എന്‍സിപി റാലികളില്‍ ഇനി കാവി പതാകയും; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ പാര്‍ട്ടിയെ രക്ഷിക്കാന്‍ തന്ത്രങ്ങളുമായി അജിത് പവാര്‍

Monday 26 August 2019 1:24 pm IST

മുംബൈ: മഹാരാഷ്ട്രയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലികളില്‍ പാര്‍ട്ടി പതാകക്കൊപ്പം ഛത്രപതി ശിവജി മഹാരാജിന്റെ കാവി ധ്വജവും ഉപയോഗിക്കുമെന്ന് എന്‍സിപി നേതാവ് അജിത് പവാര്‍. വെള്ളിയാഴ്ച പര്‍ഭാനിയില്‍ എന്‍സിപിയുടെ 'ശിവ്‌സ്വരജ്യ യാത്ര'യുടെ ഭാഗമായി നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ എന്‍.സി.പി.യിലെ നേതാക്കള്‍ നിയമസഭാ തിരഞ്ഞെടുപ്പിനുമുന്നോടിയായി കൂട്ടത്തോടെ ബി.ജെ.പി.യിലേക്കും ശിവസേനയിലേക്കും ചേരുന്ന പശ്ചാത്തലത്തിലാണ് തന്ത്രങ്ങള്‍ പുതുക്കാന്‍ പാര്‍ട്ടിനേതൃത്വം നിര്‍ബന്ധിതമായത്.ബഹുമാന്യനായ മറാത്ത ഭരണാധികാരി ഏതെങ്കിലും പ്രത്യേക വ്യക്തിയുടെയോ പാര്‍ട്ടിയുടെയോ അല്ല. ശിവജി മഹാരാജ് എല്ലാപേരുടെയും ആരാധ്യനാണെന്ന് പവാര്‍ പറഞ്ഞു. ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയാണ് ഇപ്പോള്‍ റാലികളിലും പരിപാടികളിലും കാവി പതാകകള്‍ ഉപയോഗിക്കുന്നത്. സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഹിന്ദുവിരുദ്ധരല്ലെന്ന് സ്ഥാപിക്കാന്‍ ശിവജിയെയാണ് എന്‍.സി.പി. ആശ്രയിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് ഓഗസ്റ്റ് ആറിന് എന്‍.സി.പി. തുടങ്ങിവെച്ച പ്രചാരണപരിപാടിക്ക് 'ശിവ് സ്വരാജ്യ യാത്ര' എന്നാണ് പേരിട്ടിരിക്കുന്നത്.

മറാഠി ടെലിവിഷന്‍ പരമ്പരയില്‍ ശിവജിയുടെ വേഷമിട്ട നടന്‍ അമോല്‍ കോഹ്ലേയും ശിവജിയുടെ പിന്‍മുറക്കാരനായ സതാറ എം.പി. ഉദയന്‍ രാജെ ഭോണ്‍സ്ലേയുമാണ് യാത്രയിലെ താരങ്ങള്‍. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ മഹാജനാദേശ് യാത്രയ്ക്കും ശിവസേനയുടെ യുവനേതാവ് ആദിത്യ താക്കറെയുടെ ജന്‍ ആശീര്‍വാദ് യാത്രയ്ക്കും ബദലായാണ് എന്‍.സി.പി. ശിവ് സ്വരാജ്യ യാത്ര തുടങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.