ചന്ദനക്കുറിയും നിസ്‌ക്കാരത്തഴമ്പും മുനീറിന്റ ത്രിവര്‍ണ്ണ പതാകയും

Sunday 12 January 2020 12:31 pm IST

 

നിസ്‌ക്കാര തഴമ്പ് വിശ്വസത്തിന്റെ നേരടയാളമാണ്. മുസ്ലീങ്ങള്‍ ദിവസേന അഞ്ചുനേരം അനുഷ്ഠിക്കേണ്ട നിര്‍ബന്ധ പ്രാര്‍ഥനയാണ്  നിസ്‌ക്കാരം. എല്ലാവിധ അശുദ്ധികളില്‍ നിന്നും മാലിന്യങ്ങളില്‍നിന്നും മനസ്സും ശരീരവും വസ്ത്രവും പരിസരവും എല്ലാം വൃത്തിയാക്കി  നിര്‍വഹിക്കപ്പെടുന്ന ഒരാരാധന. ദൈവ സന്നിധിയില്‍ നില്‍ക്കുന്നു എന്ന ബോധത്തോടെ പ്രാര്‍ത്ഥിക്കുകയും ഏതാനും ഖുര്‍ആന്‍ വചനങ്ങള്‍ ഓതുകയും ഇരുന്നും നിന്നും കുനിഞ്ഞും എന്നും നെറ്റിത്തടം ഭൂമിയില്‍ വെച്ചും സ്തോത്രങ്ങള്‍ ചൊല്ലുകയാണ് ഇതിന്റെ ഹ്രസ്വരൂപം. ഇസ്ലാമിന്റെ മൂലപ്രമാണങ്ങളിലെ അതിശ്രേഷ്ഠമായ നിസ്‌ക്കാരം അനുഷ്ഠിക്കുന്നവര്‍ ആദരണീയര്‍തന്നെ.

മതപരമായ അനുഷ്ഠാനമെന്ന രീതിയില്‍ ഹിന്ദുക്കള്‍ ചെയ്യുന്നതാണ് കുറി തൊടല്‍.ക്ഷേത്രദര്‍ശന സമയത്ത് പൂജാരിയില്‍ നിന്ന് പ്രസാദമായി ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ സ്വഭാവമനുസരിച്ച് ചന്ദനം, ഭസ്മം, കുങ്കുമം തുടങ്ങിയവ ലഭിക്കും.  ഇതാണ് നെറ്റിത്തടത്തില്‍ തൊടുന്ത്. ചന്ദനം നെറ്റിയില്‍ അണിയുന്നതിനു പിന്നില്‍ വലിയൊരു സങ്കല്‍പവും ശാസ്ത്രവുമുണ്ട്. തിലകധാരണം കൂടാതെ ചെയ്യപ്പെടുന്ന ഏതുകര്‍മ്മവും നിഷ്ഫലമാണെന്ന് പുരാണങ്ങള്‍ പറയുന്നു. ചന്ദനക്കുറിയും നിസ്‌ക്കാര തഴമ്പും വിശ്വസത്തിന്റെ നേരടയാളമാണ്. നിഷ്‌ക്കാര തഴമ്പുള്ള മുസല്‍മാനെ ആഘോഷിക്കുന്നവര്‍ ചന്ദനക്കുറിയിട്ട ഹിന്ദുവിനെ അവഗണിക്കുന്നു എന്നാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറയുന്നത്.

