കൊലയല്ല, കൊല്ലാക്കൊല

Wednesday 17 July 2019 3:07 am IST
ദൂരവ്യത്യാസം ഇല്ലാതാക്കുന്നത് സിപിഎമ്മിന്റെ കൊല്ലാക്കൊല എന്ന പൊതുനയമാണ്. ആന്തൂരില്‍ സമാധാനമാണെന്ന് എം.വി. ഗോവിന്ദന്‍ പറയുന്നു. യൂണിവേഴ്‌സിറ്റി കോളേജ് ശാന്തമാണെന്ന് അവിടുത്തെ പ്രിന്‍സിപ്പാള്‍ പറയുന്നു. കേരളം ശാന്തമാണെന്ന് പിണറായി വിജയന്‍ പറയുന്നു. പിണറായി വിജയന് ഇഷ്ടപ്പെട്ട കൊറിയന്‍നേതാവ് കിം ജോങ് ഉന്‍ പറയുന്നു വടക്കന്‍ കൊറിയ ശാന്തമാണെന്ന്. പക്ഷേ, ഉരുക്കുമുഷ്ടിയില്‍ കൊല്ലാക്കൊല ചെയ്ത് സമൂഹത്തെ നിശ്ശബ്ദമാക്കുന്നതല്ല ശാന്തത.

കമ്മ്യൂണിസ്റ്റുകള്‍ക്ക് കൊല്ലലിനെക്കാള്‍ വിപ്ലാവാത്മകമാണ് കൊല്ലാക്കൊല. സമീപകാല കേരളത്തിന്റെ നവോഥാനം ഈ വഴിക്കാണ്. കൊല്ലാക്കൊലകള്‍ പലവിധമുണ്ട്. സിപിഎമ്മിനെ എതിര്‍ക്കുന്നത് സ്ത്രീയാണെങ്കില്‍ അനാശാസ്യവും അശ്ലീലവുമായ നുണക്കഥകള്‍ ഉണ്ടാക്കി പാര്‍ട്ടി സംവിധാനംവഴി പ്രചരിപ്പിക്കുക. ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട ദിവസംതന്നെ ലക്ഷണമൊത്ത നുണക്കഥ പ്രചരിപ്പിച്ചെങ്കിലും സമൂഹികമായി വ്യാപകബന്ധവും പരിചയവും ഉള്ള കെ.കെ. രമ അതിനെ അതിജീവിച്ചു.

ഇപ്പോള്‍ ആന്തൂരിലെ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കുടുംബത്തിലെ ഒരു പെണ്‍തരിയേയും ദേശാഭിമാനിക്കാര്‍ വെറുതെ വിടുന്നില്ല. ദേശാഭിമാനി പത്രം നടത്തുന്ന കൊല്ലാക്കൊലയില്‍ സാജന്റെ കുടുംബത്തിനൊപ്പം നില്‍ക്കേണ്ട ബാധ്യത മനുഷ്യര്‍ക്ക് ഉണ്ട്.

അദ്ധ്യാപകര്‍, ഉദ്യോഗസ്ഥര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങി ന്യായാധിപന്‍ന്മാര്‍വരെ സിപിഎമ്മിന്റെ കൊല്ലാക്കൊലകള്‍ക്ക് ഇരയാണ്. പ്രതീകാത്മക ശവമടക്കല്‍, റീത്ത് സമര്‍പ്പണം, അനാശ്യാസ്യബന്ധം അരോപിക്കല്‍, നിരന്തരമുള്ള സ്ഥലംമാറ്റം, ചെരുപ്പുമാല, നാടുകടത്തല്‍ തുടങ്ങിയവയെല്ലാം ദിനംതോറും അരങ്ങേറുന്നു. എസ്എഫ്‌ഐയുടെ തെമ്മാടിക്കൂട്ടത്തെ ഭയന്ന് ആത്മഹത്യചെയ്യാന്‍ ശ്രമിച്ചവര്‍, പഠനം ഉപേക്ഷിച്ചവര്‍ ഇവര്‍ വര്‍ത്തനമാനകാലത്ത് മരണത്തെക്കാള്‍ വലിയ ദുരവസ്ഥയാണ് താണ്ടുന്നത്. ഈ കൊല്ലാക്കൊല സൃഷ്ടിക്കുന്ന ഭയത്തില്‍ നിന്നാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം ഊര്‍ജം കണ്ടത്തുന്നത്. ഡിഐഎഫ്‌ഐയിലെ വനിതകള്‍ക്ക് എതിരെ സിപിഎം നേതാക്കള്‍ നടത്തിയ തീവ്രതകുറഞ്ഞ ലൈംഗിക ചൂഷണത്തിനെതിരെ പ്രതികരിച്ച മുഴുവന്‍ യുവതികളെയും കേട്ടാല്‍ അറയ്ക്കുന്ന അശ്ലീലകഥയിലെ നായികമാരാക്കി അവരുടെ പൊതു പ്രവര്‍ത്തനം നിര്‍ത്തിച്ചു.  

