മൂന്നാമത്തെ കീമോയും കഴിഞ്ഞു; ഇടയ്ക്ക് ആരോടും പറയാതെ ഐസിയുവില്‍ പോയി; ഇപ്പോള്‍ ഉഷാറാണ്; ക്യാന്‍സര്‍ ജീവിതത്തിലെ ഒരു പ്രതിസന്ധിമാത്രമെന്ന് നന്ദു മഹാദേവ

Sunday 26 January 2020 12:21 pm IST

കൊച്ചി: ക്യാന്‍സര്‍ എന്ന മഹാവ്യാധിയോട് പൊരുതി ജീവിക്കുന്നവര്‍ക്ക് മാതൃകയാണ് നന്ദു മഹാദേവ എന്ന ചെറുപ്പക്കാരന്‍. തന്റെ മൂന്നാമത്തെ കീമോയും  കഴിഞ്ഞിരിക്കുയാണെന്ന് നന്ദു ഫേസ്ബുക്കിലൂടെ അറിയിച്ചു. 

ക്യാന്‍സര്‍ വന്നതിനു ശേഷമാണോ ഈ പക്വതയും ആത്മവിശ്വസവുമൊക്കെ വന്നതെന്ന് പലരും ചോദിക്കുന്നതായും എന്നാല്‍ ക്യാന്‍സര്‍ തന്റെ ജീവിതത്തിലെ നിരവധി പ്രതിസന്ധികളില്‍ ഒരു പ്രതിസന്ധിമാത്രമാണെന്ന് നന്ദു പറഞ്ഞു. ഈ ഭൂമിയിലേക്ക് വരുന്നതിനും മുന്‍പ് അമ്മയുടെ വയറ്റില്‍ കിടക്കുന്നതുമുതല്‍ തുടങ്ങിയ കഷ്ടതകളെകുറിച്ചും അവയെ താന്‍ അതിജീവിച്ചതിനെക്കുറിച്ചും നന്ദു ഫേസ്ബുക്കില്‍ പങ്കുവച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:-

അങ്ങനെ മൂന്നാമത്തെ കീമോയും കഴിഞ്ഞു !!

ഇടയ്ക്ക് ആരോടും പറയാതെ ഒന്ന് ICU വില്‍ ഒക്കെ പോയി വന്നു !!

ഇപ്പോള്‍ ഉഷാറാണ് !!

ഈ ആത്മവിശ്വാസവും പക്വതയും ഒക്കെ ക്യാന്‍സര്‍ വന്ന ശേഷം പെട്ടെന്നുണ്ടായതാണോ എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്..!!

സത്യത്തില്‍ പിന്നിട്ട് വന്ന പ്രതിസന്ധികളില്‍ ഒന്നു മാത്രമാണ് ക്യാന്‍സര്‍..!

ഈ മനോഹരമായ ഭൂമിയിലേക്ക് ജനിക്കുന്നതിനു മുമ്പ് തന്നെ എന്റെ ജീവിതത്തില്‍ യുദ്ധങ്ങള്‍ ആരംഭിച്ചിരുന്നു..!!

'അമ്മ എന്നെ പ്രഗ്‌നന്റ് ആയിരിക്കുന്ന സമയത്ത് ഞാന്‍ എന്ന കുട്ടിയെ കിട്ടാന്‍ ഒരു സാധ്യതയും ഇല്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി..

ഒടുവില്‍ 18 ഓളം ഇഞ്ചക്ഷന്‍ നല്‍കി അബോര്‍ഷന്‍ ആകാതെ ഞാന്‍ ജനിച്ചു..

എനിക്ക് ജന്മനാ വികലാംഗത ഉണ്ടാകുമെന്നു പറഞ്ഞ ഡോക്ടര്‍മാരെ അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു എന്റെ ജനനം..

അപ്പോഴും മുന്നില്‍ പ്രതിസന്ധി..

കേവലം 1900gm മാത്രമായിരുന്നു എന്റെ ശരീരഭാരം..!!

അതിനെയൊക്കെ അതിജീവിച്ചു ഞാന്‍ വളര്‍ന്നു..!!

ഇതിനിടയില്‍ കുട്ടിക്കാലത്തു രണ്ടോളം പ്രാവശ്യം എന്നെ പാമ്പ് കടിച്ചു..

കരിന്തേള്‍ കടിച്ചു..

