'ഞാനാണെങ്കില്‍ പിരിവെടുത്ത് വാങ്ങിയ കാര്‍ വാങ്ങില്ല'; രമ്യ ഹരിദാസിന് ഇന്നോവ വാങ്ങാന്‍ ഗുണ്ടാപ്പിരിവ് നടത്തുന്ന യൂത്ത് കോണ്‍ഗ്രസിനെതിരെ മുല്ലപ്പള്ളി

Saturday 20 July 2019 10:04 pm IST

തിരുവനന്തപുരം: ആലത്തൂര്‍ എം.പിക്ക് കാര്‍ വാങ്ങാന്‍ പിരിവ് നടത്തിയതിനെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. രമ്യാ ഹരിദാസിനെതിരെ വിമര്‍ശനവുമായാണ് മുല്ലപ്പള്ളി രംഗത്തെത്തിയത്.  യൂത്ത് കോണ്‍ഗ്രസ് പിരിവ് നടത്തിയത് ശരിയായില്ലെന്നും താനാണെങ്കില്‍ അങ്ങനെയുള്ള കാര്‍ വാങ്ങില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ആലത്തൂര്‍ പാര്‍ലമെന്റ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയാണ് രമ്യയ്ക്ക് കാര്‍ വാങ്ങാനായി സംഭാവന കൂപ്പണ്‍ പുറത്ത് ഇറക്കിയിരിക്കുന്നത്. 

ആയിരംരൂപയുടെ കൂപ്പണ്‍ അച്ചടിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ മുഖേനയാണ് പണപ്പിരിവ് നടത്തുന്നത്. 25നുള്ളില്‍  പണം നല്‍കാനാണ് നിര്‍ദേശം. ഓരോ മണ്ഡലം കമ്മിറ്റിക്കും രണ്ട് ലക്ഷംരൂപ വീതം നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.  എംപിയെന്ന നിലയില്‍ പ്രതിമാസം 1.90 ലക്ഷംരൂപ ശമ്പളവും അലവന്‍സും രമ്യയ്ക്ക് ലഭിക്കും. എന്നിട്ടും എന്തിനാണ് പണപിരിവെന്ന് പ്രവര്‍ത്തകര്‍ തന്നെ ചോദിച്ച് തുടങ്ങിയിട്ടുണ്ട്. നിര്‍ബന്ധിത പണപ്പിരിവില്‍  സഹകരിക്കില്ലെന്നും ചിലര്‍ നിപാട് എടുത്തിട്ടുണ്ട്. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ പരിവുകാര്‍ തയാറായിട്ടില്ല. എംപിയെന്ന നിലയില്‍ സെക്രട്ടറി, സ്റ്റാഫ്, ഓഫീസ് അലവന്‍സ് എന്നിവ വേറെയുമുണ്ട്. വിമാന, ട്രെയിന്‍യാത്ര സൗജന്യമാണ്. പാര്‍ലമെന്റ് കൂടുമ്പോള്‍ ബത്തയും ലഭിക്കും. എംപിക്ക് അപേക്ഷിച്ചാലുടന്‍ ഈടില്ലാതെ ദേശസാല്‍ക്കൃത ബാങ്കുകള്‍ വാഹനവായ്പ നല്‍കാന്‍ നിര്‍ദേശമുണ്ട്. ഈ സൗകര്യമുണ്ടായിട്ടും നാട്ടുകാരില്‍നിന്ന് പണം പിരിച്ച് വാഹനം വാങ്ങുന്നതിന് പണപ്പിരിവ്  നടത്തുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ പൊട്ടിത്തെറി ഉണ്ടായിട്ടുണ്ട്. 

1,400 ലീഫുകളാണ് ആകെ അച്ചടിച്ചിട്ടുള്ളതെന്നാണ് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ അറിയിക്കുന്നത്. 14 ലക്ഷത്തോളം രൂപ പിരിച്ച് എംപിക്ക് വാഹനം വാങ്ങി നല്‍കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം. ഇത് കോണ്‍ഗ്രസ് കുടുംബങ്ങളില്‍ നിന്ന് മാത്രമുള്ള പിരിവാണെന്നും പുറത്തുനിന്നുള്ളവരില്‍ നിന്ന്പണംപ്പിരിക്കുന്നില്ലെന്നുമാണ്  യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റിയുടെ ന്യായീകരണം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.