നവോത്ഥാനത്തിന്റെ പേരില്‍ ഇതാ വീണ്ടും ധൂര്‍ത്ത്

Tuesday 19 November 2019 2:08 am IST

മുഖ്യമന്ത്രി പിണറായി വിജയന്‍ നവോത്ഥാനത്തെ ഉപേക്ഷിച്ച ലക്ഷണമില്ല. 2018 ഡിസംബറില്‍ അദ്ദേഹം നവോത്ഥാന മതിലിന്റെ പണിപ്പുരയിലായിരുന്നു. ഈ വര്‍ഷം ഇതാ നവോത്ഥാന നായകരുടെ പേരില്‍ സാംസ്‌കാരിക സമുച്ചയങ്ങള്‍ കെട്ടിപ്പൊക്കാനുള്ള പുറപ്പാടിലും. ഇതിനായി 700 കോടി രൂപയാണ് കിഫ്ബി വഴി വകയിരുത്തിയിരിക്കുന്നത്. ഇതിന്റെ ഉത്തരവും പുറപ്പെടുവിച്ചു. ഇനി നടപ്പാക്കുകയേ വേണ്ടൂ. മഴ പെയ്താല്‍ കയറി നില്‍ക്കാന്‍ വെയിറ്റിങ് ഷെഡ് പോലുമില്ലാത്ത, പൊട്ടിപ്പൊളിഞ്ഞതും യാത്രക്കാരുടെ നടുവൊടിക്കുന്നതുമായ നിരവധി റോഡുകള്‍ സ്വന്തമായിട്ടുള്ള, പ്രളയത്തില്‍ എല്ലാ നഷ്ടമായി ഇപ്പോഴും പുനരധിവസിപ്പിക്കപ്പെടാതെ ഭാവിയെ നോക്കി ആശങ്കയോടെ കഴിയുന്ന അനേകം പേരുള്ള കേരളത്തിന് ഇപ്പോള്‍ മറ്റെന്തിലും അത്യാവശ്യം നവോത്ഥാന സ്മാരകമാണെന്ന് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ധരിച്ചുവച്ചിരിക്കുന്നു. എന്തിന്റെ പേരിലാണെങ്കിലും ഈ തീരുമാനം അനവസരത്തിലും അനുചിതവുമായിപ്പോയി. 

കേരളത്തിലെ സമ്പന്നമായ സാംസ്‌കാരിക പൈതൃക സംരക്ഷണത്തിനും വ്യാപനത്തിനും പ്രോത്സാഹനത്തിനു

മായി 2016-17 ലെ പുതുക്കിയ ബജറ്റ് പ്രസംഗത്തിലാണ് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കിഫ്ബിയുടെ ധനസഹായത്തോടെ സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചത്. അത് യാഥാര്‍ത്ഥ്യമാക്കാനാണ് മുഖ്യമന്ത്രി ഇപ്പോള്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. 

പാലക്കാട്, കൊല്ലം, കാസര്‍കോട് ജില്ലകളിലാണ് നി

ര്‍മാണവുമായി ബന്ധപ്പെട്ട ആദ്യഘട്ട ടെന്‍ഡര്‍ വിളിച്ചതും. വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കിലാകണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടും പര്യാപ്തമായ ഓഫറുകളുടെ അസാന്നിധ്യം നിമിത്തം കഴിഞ്ഞ മെയ് മാസത്തില്‍ റീ-ടെന്‍ഡര്‍ ചെയ്യുകയായിരുന്നു. ഇപ്പോള്‍ കിട്ടിയ ടെന്‍ഡര്‍ നിരക്ക് കൂടുതലാണ്.  കൂട്ടത്തില്‍ കുറവുള്ള തുക ടെന്‍ഡര്‍ എക്‌സസ് അടക്കം അംഗീകരിക്കണമെന്നാണ് പദ്ധതിയുടെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായ കേരള സംസ്ഥാന ചിലച്ചിത്ര വികസന കോര്‍പ്പറേഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഉത്തരവിറക്കലും ശുപാര്‍ശ ചെയ്യലും ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോകുമായിരിക്കാം. അങ്ങനെയെങ്കില്‍ സമൂഹത്തില്‍ ആര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുകയെന്ന് വ്യക്തമാക്കേണ്ട ഉത്തരവാദിത്തവും സര്‍ക്കാരിനുണ്ട്. 