പക്ഷെ ഞാന്‍ അത്ഭുതകരമായി തന്നെ രക്ഷപ്പെട്ടു..!!

ഞങ്ങടെ കുട്ടിക്കാലമൊക്കെ വല്ലാത്ത ദാരിദ്ര്യം ആയിരുന്നു !!

ഒരു ജോഡി ഡ്രസ്സൊക്കെ കിട്ടുന്നത് ഒരുത്സവം പോലെയായിരുന്നു..!!

പട്ടിണി മാറ്റാന്‍ പലതരം ജോലികള്‍ ചെയ്തു..!

കുട്ടിക്കാലത്ത് ഉണ്ണിയപ്പവും എണ്ണപ്പലഹാരങ്ങളും ഒക്കെ വീട്ടില്‍ ഉണ്ടാക്കി വീടുകള്‍ തോറും കൊണ്ടു പോയി കൊടുക്കുമായിരുന്നു..

അങ്ങനെ അമ്മയോടൊപ്പം പോയി എന്റെ തൊഴില്‍ ജീവിതം ആരംഭിച്ചു..!!

കിലോമീറ്ററുകളോളം ഞാനും അമ്മയും നടക്കുന്നത് ഇന്നും എനിക്കോര്‍മ്മയുണ്ട്..!

അതൊക്കെ കഴിഞ്ഞ് 'അമ്മ വളക്കച്ചവടം തുടങ്ങി..

അപ്പോഴും ഞാനും അമ്മയും കൂടി വളയൊക്കെ കൊണ്ട് ഒരുപാട് സ്ഥലങ്ങളില്‍ പോയി കച്ചവടം ചെയ്തു..

7 km വരെ വളയും ഫാന്‍സി സാധനങ്ങളും തലയില്‍ ചുമന്നു നടന്ന് പോയിട്ടുണ്ട് ഞങ്ങള്‍ !!

പതിനഞ്ചാമത്തെ വയസ്സില്‍ ഓട്ടോ ഓടാന്‍ സ്റ്റാന്‍ഡില്‍ ഇറങ്ങി..!

പിന്നെ കുറെ നാള്‍ മീന്‍ വണ്ടി ഓടിക്കാന്‍ പോയി..!

വെല്‍ഡിങ് ജോലികള്‍ക്ക് പോയിട്ടുണ്ട്...!

അങ്ങനെ വെല്‍ഡിങ് പഠിച്ചു..

പിന്നെ പെയിന്റിങ്ങിന് പോയി പെയിന്റിങ് പഠിച്ചു..!!

തട്ടിന്റെ പണിക്ക് പോയിട്ടുണ്ട്..!!

പലപ്പോഴും ദൈവം പറമ്പിലെ വാഴക്കുലയുടെ രൂപത്തില്‍ വന്ന് പൂര്‍ണ്ണ പട്ടിണിയില്‍ നിന്ന് ഞങ്ങളെ രക്ഷിച്ചിട്ടുണ്ട്..!!

കുറെ നാള്‍ വര്‍ക്കപ്പണിക്ക് കയ്യാള്‍ ആയി പോയി..!!

കോണ്‍ക്രീറ്റിന് പോയിട്ട് കൈ അടര്‍ന്നു പോയ അടയാളം ഈ ഇടക്കാലം വരെ കയ്യില്‍ ഉണ്ടായിരുന്നു..!!

അതു കഴിഞ്ഞ് ഒരു ഹോട്ടലില്‍ ഹൗസ് കീപ്പിംഗില്‍ ജോലി ചെയ്ത് അതേ ഹോട്ടലില്‍ തന്നെ ബില്ലിങ്ങിലും അക്കൗണ്ട് സെക്ഷനിലും കിച്ചന്‍ സൂപ്പര്‍വൈസര്‍ ആയും വരെ ജോലി നോക്കാന്‍ കഴിഞ്ഞിട്ടുണ്ട്..!!

ഹൗസ് കീപ്പിംഗ് എന്നു പറഞ്ഞാല്‍ കക്കൂസ് വരെ കഴുകണം..!!

അത് കഴിഞ്ഞു വേറൊരു പ്രമുഖ ഹോട്ടലില്‍ റൂം സര്‍വ്വീസ് ജോലിക്ക് കയറി അതേ ഹോട്ടലില്‍ തന്നെ റിസപ്ഷനിസ്റ്റ് ആയും ഒടുവില്‍ റിസപ്ഷന്‍ മാനേജര്‍ ആയും ജോലി ചെയ്തിട്ടുണ്ട്..

