ന സുഷമയുടെ വിയോഗം അകാലമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.