മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പതിനായിരം, അമിത വേഗത്തിന് രണ്ടായിരം; കുട്ടികള്‍ വണ്ടിയോടിച്ച് അപകടം ഉണ്ടാക്കിയാല്‍ രക്ഷിതാക്കളെ അകത്താക്കും; മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍

Wednesday 26 June 2019 7:54 pm IST

ന്യൂദല്‍ഹി:  ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര മോട്ടോര്‍ വാഹന വകുപ്പ്. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തുന്ന ബില്ലിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി.

മദ്യപിച്ച് വാഹനം ഓടിച്ചാല്‍ ശിക്ഷ പതിനായിരം രൂപയാണ്. ആംബുലന്‍സ്, അഗ്‌നിശമന വാഹനങ്ങള്‍ തുടങ്ങിയവയുടെ വഴി തടഞ്ഞ് വണ്ടി ഓടിച്ചാലും പിഴ പതിനായിരം രൂപ തന്നെ.രാജ്യത്തൊട്ടാകെ ഏകീകൃത ലൈസന്‍സിനും ഇതില്‍ വ്യവസ്ഥയുണ്ട്. വാഹന രജിസ്‌ട്രേഷനും രാജ്യമെങ്ങും ഒരൊറ്റ നടപടിയാണ്. ഇതിനു വേണ്ടി ദേശീയ തലത്തില്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ രൂപീകരിക്കും.

പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ രക്ഷിതാക്കളും  വാഹന ഉടമകളും കുറ്റക്കാരാകും. അവര്‍ക്ക് കാല്‍ ലക്ഷം രൂപ പിഴയും മൂന്നു വര്‍ഷം തടവും ലഭിക്കും, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും വ്യവസ്ഥയുണ്ട്. വാഹനമിടിച്ച് ശേഷം ഡ്രൈവര്‍മാര്‍ മുങ്ങുന്ന കേസുകളില്‍ നഷ്ടപരിഹാരം പത്തു ലക്ഷം രൂപയാക്കും.അയോഗ്യരാക്കിയ ശേഷവും വാഹനമോടിച്ചാല്‍ പതിനായിരം രൂപയാണ് പിഴ.

അമിത വേഗത്തിന് ആയിരം മുതല്‍ രണ്ടായിരം രൂപ വരെയാണ് ശിക്ഷ. ഇന്‍ഷ്വറസ് ഇല്ലാതെ വണ്ടിയോടിച്ചാല്‍ രണ്ടായിരം രൂപ പിഴ.  ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ചാല്‍ ആയിരം രൂപ പിഴയും മൂന്നു മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കലും.

ഗതാഗത നിയമങ്ങള്‍ ലംഘിച്ചാല്‍ നേരത്തെ നൂറു രൂപ പിഴയീടാക്കിയിരുന്നതെല്ലാം അഞ്ഞൂറു രൂപയാക്കി. ഗതാഗത വകുപ്പ് അധികാരികളുടെ ഉത്തരവ് ലംഘിച്ചാല്‍ നേരത്തെ 500 രൂപയായിരുന്ന പിഴ രണ്ടായിരം രൂപയാക്കി. ലൈസന്‍സില്ലാതെ വണ്ടിയോടിച്ചാല്‍ പിഴ അയ്യായിരം രൂപയാക്കി. അപകടകരമായി വണ്ടിയോടിച്ചാല്‍ നേരത്തെ ആയിരം രൂപയായിരുന്ന പിഴ അയ്യായിരം രൂപയാക്കി.

ഓല, യൂബര്‍ പോലുള്ള സ്ഥാപനങ്ങള്‍ ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പിഴ ഒരു ലക്ഷം രൂപയാണ്. ഓവര്‍ ലോഡിന് ഇരുപതിനായിരം രൂപയും സീറ്റ് ബെല്‍റ്റ് ധരിക്കാതെ വണ്ടിയോടിച്ചാല്‍ ആയിരം രൂപയും പിഴ.ഡ്രൈവിങ്ങ് പരിശീലനം കൂടുതല്‍ ശക്തമാക്കി, അപകടത്തില്‍ പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവരെ  നിയമത്തിന്റെ നൂലാമാലകളില്‍ നിന്ന് രക്ഷിക്കാനുള്ള വ്യവസ്ഥകളും പുതിയ നിയമത്തിലുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.