അത് കഴിഞ്ഞു കുറെ നാള്‍ തമിഴ്‌നാട്ടില്‍ കാര്‍ െ്രെഡവര്‍ ആയി ജോലി ചെയ്തു..!!

തിരുവനന്തപുരത്തെ ഒരു പ്രമുഖ ഹോട്ടലില്‍ വെയ്റ്റര്‍  ആയി ജോലി ചെയ്തിട്ടുണ്ട്..!!

പിന്നീട് എന്‍ജിനീയറിങ് പഠിക്കുന്ന സമയത്ത് ചിലവിനായി ഒഴിവ് സമയങ്ങളില്‍ ബസ് കഴുകി പണം കണ്ടെത്തിയിട്ടുണ്ട്...!!

പിന്നെ ടൂറിസ്റ്റ് ഗൈഡ് ആയി ജോലി ചെയ്തിട്ടുണ്ട്..

കുറെ നാള്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ പ്രൊഡക്ഷനില്‍ ജോലി ചെയ്തിട്ടുണ്ട്..

കല്യാണ പാചകങ്ങള്‍ക്ക് പോയിട്ടുണ്ട്..

ദീപാവലിക്ക് പടക്കം കച്ചവടത്തിന് പോയിട്ടുണ്ട്..

ഫുട്പാത്തില്‍ തുണി കച്ചവടം ചെയ്തു കുറെ നാള്‍..

ഫുഡ് കമ്പനിയില്‍ ഡെലിവറി ബോയ് ആയി ജോലി ചെയ്തിട്ടുണ്ട്..

എന്തിനേറെ പറയുന്നു റോഡ് ടാറിംഗ് പണിക്കു വരെ പോയിട്ടുണ്ട്..

ഒപ്പം പഠിച്ചവര്‍ , പഠിപ്പിച്ചവര്‍ ഒക്കെ പോകുമ്പോള്‍ മുഖം മറച്ചു നിന്ന്...!!!!

ഇതില്‍ പല ജോലികള്‍ക്കും വീട്ടുകാര്‍ പോലും അറിയാതെ രഹസ്യമായിട്ടാണ് പോയത്..!!

ലക്ഷ്യം സ്വന്തം കാലില്‍ നില്‍ക്കുക , പഠിക്കുക എന്നതായിരുന്നു..

അതുകൊണ്ട് തന്നെ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രേ ഇതൊക്കെ അറിയൂ..

ഇതുമല്ലാതെ വേറെയും പ്രതിസന്ധികള്‍..

മൂന്ന് നാല് പ്രാവശ്യം വലിയ വാഹനാപകടം ഉണ്ടായി..!!

ഒരുപാട് തവണ മരണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിട്ടുണ്ട്..!

ഇതിനിടയില്‍ നാലോളം തവണ പഠനം മുടങ്ങിയെങ്കിലും ഞാന്‍ തോല്‍ക്കാതെ വീണ്ടും വീണ്ടും തുടര്‍ന്നു..!!

ഒടുവിലാണ് പാര്‍ട്ണര്‍ ഷിപ്പില്‍ ഒരു കാറ്ററിങ് യൂണിറ്റ് തുടങ്ങിയത്..അവിടെയും ചോര നീരാക്കി തന്നെയാണ് കഷ്ടപ്പെട്ടത്..പാര്‍ട്ണര്‍ ഷിപ്പിലെ പ്രശ്‌നങ്ങള്‍ കാരണം അതൊക്കെ നിര്‍ത്തി..!!

കൂടിപ്പിറപ്പുകളായി ചേര്‍ന്ന് നിന്ന ഞങ്ങള്‍ 4 പേര്‍ പെട്ടെന്ന് പിരിഞ്ഞത് വല്ലാത്ത ആഘാതം സമ്മാനിച്ചു..!

അതും കഴിഞ്ഞു സ്വന്തമായി ബിസിനസ്സ് തുടങ്ങിയപ്പോഴാണ് സുഖമില്ലാതെ ആകുന്നത്..

പിന്നീടിങ്ങോട്ട് എല്ലാവര്‍ക്കും അറിയുന്ന കഥയാണ് !!