വനിതാ മതില്‍ പണിയുന്നതിനായി ചിലവാക്കിയ ഏകദേശം 50 കോടി രൂപ എങ്ങനെ സമാഹരിച്ചുവെന്നും അതിനായി സര്‍ക്കാര്‍ ബജറ്റില്‍ നിന്നും വകമാറ്റിയത് എത്ര എന്നും സമൂഹത്തോട് പറയേണ്ടിയിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പൊള്ളയാണെന്ന് പിന്നീട് ജനം തിരിച്ചറിഞ്ഞുവെന്ന കാര്യവും പിണറായി വിജയന്‍ മറന്നുപോകരുത്. 

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ തന്നെ സ്‌പോണ്‍സേര്‍ഡ് പരിപാടിയായി ഉയര്‍ന്ന വനിതാമതില്‍. നഷ്ടപ്പെട്ടുപോ

യ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന വ്യാജേന കോടികള്‍ ധൂര്‍ത്തടിച്ചതല്ലാതെ മൂല്യങ്ങള്‍ ഒന്നും സംരക്ഷിക്കപ്പെട്ടില്ല എന്ന് കേരളത്തില്‍ നടക്കുന്ന ബലാത്സംഗ-കൊലപാതക പരമ്പരകള്‍ പറയാതെ പറയുന്നുമുണ്ട്. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിനെതിരെയുള്ള പ്രതിഷേധത്തിനെതിരെ തീര്‍ത്ത വനിതാമതില്‍ കൊണ്ട് ഒരു നവോത്ഥാനമൂല്യവും സംരക്ഷിക്കപ്പെട്ടില്ല. അതിനൊരു തുടര്‍ച്ചയും ഉണ്ടായതുമില്ല. അപ്പോഴാണ് മറ്റൊരു ധൂര്‍ത്തിന് സര്‍ക്കാരുതന്നെ നേരിട്ട് കളമൊരുക്കിയിരിക്കുന്നത്. 

സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോ

കുന്നതെന്ന് ധനകാര്യമന്ത്രിയുള്‍പ്പടെയുള്ളവര്‍ ആവര്‍ത്തിച്ചിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ട്രഷറിനിയന്ത്രണം പോലും ഏര്‍പ്പെടുത്തിയതും. നവോത്ഥാന നായകര്‍ക്കുവേണ്ടിയുള്ള സാംസ്‌കാരിക സമുച്ചയങ്ങള്‍ക്ക് ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന പ്രസക്തിയുടെ യുക്തിയും സാധാരണക്കാരന് പി

ടികിട്ടുന്നില്ല. 

സമൂഹത്തിലെ താഴെത്തട്ടിലുള്ളവന് പോലും പ്രയോജനം കിട്ടത്തക്കവിധത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നടപ്പാക്കാനുമുള്ള ആര്‍ജ്ജവമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഓരോ പൗരനും പ്രതീക്ഷിക്കുന്നത്. പൊതുഗതാഗത സൗകര്യം കുറ്റമറ്റതാക്കുക, പുനരധിവാസ കേന്ദ്രങ്ങള്‍ നിര്‍മിക്കുക, പരിസ്ഥിതി സംരക്ഷണത്തിനാവശ്യമായ പദ്ധതികള്‍ നടപ്പാക്കുക തുടങ്ങി എത്രയെത്ര കാര്യങ്ങളാണ് ജനോപകാരപ്രദമായി സര്‍ക്കാരിന് ചെയ്യാനുള്ളത്. ഗുജറാത്തില്‍ സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ പ്രതിമ സ്ഥാപിച്ചപ്പോള്‍ പ്രതിമകൊണ്ട് വിശപ്പ് മാറില്ലെന്ന് വിമര്‍ശിച്ചവരാണ് ഇന്ന് നവോത്ഥാന സ്മാരകവുമായി രംഗത്ത് വന്നിട്ടുള്ളത്.

 നവോത്ഥാനം എന്നാല്‍ നവമായതിനെ ഉത്ഥാനം ചെയ്യുന്നത് എന്നാണ്. പുതുതായി ഒന്നിനെ ഉണര്‍ത്തുന്നതാണ് നവോത്ഥാനം. പക്ഷേ ഇന്നത് പറഞ്ഞ് പറഞ്ഞ് അര്‍ത്ഥം തന്നെ മാറിപ്പോയ ഒന്നായിരിക്കുന്നു. നവോത്ഥാന നായകരുടെ ആദര്‍ശങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രയത്‌നിക്കുക എന്നതാണ് അവര്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ ആദരം. അല്ലാതെ സ്മാരകങ്ങള്‍ പണിയലല്ല എന്ന് പിണറായി വിജയനും മന്ത്രിമാരും ചിന്തിച്ചാല്‍ നല്ലത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.