 മതേതരത്വത്തിന്റെ മൊത്തക്കച്ചവടക്കാരെന്ന് വീരവാദം മുഴക്കുന്ന കോണ്‍ഗ്രസും മതമില്ലാത്തവരെന്ന് അഭിമാനിക്കുന്ന കമ്മ്യുണിസ്റ്റുകാരും മുസ്ളീംങ്ങള്‍ക്കുമാത്രം മതപരമായ വിശേഷണം ചാര്‍ത്തിക്കൊടുക്കുന്നു. എന്നാല്‍ ദിവസവും ക്ഷേത്രദര്‍ശനം നടത്തി കുറിയിടുന്നവര്‍ക്ക് സ്ഥാനമില്ല. ചന്ദനക്കുറി തൊട്ടാല്‍ വര്‍ഗീയ വാദികളായി ചിത്രീകരിക്കപ്പെടുന്നു. ചന്ദനക്കുറി തൊടുന്നവര്‍, ഗണപതി ഹോമ പ്രസാദമായ കറുത്ത കുറി അണിയുന്നവര്‍, അയ്യപ്പ ഭക്തര്‍, ക്ഷേത്രഭാരവാഹികള്‍, ക്ഷേത്രവിശ്വാസികള്‍ എന്നിവര്‍ ആര്‍എസ്എസുകാരായി മുദ്രകുത്തപ്പെടും.

 2013 ഡിസംബറില്‍ പാലക്കാട്ട് നടന്ന സിപിഎം പ്ലീനം സമ്മേളനം, പാര്‍ട്ടി പ്രവര്‍ത്തകര്‍ വീട്ടില്‍ ഗണപതിഹോമവും ഭഗവതിസേവയും നടത്തുന്നതിനുപോലും വിലക്കേര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി ഗൃഹപ്രവേശനത്തിന് ഗണപതിഹോമം നടത്തിയതിനും പഴനിയില്‍ തീര്‍ത്ഥാടനത്തിന് പോയതിനും ശ്രീകൃഷ്ണജയന്തി ആഘോഷിച്ചതിനും പ്രവര്‍ത്തകര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തു. ഗുരുവായുരില്‍ എത്തിയപ്പോള്‍ പ്രസാദം വാങ്ങിയതിന് ദേവസ്വം മന്ത്രിയോടു പോലും വിശദീകരണം തേടാന്‍ സിപിഎമ്മിന് മടിയുണ്ടായില്ല. ആറന്മുള ക്ഷേത്രത്തില്‍ തുലാഭാരം നടത്തിയ  ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിനും ശാസന കിട്ടി. തലമുതിര്‍ന്ന നേതാക്കള്‍ രഹസ്യമായും ഭാര്യമാര്‍ മുഖേനെയും  ശത്രു സംഹാരക്രിയയും പൂമൂടലും ഹോമാദി കര്‍മ്മങ്ങളും നടത്തി മോക്ഷപ്രാപ്തിക്ക് ശ്രമിക്കുമെങ്കിലും അണികളോട് ഇതെല്ലാം ഹറാമാണെന്ന് പറഞ്ഞുകൊണ്ടേയിരുന്നു.ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താന്‍  ക്ഷേത്രവിശ്വാസവും, ചന്ദനക്കുറിയും കാണിച്ചുള്ള ഭയപ്പെടുത്തല്‍ ഫലം ചെയ്യുമെന്ന് ചെങ്ങന്നൂര്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മനസ്സിലാക്കി.