ഇത്രയും പറയുമ്പോ വിചാരിക്കും പഠനത്തില്‍ മോശം ആയത് കൊണ്ടാണ് ജോലിക്ക് പ്രാധാന്യം നല്‍കിയതെന്ന്..

ചെറുപ്പം മുതലേ പഠിച്ച എല്ലാ ക്ലാസ്സിലും പഠനത്തില്‍ മുമ്പില്‍ ആയിരുന്നു..2009 ഇല്‍ എന്റെ സ്‌കൂളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയാണ് ടടഘഇ പൂര്‍ത്തിയാക്കിയത്...പല പ്രതിസന്ധികളും ഉണ്ടായെങ്കിലും തുടര്‍ന്നിങ്ങോട്ടും അങ്ങനെ തന്നെയാണ്...!!

പരീക്ഷയ്ക്ക് എന്റെ പേപ്പര്‍ കണ്ടെഴുതിയ കൂട്ടുകാര്‍ പുതിയ ഷൂ ഒക്കെയിട്ട് എന്‍ജിനീയറിങ്ങിന് പോകുമ്പോള്‍ ഞാന്‍ മറുവശത്ത് സേഫ്റ്റി ഷൂ ഒക്കെയിട്ട് റോഡ് ടാറിംഗ് ചെയ്യുകയായിരുന്നു !!

അങ്ങനെ 25 വയസ്സായപ്പോ 75 വയസ്സിന്റെ അനുഭവങ്ങള്‍ കൂട്ടിനുണ്ട്..

അത്രയും തന്നെ പക്വതയും..!!

ഇങ്ങനെ ജീവിതാനുഭവങ്ങള്‍ ഉള്ളത് കൊണ്ടാണ് എന്തിനെയും നേരിടാനുള്ള മനസ്സ് കിട്ടിയത്...

കുഞ്ഞു നാളുകളില്‍ ഒത്തിരി കരഞ്ഞിട്ടാണ് ഇപ്പോള്‍ വേദനകളില്‍ കരയാതെ പുഞ്ചിരിക്കാന്‍ കഴിയുന്നത്..

അല്ലാതെ ഒരു അസുഖം വന്നപ്പോള്‍ പെട്ടെന്ന് വന്നതല്ല..!!

അതുകൊണ്ടു തന്നെ എന്റെ ജീവിതം ഒരു വിജയം തന്നെയാണ്..

ഈ അര്‍ബുദം എന്ന പ്രതിസന്ധിയെയും ചവിട്ടി മെതിച്ചു തന്നെ ഞാന്‍ മുന്നോട്ട് പോകും !!

നമ്മളെല്ലാം നമ്മുടെ കുട്ടികളെ പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കി തന്നെ വളര്‍ത്തണം..

അപ്പോഴാണ് വീഴ്ചകളില്‍

തളരാത്ത ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ നമുക്ക് കഴിയുക..!!

പ്രതിസന്ധികളെ നോക്കി വെല്ലുവിളിക്കുന്ന ഒരു തലമുറ !!

പരാജയങ്ങളില്‍ നിന്ന് വിജയത്തിലേക്ക് കുതിച്ചു ചാടുന്ന ഒരു തലമുറ !!

അങ്ങനൊരു തലമുറയെ നമുക്ക് വര്‍ത്തെടുക്കാം..

നമ്മളൊന്നിച്ചു നിന്നാല്‍ ഈ ലോകം തന്നെ നമുക്ക് മാറ്റിയെടുക്കാമെന്നേ..!!

സുന്ദരമായ , സന്തോഷം നിറഞ്ഞു നില്‍ക്കുന്ന, പരസ്പരം സ്‌നേഹം തുളുമ്പുന്ന ലോകം !!!

സ്വപ്നങ്ങളെ പിന്തുടരുമ്പോള്‍ വഴിയില്‍ നമ്മള്‍ ചിലപ്പോള്‍

കുഴഞ്ഞു വീണേക്കാം..

പക്ഷെ മുന്നോട്ട് തന്നെ നീങ്ങണം..!!

കുഴഞ്ഞു വീണാലും..

ഇഴഞ്ഞു നീങ്ങണം..!!

അത് മുന്നോട്ട് തന്നെയായിരിക്കണം..!!

അന്നും ഇന്നും എന്നും ഒപ്പം നിന്ന ചങ്കുകളാണ് എന്റെ ഊര്‍ജ്ജം !!

Love You All ?

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.