 അന്തസ്സായി ജോലിചെയ്യുന്ന സ്ത്രീകളെ അപമാനിക്കുന്നതിന് വൈദുതമന്ത്രി എം.എം. മണിയുടെ ഉദാഹരണങ്ങള്‍ അനവധിയാണ്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍ തുടങ്ങിയവരുടെ ചെയ്തികള്‍ക്ക് താങ്ങാവുന്നത് സംസ്ഥാന വനിതാകമ്മീഷനാണ്. ആയുധം ഉപയോഗിച്ചുള്ള കൊലപാതകത്തിലും സിപിഎം അതിന്റെ ക്രൂരതയുടെ ടച്ച് നിലനിര്‍ത്തും. വിദ്യാലയത്തില്‍ കയറി കുരുന്നുകളുടെ മുന്നില്‍വച്ച് വെട്ടുക, പൊതുനിരത്തിലിട്ട് 51 വെട്ടുക, മകന്റെ ചോരചേര്‍ത്ത് കുഴച്ച ചോര്‍ അമ്മയുടെ വായില്‍ തിരുകുക തുടങ്ങിയ രീതികള്‍ എന്തിനാണെന്ന് ചിലരെങ്കിലും സംശയിക്കുന്നുണ്ടാവാം? അവര്‍ക്ക് ഉള്ള മറുപടിയാണ് പിണറായി വിജയന്‍ മുന്‍പ് സൂചിപ്പിച്ചത്. 'നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല.' ഒരു വ്യക്തിയെ ഇല്ലായ്മചെയ്യുന്നത് മാത്രമല്ല കൊലപാതകത്തിന്റെ ലക്ഷ്യം. അത് ലക്ഷ്യത്തില്‍ ഒന്ന് മാത്രമാണ്. സിപിഎംവിരുദ്ധ രാഷ്ട്രീയം നടത്തുന്നവര്‍ക്കുള്ള ശിക്ഷ എന്താണെന്നത് എതിരാളിയെ ബോധ്യപ്പെടുത്താന്‍ കൂടിയാണ് ഒരോ ആക്രമണവും. പറ്റുന്നത്ര ഭയാനകമാകണം. അതാണ് പാര്‍ട്ടി രീതി.

സംശുദ്ധരാഷ്ട്രീയം നടത്തുന്ന സ്വയംസേവകര്‍ക്കുള്ള താക്കീതാണ് ഗുരുനാഥനെ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് കൊത്തിയരിയുക എന്നത്. പാര്‍ട്ടിനയത്തെ വിമര്‍ശിച്ചതുവഴി കുലംകുത്തിയായവര്‍ക്ക് 51 വെട്ട്. പാര്‍ട്ടി മാറിയതിനാണ് എന്‍ഡിഎഫ്കാരനായ ഫസലിനെ കൊന്നത്. മാത്രമല്ല അത് ആര്‍എസ്എസ്സിന്റെ തലയില്‍വച്ച് ഹിന്ദു-മുസ്ലീം കലാപം ലക്ഷ്യമിട്ടു. പാര്‍ട്ടിനേതാവിനെ തടഞ്ഞതിന് ഷൂക്കൂര്‍ എന്ന ലീഗുകാരനെ കെട്ടിയിട്ട് വിചാരണചെയ്ത് കൊന്നു. സിപിഎം ഇതരപാര്‍ട്ടിക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാത്ത സ്ഥലത്ത് പ്രവര്‍ത്തിച്ചതിനുള്ള ശിക്ഷയാണ് ശുഹൈബ് എന്ന യുവാവിന്റെ കശാപ്പ്. പാര്‍ട്ടി ഗ്രാമത്തില്‍ തെരഞ്ഞുപ്പില്‍ മത്സരിച്ചാല്‍ ഉള്ള ശിക്ഷയായ വധശിക്ഷ വാങ്ങിയ വ്യക്തിയാണ് ആന്തൂര്‍ ദാസന്‍. ഭീരക കൊലപാതകങ്ങളും കൊല്ലാക്കൊലയും വഴി ജനത്തിന്റെ മനസ്സിലുണ്ടാക്കുന്ന ഭയമാണ് പാര്‍ട്ടിയുടെ അടിത്തറ.  

 യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങളെ ഈ തരത്തില്‍ വേണം വിലയിരുത്താന്‍. സംസ്ഥാന ഡിപിഐയെക്കാള്‍ സൂഷ്മതയോടെ നിയമിക്കേണ്ട അധികാരസ്ഥാനമാണ് കേളേജ് പ്രിന്‍സപ്പലിന്റേത്. ഉത്തമപൗരനെ സൃഷ്ടിക്കേണ്ട കോളേജുകള്‍ പലതും തെമ്മാടിക്കൂട്ടങ്ങളുടെ ഉത്പാദനകേന്ദ്രങ്ങളായും പാര്‍ട്ടിക്ക് ഗുണ്ടകളെ വിതരണംചെയ്യുന്ന റിക്രൂട്ട്‌മെന്റ് ഏജന്‍സിയായും മാറിക്കഴിഞ്ഞു. ഇതുവഴി പൊതുമേഖല, സഹകരമേഖല, ബോര്‍ഡ്, കോര്‍പ്പറേഷന്‍, കമ്മീഷനുകള്‍ എന്നിവയിലും ഉദ്യോഗസ്ഥതലത്തിലും കയ്യൂക്കിലൂടെയും അട്ടിമറിയിലൂടെയും സ്ഥാനങ്ങള്‍ നേടി സമാന്തരഭരണം 5 വര്‍ഷം നടത്താനുള്ള ഗൂഡാലോചനയാണ് യൂണിവേഴ്‌സിറ്റി കോളേജ് പ്രിന്‍സിപ്പാള്‍ നിയമനവും പിഎസ്‌സിയെപോലും അട്ടിമറിച്ച് ഉണ്ടായ പോലീസ് റാങ്ക്‌ലിസ്റ്റ്, കേരളബാങ്ക് തുടങ്ങിയവയും.

 സിപിഎം ഷണ്ഡീകരിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരാണ് ഡിജിപിമുതല്‍ ക്യാമ്പിലെ ട്രയിനിവരെ. വിദേശകാര്യവകുപ്പ് മുതല്‍ വില്ലേജ് പ്യൂണ്‍വരെയും പാര്‍ട്ടിക്ക് സ്വന്തം സംവിധാനം ഉണ്ട്. അംഗനവാടിയിലെ ആയ മുതല്‍ യൂണിവേഴ്‌സിറ്റി വിസിവരെ. എകെജി സെന്ററിലെ വിടുവേലക്കാര്‍ താക്കോല്‍ സ്ഥാനങ്ങളില്‍ വിരാജിക്കുന്നു. അഴിമതിവഴിയും ചട്ടംലംഘിച്ചും സ്ഥാനംനേടിയ ഈ കൂട്ടര്‍ അറവുകാരന്റെ മനസ്സോടെ പാര്‍ട്ടി ആവശ്യപ്പെടുന്ന വ്യക്തിക്കോ സ്ഥാപനത്തിനോ എതിരെ എന്തും ചെയ്യുന്നു. ഇത്തരം കൊല്ലാക്കൊലകള്‍ക്ക് എതിരെ 5 വര്‍ഷം കൂടുമ്പോള്‍ ഭരണംകിട്ടുന്ന യുഡിഎഫിന് ഒന്നുംചെയ്യാന്‍ കഴിയില്ല. യുഡിഎഫിന്റെ പല അഴിമതിയും കണ്ടില്ലെന്ന് നടിക്കുകയാണ് ഇതിന് പ്രത്യുപകാരായി ചെയ്യുന്ന പതിവ്. യുഡിഎഫ് ഈ മേല്‍ക്കോയ്മ അംഗികരിച്ച് വരുന്നതാണ് കീഴ്‌വഴക്കം.

