സര്‍ക്കാര്‍ ഉത്തരവുകള്‍ പരസ്യപ്പെടുത്താന്‍ ജില്ലാ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടില്ല; ജയരാജനെതിരെ മന്ത്രി എ.സി മൊയ്ദീന്‍

Thursday 20 June 2019 8:40 pm IST

തിരുവനന്തപുരം: കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭയിലെ നാല് ഉദ്യോഗസ്ഥരെ സസ്പെന്റെ ചെയ്ത സര്‍ക്കാര്‍ നടപടി മാധ്യമങ്ങളോട് പറഞ്ഞ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനെ വിമര്‍ശിച്ച് മന്ത്രി എസി മൊയ്ദീന്‍. സര്‍ക്കാര്‍ കാര്യങ്ങള്‍ പരസ്യപ്പെടുത്താന്‍ ജില്ലാ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി തുറന്നടിച്ചു. സര്‍ക്കാര്‍ നടപടി വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. 

നേരത്തെ ആത്മഹത്യ ചെയ്ത സാജന്റെ വീട് സന്ദര്‍ശിച്ച എംവി ജയരാജന്‍, നാല് ഉദ്യോഗസ്ഥര്‍ക്ക് എതിരെ സര്‍ക്കാര്‍ നടപടിയെടുത്തു എന്ന് വ്യക്തമാക്കിരിയുന്നു. സംഭവത്തില്‍ നഗരസഭ അധ്യക്ഷയ്ക്ക് പങ്കില്ലെന്ന് കൂടെയുണ്ടായിരുന്ന പി ജയരാജനും പറഞ്ഞു. പികെ ശ്രീമതിയ്ക്ക് ഒപ്പമാണ് ഇവര്‍ സാജന്റെ വീട് സന്ദര്‍ശിച്ചത്. 

ഇതിന് പിന്നാലെയാണ് നടപടികള്‍ വ്യക്തമാക്കാന്‍ മന്ത്രി പത്രസമ്മേളനം നടത്തിയത്. നഗരസഭ സെക്രട്ടറി ഗിരീഷ്, അസി. എഞ്ചിനിയര്‍ കലേഷ്, ഫസ്റ്റ് ഗ്രേഡ് ഓവര്‍സീയര്‍മാരായ അഗസ്റ്റിന്‍,സുധീര്‍ എന്നിവരെയാണ് സസ്പെന്റ് ചെയ്തത് എന്ന് മന്ത്രി വ്യക്തമാക്കി. സാജന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ മന്ത്രി, ഉദ്യോഗസ്ഥര്‍ അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞു. 

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ വിജിലന്‍സ് ചീഫ് ടൗണ്‍ പ്ലാനര്‍, നഗരകാര്യ ഉത്തരമേഖല ജോയിന്റ് ഡയറക്ടര്‍ എന്നിനവരുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചെന്ന് മന്ത്രി വ്യക്തമാക്കി. നിയമവിധേയമായി കാര്യങ്ങള്‍ ചെയ്തിട്ടും അനാവാശ്യ കാലതാമസം വരുത്തുന്നുണ്ടോയെന്ന് പരിശോധിക്കും. സാജന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.