'നാന്‍ പെറ്റ മകന്‍' നല്ല സിനിമയെന്ന് മന്ത്രി എം.എം. മണി; അന്വേഷണം എവിടെ വരെയായെന്ന് ബന്ധുക്കള്‍; പ്രതികളെ ശിക്ഷിച്ചില്ലെങ്കില്‍ കോടതിക്കു മുന്നില്‍ ജീവനൊടുക്കുമെന്ന് മനോഹരന്‍

Wednesday 26 June 2019 11:27 am IST
'അഭിമന്യു കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷമാകാന്‍ പോകുന്നു. ഇപ്പോഴും പ്രതികള്‍ ഒളിവിലാണ്. ചില പ്രതികള്‍ വിദേശത്തേക്കു പോയെന്നു പറയപ്പെടുന്നു. അന്വേഷണം എവിടെ വരെയായി?

കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ കുത്തേറ്റു മരിച്ച കൊട്ടാക്കമ്പൂര്‍ സ്വദേശി അഭിമന്യുവിന്റെ കഥ പറയുന്ന 'നാന്‍ പെറ്റ മകന്‍' എന്ന സിനിമയെക്കുറിച്ചു മന്ത്രി എം.എം. മണിയുടെ ഫെയ്‌സ്ബുക് പോസ്റ്റിനു പിന്നാലെ, കേസിന്റെ ഇപ്പോഴത്തെ സ്ഥിതിയില്‍ ചര്‍ച്ച ഉയരുന്നു.  സിനിമ നല്ലതാണെന്നും എല്ലാവരും കുടുംബസമേതം കാണണമെന്നുമായിരുന്നു മന്ത്രി മണിയുടെ ഫെയ്‌സ്ബുക് പോസ്റ്റ്.

എന്നാല്‍ കേസ് അന്വേഷണത്തിലെ അതൃപ്തി അറിയിച്ചു മന്ത്രിയുടെ പോസ്റ്റിനു അഭിമന്യുവിന്റെ ബന്ധുക്കള്‍ കമന്റിട്ടു. 'അഭിമന്യു കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷമാകാന്‍ പോകുന്നു. ഇപ്പോഴും പ്രതികള്‍ ഒളിവിലാണ്. ചില പ്രതികള്‍ വിദേശത്തേക്കു പോയെന്നു പറയപ്പെടുന്നു. അന്വേഷണം എവിടെ വരെയായി? കേസ് അന്വേഷിക്കുന്ന പോലീസുകാരെ മൊബൈലില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല'  ഇതായിരുന്നു അടുത്ത ബന്ധുവിന്റെ പോസ്റ്റ്.

ഇതേസമയം, സിനിമയുടെ കാര്യം അവിടെ നില്‍ക്കട്ടെയെന്നും അഭിമന്യുവിന് ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്നും പിതാവ് മനോഹരന്‍ തുറന്നടിച്ചു. 'മുഴുവന്‍ പ്രതികളെയും ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതികളെ കണ്ടെത്തി ശിക്ഷിച്ചില്ലെങ്കില്‍ കോടതിക്കു മുന്നില്‍ ജീവനൊടുക്കും' മനോഹരന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണു ചുവരെഴുതുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്ന എം.അഭിമന്യു കുത്തേറ്റു മരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.