നടിയെ ആക്രമിച്ച കേസ്: ജാമ്യത്തില്‍ മുങ്ങിയ പ്രതി പിടിയില്‍

Thursday 5 December 2019 5:37 am IST

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ഒന്‍പതാം പ്രതി പിടിയില്‍. പത്തനംതിട്ട സ്വദേശി സനില്‍ കുമാറാണ് പാലായില്‍ പിടിയിലായത്. സനില്‍ കുമാറിനെ എത്രയും പെട്ടെന്ന് ഹാജരാക്കണമെന്ന് കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് സനില്‍കുമാറിന് ജാമ്യം നിന്നവരെ കോടതി വിളിച്ചുവരുത്തുകയും ചെയ്തു. 10ന് പ്രതിയെ കോടതിയില്‍ ഹാജരാക്കണമെന്നും അല്ലെങ്കില്‍ ജാമ്യക്കാര്‍ 1,60,000 രൂപ വീതം കോടതിയില്‍ കെട്ടിവയ്ക്കണമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. സനില്‍ കുമാറിന്റെ ജാമ്യവും വിചാരണക്കോടതി റദ്ദാക്കിയിരുന്നു. 

ജാമ്യത്തില്‍ ഇറങ്ങി ഒളിവിലായ സനില്‍ കുമാറിനെതിരെ നെടുമ്പാശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതിനിടെയാണ്, പാലായിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന വിവരം ലഭിച്ചത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പ്രതിയെ പിടിച്ചത്.

2017 ജനുവരി 17നാണ് കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. സിനിമാനടിയുടെ കാറില്‍ അതിക്രമിച്ചു കയറിയ സംഘം അപകീര്‍ത്തികരമായ വീഡിയോ എടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സനില്‍ കുമാര്‍ അടക്കം ആറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഫെബ്രുവരി 23ന് കീഴടങ്ങാനായി എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയ സനില്‍കുമാറിനേയും വിജീഷിനേയും ബലംപ്രയോഗിച്ച് പോലീസ് പിടികൂടുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.