മുസ്ലീം,പാഴ്‌സി സ്ത്രീകളുടെ പള്ളി പ്രവേശനം; സ്ത്രീകളുടെ ചേലാകര്‍മ്മം; വിശാല ബെഞ്ചിന് മുന്നിലുള്ളത് അഞ്ച് വിഷയങ്ങള്‍; സുപ്രീംകോടതിയുടെ തീരുമാനം മതില്‍കെട്ടാന്‍ ഇറങ്ങിയവര്‍ക്ക് കനത്തതിരിച്ചടി

Thursday 14 November 2019 2:22 pm IST

 

ന്യൂദല്‍ഹി: ശബരിമല യുവതി പ്രവേശന ഉത്തരവ് പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചതോടെ ഹിന്ദു സമൂഹത്തിന്റെ പുറത്തേക്കും വിധിയുടെ അലയൊലികള്‍ ബാധിക്കും. മുസ്ലീം സമുദായത്തിലെയും പാഴ്‌സി സ്ത്രീകളുടെ ആരാധനാലയങ്ങളിലെ പ്രവേശനം സംബന്ധിച്ചും കോടതി പരിശോധിച്ച ശേഷമായിരിക്കും ശബരിമലകേസില്‍ അന്തിമവിധി ഉണ്ടാകുക. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയുടെ പുതുതായി രൂപികരിക്കുന്ന ഏഴംഗ ഭരണഘടനാ ബെഞ്ച് പ്രധാനമായും അഞ്ച് വിഷയങ്ങളാണ് പരിശോധിക്കുക. മതപരമായ കാര്യങ്ങളില്‍ കോടതിക്ക് ഇടപെടാമോ എന്നതാണ് മുഖ്യമായും പരിശോധിക്കുക. ഇതിനോടൊപ്പം ശബരിമലയില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധിയും പരിശോധിക്കും. 

ഇതിന് പുറമെ മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനം, സമുദായത്തിന് പുറത്ത് വിവാഹം ചെയ്ത പാഴ്‌സി സ്ത്രീകളുടെ ആരാധനാലയങ്ങളിലെ പ്രവേശനം, ദാവൂദി ബോറ സമുദായത്തിലെ സ്ത്രീകളുടെ ചേലാകര്‍മ്മം എന്നീ വിഷയങ്ങളും ഏഴംഗ വിശാല ബെഞ്ചിന് പരിശോധിക്കും. ഇതിന് ശേഷമായിരിക്കും അന്തിമവിധി

പുതിയ ബെഞ്ച് പരിഗണിക്കുന്ന വിഷയങ്ങള്‍

1) മതപരമായ കാര്യങ്ങളില്‍ കോടതിക്ക് ഇടപെടാമോ

2) മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനം

3) ശബരിമലയില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചത്

4) ദാവൂദി ബോറ സമുദായത്തിലെ സ്ത്രീകളുടെ ചേലാകര്‍മ്മം

5)സമുദായത്തിന് പുറത്ത് വിവാഹം ചെയ്ത പാഴ്‌സി സ്ത്രീകളുടെ ആരാധനാലയങ്ങളിലെ പ്രവേശനം 

ശബരിമല വിധി പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുന്നത്. ഭൂരിപക്ഷ വിധിയാണ് സുപ്രിംകോടതി പുറപ്പെടുവിച്ചത്. മൂന്ന് ജഡ്ജിമാര്‍ വിശാല ബെഞ്ചിന് വിടുന്നതിനെ അനുകൂലിച്ചു. രണ്ട് പേര്‍ എതിര്‍ക്കുകയും ചെയ്തു.മതത്തിന്റെ കാര്യത്തില്‍ ഇടപെടില്ലെന്ന് പറഞ്ഞുകൊണ്ടാണ് സുപ്രിംകോടതി കേസ് ഏഴംഗ ബെഞ്ചിന് വിട്ടത്.

വിശദമായ വാദം കേട്ട ശേഷമാണ് നടപടിയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. ഈ വിഷയം ശബരിമലയില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, എ.എം. ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ഏഴംഗ ബെഞ്ചിന് വിടുന്ന നടപടിയെ അനുകൂലിച്ചത്. ആര്‍.എഫ്. നരിമാനും ഡി.വൈ. ചന്ദ്രചൂഡും നടപടിയെ ശക്തമായി എതിര്‍ത്തു. അന്‍പത്തിയാറ് പുനഃപരിശോധനാ ഹര്‍ജികള്‍ അടക്കം അറുപത് ഹര്‍ജികളാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.