'ദേശവിരുദ്ധതയുടെ പേരില്‍ ജയിലില്‍ പോകാന്‍ ഫിറോസ് കുന്നുംപറമ്പില്‍ അര്‍ഹന്‍'; കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ 200 കോടിയുടെ വിദേശ ഫണ്ട് കേരളത്തില്‍ എത്തിച്ചുവെന്ന് സാമൂഹിക സുരക്ഷാമിഷന്‍ ഡയറക്ടര്‍

Friday 18 October 2019 1:31 pm IST

തിരുവന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ 200 കോടിയോളം രൂപയുടെ വിദേശ ഫണ്ട് ഫിറോസ് കുന്നുംപറമ്പില്‍ കൈകാര്യം ചെയ്തത് ദേശവിരുദ്ധമാണെന്നു സംസ്ഥാന സാമൂഹിക സുരക്ഷാമിഷന്‍ ഡയറക്ടര്‍ മുഹമ്മദ് അഷീല്‍. എഫ്‌സിആര്‍എ നിയമപ്രകാരമാണ് ഫണ്ട് സ്വീകരിക്കേണ്ടത്. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മറവില്‍ തട്ടിപ്പുനടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതായും മുഹമ്മദ് അഷീല്‍ പറഞ്ഞു.

മൂന്നു ലക്ഷം രൂപയ്ക്ക് കിഡ്‌നി ശസ്ത്രക്രിയ നടത്താനാകുമെന്ന കാര്യത്തില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായും അഷീല്‍ പറഞ്ഞു. കിഡ്‌നി വാങ്ങേണ്ടി വരുമെന്ന വാദം കിഡ്‌നി റാക്കറ്റിന്റെ ഭാഗമാണെന്നും ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഗുണം ഫിറോസിനാണ് ലഭിക്കുന്നതെന്നും അഷീല്‍ ആരോപിക്കുന്നു. സത്യം തുറന്നു പറഞ്ഞതിന്റെ പേരില്‍ താനിപ്പോള്‍ സൈബര്‍ ആക്രമണം നേരിടുകയാണ്. 200 കോടി രൂപ കേരളത്തിലേക്ക്  ഇത്ര നിസ്സാരമായി വരികയും ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് പ്രകാരമുള്ള സാക്ഷ്യപത്രമില്ലാതെ അത് കൈകാര്യം ചെയ്തതില്‍ ദേശവിരുദ്ധത്തിന്റെ പേരില്‍ ജയിലില്‍ പോകാന്‍ ഫിറോസ് അര്‍ഹനാണ്. സര്‍ക്കാരിന്റെ വീ കെയര്‍ ഡൊണേഷന്‍ ഡോട്ട് കോമിലേക്ക് സംഭാവന ചെയ്താല്‍ ആരും പറ്റിക്കപ്പെടില്ല. കണക്കുകള്‍ കൃത്യം. വ്യാജചികിത്സകര്‍ക്കോ കിഡ്‌നി മാഫിയയ്‌ക്കോ വിട്ടുകൊടുക്കില്ല. എന്നാല്‍ എല്ലാ കേസുകളിലും സഹായം നല്‍കാന്‍ സര്‍ക്കാരിന് പണമില്ലെന്നും സുരക്ഷാമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പ്രതികരിച്ചു.

2018-19 വര്‍ഷങ്ങളിലായി 574ഓളം പേര്‍ക്കാണ് വി കെയര്‍ പദ്ധതി വഴി ചികിത്സ ലഭ്യമായത്. 148 കോടി രൂപ സമാഹരിച്ചു. 142 കോടി ചെലവഴിച്ചു. ഫിറോസ് ഇതുപോലെ കണക്ക് കാണിക്കണം. എപ്പോള്‍, ആര്‍ക്ക് വേണ്ടി, എത്ര, എത്ര ബാക്കിയുണ്ട് എന്നീ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടത് സാമാന്യ മര്യാദയാണ്. കാശ് വിദേശത്ത് നിന്ന് വാങ്ങാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണം. ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് കൊടുക്കണം. അക്കൗണ്ട് ചെയ്യാത്ത പണം രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണ്. 201213 കാലഘട്ടത്തില്‍ ഞാന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടി വര്‍ക്ക്  ചെയ്യുന്ന കാലത്ത് ഫിറോസ് കുന്നംപറമ്പില്‍ നന്മമരമായിരുന്നില്ല. അന്ന് ഫിറോസ് വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ഡ്രൈവറായിരുന്നു. ഞാന്‍ 2010ല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറി. ഏകദേശം പത്ത് വര്‍ഷമാകുന്നു. 2012ല്‍ ഞാന്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഡോക്ടറും ഫിറോസ് െ്രെഡവറും. ഇന്ന് ഫിറോസിന്റെ കൈയില്‍ 50 ലക്ഷത്തിന്റെ വീടും ഐഫോണ്‍ ടെന്നും ഇന്നോവ ക്രെറ്റ കാറുമുണ്ട്. എന്റെ കൈയിലുള്ളത് സാംസങ്ങ് ഫോണാണ്. കാറില്ല. ലോണുമുണ്ട്. ഇന്നലെ ഓലക്കുടിലില്‍ താമസിച്ചവര്‍ ഇന്ന് കൊട്ടാരത്തില്‍ എന്ന് ഫിറോസ് പറഞ്ഞത് സ്വയം പരിഹാസത്തിനു സമമാണ്.

ഞാന്‍ കഷ്ടപ്പെട്ട് അധ്വാനിച്ച് പിഎസ്‌സി പഠിച്ചാണ് ജോലി നേടിയത്. ഫിറോസ് എതെങ്കിലും തരത്തില്‍ അധ്വാനിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. അയാള്‍ക്കെല്ലാം  ഫ്രീയായി കിട്ടിയതാണ്. ചെയ്യുന്ന ജോലിക്കാണ് ഞാന്‍ ശമ്പളം വാങ്ങുന്നത്. ഞാന്‍ എല്ലാ തരത്തിലും ഓഡിറ്റബിളാണ്. ഒരു ആര്‍ടിഐ കൊടുത്താല്‍ എന്റെ എല്ലാ വിവരങ്ങളും ലഭിക്കും. നികുതി കൊടുക്കാതെ 200 കോടി രൂപ കൈകാര്യം ചെയ്തയാളാണ് ഫിറോസ് കുന്നംപറമ്പില്‍മുഹമ്മദ് അഷീല്‍ പ്രതികരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.