യുഎന്‍ പൊതുസഭയെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അഭിസംബോധന ചെയ്യും; ഭാരതത്തെ കേള്‍ക്കാള്‍ 112 രാഷ്ട്രങ്ങള്‍

Monday 9 September 2019 3:50 pm IST

ന്യൂയോര്‍ക്ക്: രണ്ടാം തവണയും യുഎന്‍ പൊതുസഭയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. സെപ്റ്റംബര്‍ 27 ന് നടക്കുന്ന വാര്‍ഷിക ഉന്നതതല സമ്മേളനത്തിലാണ് മോദി പ്രസംഗിക്കുക. യുഎന്‍ ജനറല്‍ അസംബ്ലിയുടെ (യുഎന്‍ജിഎ) 74ാമത് സെഷന്റെ പൊതുചര്‍ച്ചയ്ക്കുള്ള പുതുക്കിയ പട്ടിക പ്രകാരം പ്രധാനമന്ത്രി സെപ്റ്റംബര്‍ 27 രാവിലെ ഉന്നതതല സെഷനില്‍ പ്രസംഗിക്കും. 

2014ലാണ് യുഎന്‍ പൊതുസഭയില്‍ പ്രധാനമന്ത്രി മോദി തന്റെ കന്നി പ്രസംഗം നടത്തിയത്. രണ്ടാം മോദി സര്‍ക്കാറിനു ശേഷമുള്ള ആദ്യപ്രസംഗവുമാണ് സെപ്റ്റംബര്‍ 27നു നടക്കുന്നത്. ഉഭയകക്ഷി, ബഹുമുഖ ചര്‍ച്ചകളുള്‍പ്പടെ നിരവധി അജണ്ടകളാണ് ഒരാഴ്ചയോളമുള്ള ന്യൂയോര്‍ക്ക് സന്ദര്‍ശത്തിലുള്ളത്. പ്രസംഗികരുടെ പ്രാരംഭപട്ടിക പ്രകാരം 112 ഓളം രാഷ്ട്രത്തലവന്മാരും 48 ഓളം സര്‍ക്കാര്‍ മേധാവികളും 30 ലധികം വിദേശകാര്യ മന്ത്രിമാരും ന്യൂയോര്‍ക്കിലെത്തും. പൊതുചര്‍ച്ച സെപ്റ്റംബര്‍ 24 ന് ആരംഭിച്ച് സെപ്റ്റംബര്‍ 30 വരെ നടക്കും. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സെപ്റ്റംബര്‍ 24 ന് രാവിലെ ഉന്നതതല സെഷനില്‍ പ്രസംഗിക്കും.

പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തിന്റെ ഭാഗമായി ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ അദ്ദേഹത്തെ ആദരിക്കും.  ഫൗണ്ടേഷന്റെ പ്രത്യേക അംഗീകാരമായ 2019 ലെ 'ഗ്ലോബല്‍ ഗോള്‍കീപ്പര്‍ അവാര്‍ഡ്' സമ്മാനിക്കും.  സ്വന്തം രാജ്യത്ത് ഫലപ്രദമായ പ്രവര്‍ത്തനങ്ങളിലൂടെ ആഗോള ലക്ഷ്യങ്ങളോടുള്ള പ്രതിബദ്ധത പ്രകടിപ്പിച്ച രാഷ്ട്രീയ നേതാവിന് ആദര സൂചകമായി നല്‍ക്കുന്നതാണ് ഈ അംഗീകാരമെന്ന് ഫൗണ്ടേഷന്‍ പറഞ്ഞു. യുഎന്‍ജിഎ സെഷനായി ന്യൂയോര്‍ക്കിലെത്തുന്നതിനുമുമ്പ് പ്രധാനമന്ത്രി മോഡി സെപ്റ്റംബര്‍ 22 ന് ഹ്യൂസ്റ്റണ്‍ സന്ദര്‍ശിക്കും. സെപ്റ്റംബര്‍ 22 ന് ഇന്ത്യന്‍അമേരിക്കന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.