ചന്ദനക്കുറി വര്‍ഗീയവും, കൊന്തയും തൊപ്പിയും തഴമ്പും മതേതരവും ആകുമ്പോള്‍ കാലങ്ങളായി ഒപ്പമുണ്ടായിരുന്ന മതവിഭാഗങ്ങള്‍  കുരിശു കണ്ട ചെകുത്താനെ പോലെ അകന്നു പോകുന്നതായി കോണ്‍ഗ്രസുകാരും കണ്ടെത്തി. വര്‍ഷങ്ങലായി ചന്ദനക്കുറിയും കളഭവും തൊട്ടിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ അത് മായിച്ചുകളയാനുള്ള തിടിക്കത്തിലായിരുന്നു പിന്നീട്.  വലിയവായില്‍ വര്‍ത്തമാനം പറയുന്ന ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ തന്നെ വലിയ ഉദാഹരണം. ചാനല്‍ ചര്‍ച്ചകളിലും പാര്‍ട്ടിയോഗത്തിലും മരണവീട്ടിലും ഒക്കെ ഗണപതിഗോമ പ്രസാദം തൊടാത്ത ഉണ്ണിത്താനെ കാണാന്‍ സാധിക്കുമായിരുന്നില്ല. പാര്‍ട്ടി ഓഫീസിനു മുന്നില്‍ വെച്ച് സ്വന്തം പാര്‍ട്ടിക്കാര്‍ തുണി ഉരിഞ്ഞപ്പോഴും സഹപ്രവര്‍ത്തകയ്ക്കൊപ്പം തുണിയില്ലാതെ നിന്നപ്പോള്‍ എതിര്‍പാര്‍ട്ടിക്കാര്‍ പിടിച്ചപ്പോഴും ഉണ്ണിത്താന്റെ നെറ്റിയിലെ കുറി മാഞ്ഞിരുന്നില്ല.  ഏതാനും നാളുകളായി ഉണ്ണിത്താന്റെ നെറ്റിയില്‍ കുറിയില്ല. കൃത്യമായി പറഞ്ഞാല്‍ ലോക സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് സ്ഥാനാര്‍്ത്ഥി ആയതില്‍ പിന്നെ. നാല് വോട്ടു കിട്ടാന്‍ എന്തുവേണമെങ്കിലും മായിക്കാനോ മുറിക്കാനോ മടിയില്ലാത്ത ഉണ്ണിത്താന്മാരാണ് മതേതരത്വത്തിന്റെ മാലാഖമാര്‍. നിലവിളക്ക് കത്തിക്കാന്‍ കൈവിറക്കുന്ന മുസ്ലീം ലീഗ് നേതാവ് മുനീറും നിലവിളക്ക് തെളിയിച്ചതിനെ ആദരിച്ചവരെ ആക്ഷേപിച്ച മുഖ്യമന്ത്രിയും ഒക്കെയാണ് മതേതരത്വത്തിന്റെ മാതൃകകള്‍.

പിതാവ് മയ്യത്തായപ്പോള്‍ ത്രിവര്‍ണ്ണ പുതപ്പിച്ചതിന്റെ സ്മരണകളില്‍ അഭിമാനിക്കുന്നതായി നിയമസഭയില്‍ പറഞ്ഞ മുനീറിന്റെ കാപഠ്യം വ്യക്തമാകുന്നതാണ്  ലാറ്റിന്‍ കത്തോലിക്ക കൗണ്‍സിലില്‍ നടത്തിയ പ്രസംഗം.  സവര്‍ണ്ണ വരേണ്യ വര്‍ഗ്ഗത്തിന്റെ രാജ്യമായി ഇന്ത്യയെ മാറ്റുകയാണെന്നും ഇതിനെതിരെ മുസ്ളീംങ്ങളും ക്രിസ്ത്യാനികളും ഒന്നിച്ചു പോരാടണമെന്നുമാണ് മുനീര്‍ ആവശ്യപ്പെട്ടത്. ദേശീയ പൗരത്വ നിയമത്തിനെതിരെ നിശബ്ദതയുടെ മറനീക്കി മുസ്ലീം സമൂദായത്തിനു പിന്തുണയുമായി വന്ന ലത്തിന്‍ ബിഷപ്പ് സൂസാപാക്യത്തെ വാനോളം പുകഴ്ത്തുകയും ചെയ്തു. ഒരു വര്‍ഗ്ഗത്തിനു വേണ്ടി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് വര്‍ഗ്ഗീയവാദികള്‍. മുസ്ലീം താല്‍പര്യത്തിനുവേണ്ടി വാദിക്കുന്ന മുനീറും ക്രിസ്ത്യാനികളുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്ന സൂസാപാക്യവും വര്‍ഗ്ഗീയവാദികളല്ലാതാകുകയും ഹിന്ദുക്കളും കാര്യം പറയുന്നവര്‍ തീവ്രവര്‍ഗ്ഗീയവാദികളാകുകയും ചെയ്യുന്നു എന്ന വിചിത്ര കാഴ്ചയാണ് കേരളത്തില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.