കത്തിക്കുത്ത് കേസിലെ പ്രതി നസീമില്‍ നിന്നും കഞ്ചാവ് പിടികൂടി; പൂജപ്പുര ജയിലില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് കണ്ടെത്തിയത്

Friday 18 October 2019 8:25 am IST

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് കുത്തുകേസിലെ പ്രതിയായ എസ്എഫ്‌ഐ നേതാവ് നസീമില്‍ നിന്ന് പൂജപ്പുര ജയിലില്‍വച്ച് കഞ്ചാവ് പിടികൂടി. കഴിഞ്ഞദിവസം തടവുപുള്ളികളെ പാര്‍പ്പിച്ച ബ്ലോക്കുകളില്‍ പോലിസ് നടത്തിയ തെരച്ചിലിലാണ് നസീമില്‍ നിന്ന് കഞ്ചാവും ബീഡിയും ഹാന്‍സുമടക്കമുള്ള നിരോധിത സാധനങ്ങള്‍ കണ്ടെത്തിയത്. 

യൂണിവേഴ്‌സിറ്റി കോളേജില്‍ സഹപാഠിയായ അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമാണ് നസീം. ഡിജിപിയുടെ നിര്‍ദ്ദേശാനുസരണം ജയില്‍ സൂപ്രണ്ട് ബി.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ജയിലിലെ എല്ലാ ബ്ലോക്കുകളിലും നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. നസീമിനെ പാര്‍പ്പിച്ചിട്ടുള്ള എട്ടാം ബ്ലോക്ക്, ഹോസ്പിറ്റില്‍ ബ്ലോക്ക്, നാല്, എട്ട്, പന്ത്രണ്ട് തുടങ്ങിയ ബ്ലോക്കുകളില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്.

സോപ്പുകവറില്‍ പൊതിഞ്ഞു സൂക്ഷിച്ച നിലയിലാണ് നസീമില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയത്. യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ വിചാരണയ്ക്ക് പോയപ്പോള്‍ സുഹൃത്താണ് ഇത് നല്‍കിയതെന്ന് നസീം പോലീസിനെ അറിയിച്ചിട്ടുണ്ട്.  

നസീമിനു പുറമേ ആറ് സഹ തടവുകാരില്‍ നിന്നും കഞ്ചാവടക്കമുള്ള ലഹരിവസ്തുക്കള്‍ പിടികൂടി. നിരോധിത ലഹരി വസ്തുക്കള്‍ കടത്തിയതുമായി ബന്ധപ്പെട്ട് നസീമടക്കം ഏഴ് തടവുകാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജയില്‍ സൂപ്രണ്ട് പൂജപ്പുര പോലീസിന് കത്ത് നല്‍കി.

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.