പോലീസ് നിലപാട് കടുപ്പിച്ചതോടെ ഹര്‍ത്താലില്‍ നിന്ന് പിന്മാറി യൂത്ത് ലീഗും; തീവ്രമുസ്ലീം സംഘടനകള്‍ നടക്കുന്ന ഹര്‍ത്താലുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് പികെ ഫിറോസ്

Saturday 14 December 2019 10:25 pm IST

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ തീവ്ര മുസ്ലീം സംഘടനകള്‍ നടത്തുന്ന സംസ്ഥാന ഹര്‍ത്താലിന് മുസ്ലിം യൂത്ത് ലീഗിന് യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ്. ഡിസംബര്‍ 17ന് പ്രഖ്യാപിച്ച ഹര്‍ത്താലുമായി  ബന്ധപ്പെട്ട പ്രചാരണ പ്രവര്‍ത്തനങ്ങളിലോ ഹര്‍ത്താല്‍ നടത്തുന്നതിനോ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്നും ഫറോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. കേരള പോലീസ് നിലപാട് കടുപ്പിച്ചതോടെയാണ് യൂത്ത് ലീഗ് ഹര്‍ത്താല്‍ പിന്തുണയില്‍ നിന്ന് ഉള്‍വലിഞ്ഞത്. 

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, എന്‍.ആര്‍.സി ഉപേക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തീവ്രമുസ്ലീം സംഘടനകള്‍ നടത്തുന്ന ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.  17ന് രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ബി.എസ്.പി, കേരള മുസ്ലിം യുവജന ഫെഡറേഷന്‍, സോളിഡാരിറ്റി, എസ്.ഐ.ഓ, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, പോരാട്ടം, ഡി.എച്ച്.ആര്‍.എം, ജമാ - അത്ത് കൗണ്‍സില്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സംയുക്ത യോഗതീരുമാനമാണെന്നുള്ള രീതിയിലാണ് സന്ദേശം പ്രചരിപ്പിക്കുന്നത്. ഹര്‍ത്താല്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സംഘടന ഏഴ്  ദിവസം മുമ്പ് നോട്ടിസ് നല്‍കണമെന്ന് 07.01.2019 തീയ്യതിയിലെ ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. നിലവില്‍ യാതൊരു സംഘടനയും ഔദ്യോഗികമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് നോട്ടിസ് നല്‍കിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. 

അതിനാല്‍ ഹര്‍ത്താല്‍ പ്രഖ്യാപനം നിയമവിരുദ്ധമാണ്. ഈ ദിവസം കാസറഗോഡ് ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുകയോ , അനുകൂലിക്കുകയോ ചെയ്താല്‍ അതിന്റെ എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും ഉത്തരവാദിത്വം ഈ സംഘനകളുടെ ജില്ലാ നേതാക്കള്‍ക്കായിരിക്കുമെന്നും  അവരുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും  പോലീസ് അറിയിച്ചു.  17ന് സംസ്ഥാന വ്യാപകമായി ത്രിതല പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് വോട്ടാവകാശം വിനിയോഗിക്കുന്നതിനും മറ്റും ഇത്തരം പ്രചാരണം തടസ്സം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍  ഇലക്ഷനുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കും കൂടി ഈ  നേതാക്കള്‍ ഉത്തരവാദികള്‍ ആയിരിക്കുമെന്നാണ് പോലീസ് വ്യക്തമാക്കിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.