പ്രവാസി വ്യാവസായി സാജന്റെ ആത്മഹത്യ; കാരണക്കാരിയായ ആന്തൂര്‍ നഗരസഭാ അധ്യക്ഷക്കെതിരെ പ്രേരണാക്കുറ്റത്തിന് ക്രിമിനല്‍ കേസെടുക്കണം; മുഖ്യമന്ത്രിക്ക് മുല്ലപ്പള്ളിയുടെ കത്ത്

Thursday 27 June 2019 5:44 pm IST
ആന്തൂര്‍ നഗരസഭാ അധ്യക്ഷ ശ്യാമളയും ജീവനക്കാരും പ്രതികാരമനോഭാവത്തോടെ മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിച്ച് സാജന്റെ ഓഡിറ്റോറിയത്തിന് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കുകയാണ് ചെയ്തതെന്ന് കെ.പി.സി.സി പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം:  പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമളക്കെതിരെ പ്രേരണാക്കുറ്റത്തിന് ക്രിമിനല്‍ കേസ് എടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സാജന്റെ ഭാര്യ ബീന കെ.പി.സി.സി പ്രസിഡന്റിന് നല്‍കിയ നിവേദനത്തിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം.

ആന്തൂര്‍ നഗരസഭാ അധ്യക്ഷ ശ്യാമളയും ജീവനക്കാരും പ്രതികാരമനോഭാവത്തോടെ മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിച്ച് സാജന്റെ ഓഡിറ്റോറിയത്തിന് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കുകയാണ് ചെയ്തതെന്ന്  കെ.പി.സി.സി പ്രസിഡന്റ്  ചൂണ്ടിക്കാട്ടി. താന്‍ നഗരസഭാ ചെയര്‍പേഴ്‌സന്റെ കസേരയില്‍ ഇരിക്കുന്നിടത്തോളം കാലം കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് തരില്ലെന്ന് സാജനോടും മാനേജര്‍ സജീവനോടും  ശ്യാമള പറഞ്ഞിട്ടുണ്ട്. ഇതില്‍ നിന്ന് തന്നെ നഗരസഭാ അധ്യക്ഷയുടെയും ഉദ്യോഗസ്ഥരുടെയും നിസ്സഹകരണവും അധികാര ദുര്‍വിനിയോഗവും പ്രകടമാണ്.  അധ്യക്ഷയുടെയും ഉദ്യോഗസ്ഥരുടെയും അഹങ്കാരത്തിന് മുന്നില്‍പ്പെട്ട് ജീവിത സമ്പാദ്യവും അധ്വാനവും നഷ്ടപ്പെടുന്നതിലുള്ള മനോവിഷമമാണ് സാജനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

സാജന്റെ മരണത്തിന് കാരണക്കാരിയായ നഗരസഭ അധ്യക്ഷയെ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും സംരക്ഷിക്കുകയാണ്. ഉദ്യോഗസ്ഥയെ സംരക്ഷിക്കുന്നതും  വെള്ളപൂശുന്നതും സാജന്റെ കുടുംബത്തോട് കാണിക്കുന്ന ഏറ്റവും വലിയ അനീതിയാണെന്നും   മുല്ലപ്പള്ളി രാമചന്ദ്രന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.