ഇന്ന് സമൂഹത്തെ നയിക്കുന്നവര്‍ നാളെ നയിക്കേണ്ടവര്‍, അദ്ധ്യാപകര്‍, നിയമപരിപാലനമേഖല, സാംസ്‌കാരിക പ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍, കലാകാരന്മാര്‍, ഉദ്യോഗസ്ഥര്‍, ബുദ്ധിജീവികള്‍ തുടങ്ങി സമൂഹത്തിന്റെ സമസ്തമേഖലയിലും ഉള്ളവരെ പാര്‍ട്ടിവരുതിയില്‍ നിര്‍ത്തിയെന്നതാണ് സമകാലിക കേളത്തിന്റെ ഏറ്റവുംവലിയ പാളിച്ച. ഒരുതരത്തില്‍, സിപിഎമ്മിന്റെ കൊല്ലാക്കൊലകള്‍ അവസാനിപ്പിക്കാന്‍ കാലം ഒരുക്കിയ സന്ദര്‍ഭമായിരിക്കാം ആന്തൂരും യൂണിവേഴ്‌സിറ്റി കോളേജ് സംഭവവും. വടക്ക് പ്രതിപക്ഷകക്ഷികള്‍ക്ക് നിരോധിത മേഖലയായ ആന്തൂരിന് സമാനമാണ് തെക്ക് തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജ്. ആന്തൂരും തിരുവനന്തപുരവും ബംഗാളും തമ്മിലുള്ള ദൂരവ്യത്യാസം ഇല്ലാതാക്കുന്നത് സിപിഎമ്മിന്റെ കൊല്ലാകൊല എന്ന പൊതുനയമാണ്. 

ആന്തൂരില്‍ സമാധാനമാണെന്ന് എം.വി. ഗോവിന്ദന്‍ പറയുന്നു. യൂണിവേഴ്‌സിറ്റി കോളേജ് ശാന്തമാണെന്ന് അവിടുത്തെ പ്രന്‍സിപ്പാള്‍ പറയുന്നു. കേരളം ശാന്തമാണെന്ന് പിണറായി വിജയന്‍ പറയുന്നു. പിണറായി വിജയന് ഇഷ്ടപ്പെട്ട കൊറിയന്‍നേതാവ് കിം ജോങ് ഉന്‍ പറയുന്നു വടക്കന്‍ കൊറിയ ശാന്തമാണെന്ന്. പക്ഷേ, ഉരുക്കുമുഷ്ഠിയില്‍ കൊല്ലാക്കൊല ചെയ്ത് സമൂഹത്തെ നിശബ്ദമാക്കുന്നതല്ല ശാന്തത. ഒരു വിദ്യാര്‍ത്ഥി സഹപാഠിയുടെ കുത്തേറ്റ് ചോരവാര്‍ന്ന് കിടന്നപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍പോലും സാധിക്കാതെ നോക്കിനിന്ന കേരള ഗവര്‍മെന്റ്‌കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ മെമ്പര്‍മാരായ നൂറുകണക്കിന് അടിമകള്‍ നടത്തിയ നിശബ്ദതയാണ് പ്രിന്‍സിപ്പാള്‍ ചൂണ്ടിക്കാട്ടിയ ശാന്തത. ഈ അദ്ധ്യാപക തൊഴിലാളികള്‍ എന്ന് മനുഷ്യരാകും? ത്രിപുര മുഖ്യമന്ത്രി ബിപ്ലവ്കുമാര്‍ ദേവ് ഒരു പത്രപ്രതിനിധിയുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞത് ഇങ്ങനെ: 'ത്രിപുരയില്‍ സര്‍ക്കാറിനെതിരെ പ്രവര്‍ത്തിക്കാന്‍ പ്രതിപക്ഷത്തിന് സാഹചര്യമൊരുക്കി എന്നതാണ് സര്‍ക്കാറിന്റെ ഏറ്റവും വലിയ ഭരണനേട്ടം'.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.