പൗരത്വ ഭേദഗതി ബില്‍: രാജ്യസഭയില്‍ ചരിത്ര വിജയം; 105നെതിരെ 125

Thursday 12 December 2019 7:33 am IST
മുസ്ലിം വിരുദ്ധമെന്ന പ്രചാരണം തള്ളി അമിത് ഷാ ശിവസേന ബഹിഷ്‌കരിച്ചു എഐഎഡിഎംകെ, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെഡി, നാഗാ പീപ്പിള്‍സ് ഫ്രണ്ട് അനുകൂലിച്ചു

ന്യൂദല്‍ഹി: ചരിത്രം കുറിച്ച് പാര്‍ലമെന്റ്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം വ്യവസ്ഥ ചെയ്യുന്ന പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. 105നെതിരെ 125 വോട്ടുകള്‍ക്കാണ് ബില്‍ രാജ്യസഭ കടന്നത്. ലോക്‌സഭ നേരത്തെ പാസാക്കിയ ബില്‍ രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ നിയമമാകും. അയല്‍ രാജ്യങ്ങളില്‍ നിന്ന് മതപീഡനം മൂലം അഭയാര്‍ഥികളായി നരകിക്കുന്ന ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങളിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പുതുജീവന്‍ നല്‍കുന്നതാണ് നിയമം. 

രാജ്യസഭയില്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച ബില്ലിന്മേല്‍ ആറു മണിക്കൂറോളം ചര്‍ച്ച നടന്നു. ഇതിന് ശേഷമായിരുന്നു വോട്ടെടുപ്പ്. എഐഎഡിഎംകെ, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെഡി, നാഗാ പീപ്പിള്‍സ് ഫ്രണ്ട് എന്നീ കക്ഷികള്‍ കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ശിവസേന വേട്ടെടുപ്പ് ബഹിഷ്‌കരിച്ചു. ബില്‍ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം 99നെതിരെ 124 വോട്ടുകള്‍ക്ക് തള്ളിയ ശേഷമാണ് ബില്‍ രാജ്യസഭയില്‍ വോട്ടിനിട്ടത്. നാല്‍പ്പതിലേറെ ഭേദഗതി നിര്‍ദേശങ്ങളും സഭ വോട്ടിനിട്ട് തള്ളി. ബില്ലിനെതിരെ ഇന്ന് തന്നെ വിവിധ കക്ഷികള്‍ സുപ്രീംകോടതിയെ സമീപിച്ചേക്കും. 

പൗരത്വം നല്‍കുന്ന ബില്ലാണ്, പൗരത്വം റദ്ദാക്കുന്ന ബില്ലല്ല കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നതെന്ന് മറുപടി പ്രസംഗത്തില്‍ അമിത് ഷാ പറഞ്ഞു. മുസ്ലീങ്ങളെ ഭയപ്പെടുത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള കള്ളപ്രചാരണമാണ് പ്രതിപക്ഷം നടത്തുന്നത്. ഈ ബില്ലുമായി ഇന്ത്യയിലെ മുസ്ലീങ്ങളുടെ പൗരത്വത്തിന് യാതൊരു ബന്ധവുമില്ല. ആരുടേയും പൗരത്വം റദ്ദാക്കാന്‍ പൗരത്വ ഭേദഗതി ബില്‍ വഴി സാധിക്കില്ലെന്ന യാഥാര്‍ഥ്യം തിരിച്ചറിയണം. മുസ്ലീങ്ങളെ ഇന്ത്യയില്‍നിന്ന് ഓടിക്കാനുള്ള ബില്ലാണെന്ന പ്രതിപക്ഷ അംഗങ്ങളുടെ പ്രചാരണത്തെയും അമിത് ഷാ വിമര്‍ശിച്ചു. ഇന്ത്യയിലെ മുസ്ലീങ്ങളെ ഒഴിവാക്കാന്‍ ആര്‍ക്കും സാധിക്കില്ല. താങ്കള്‍ വിചാരിച്ചാല്‍ പോലും സാധിക്കില്ല, സമാജ്‌വാദി പാര്‍ട്ടിയിലെ ജാവേദ് അലിഖാനോട് അമിത് ഷാ പറഞ്ഞു. അഞ്ചുവര്‍ഷം കൊണ്ട് 564 മുസ്ലീങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പൗരത്വം നല്‍കിയ കാര്യവും ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി.

ചരിത്രത്തിലെ സുപ്രധാന ദിനം: പ്രധാനമന്ത്രി

ന്യൂദല്‍ഹി: ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന ദിവസം, ദേശീയ പൗരത്വ ഭേദഗതി ബില്‍ രാജ്യ സഭ പാസാക്കിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. നമ്മുടെ രാജ്യത്തിന്റെ സാഹോദര്യത്തിന്റേയും സഹവര്‍ത്തിത്വത്തിന്റേയും ധാര്‍മികതയ്ക്കും സുപ്രധാനമാണ് ഈ ദിനം. ബില്ലിന് അനുകൂലമായി വോട്ടു ചെയ്ത എല്ലാ എംപിമാരേയും അഭിനന്ദിക്കുന്നു. വര്‍ഷങ്ങളായി ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന ബില്ലാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.