എന്‍ഡിഎഫും പോപ്പുലര്‍ ഫ്രണ്ടും തീവ്രവാദ സംഘടനകള്‍ തന്നെ; അവരെ പറയുമ്പോള്‍ മുസ്ലിം ലീഗിന് നോവുന്നതെന്തിന്; നിലപാടിലുറച്ച് പി. മോഹനന്‍

Wednesday 20 November 2019 5:31 pm IST

തിരുവനന്തപുരം: എന്‍ഡിഎഫും പോപ്പുലര്‍ ഫ്രണ്ടും ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ തന്നെയെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍. എന്‍ഡിഎഫിനെപോലുള്ള തീവ്രവാദ സംഘടനകളെ വിമര്‍ശിക്കുന്നതില്‍ അക്കൂട്ടര്‍ പ്രകോപിതരാവുന്നത് മനസിലാക്കാം. എന്നാല്‍ മുസ്ലിം ലീഗുകാരെന്തിനാണ് എന്‍ ഡി എഫുകാരെ പ്രതിരോധിക്കുന്നതെന്ന് മനസിലാവുന്നില്ല. തീവ്രവാദികള്‍ക്കെതിരായ വിമര്‍ശനത്തെ മുസ്ലിം സമുദായത്തിനെതിരായ ആക്ഷേപമാണെന്ന് വരുത്തി തീര്‍ത്ത് എന്‍ ഡി എഫ് പോപ്പുലര്‍ ഫ്രണ്ടുകാരെ വെള്ളപൂശുന്നവരുടെ താല്പര്യം എന്തായാലും മുസ്ലിം സമുദായവുമായി ബന്ധപ്പെട്ടതല്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ മോഹനന്‍ വ്യക്തമാക്കി. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- കെ .എസ് .കെ .ടി. യു ജില്ലാ സമ്മേളനത്തില്‍ ഞാന്‍ നടത്തിയ പ്രസംഗത്തെ വിവാദമാക്കി വിദ്വേഷ പ്രചരണമഴിച്ചുവിടുന്ന എന്‍ ഡി എഫ്  പോപ്പുലര്‍ ഫ്രണ്ട്, മുസ്ലിം ലീഗുകാരുടെ ദൃഷ്ട താല്പര്യങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് നന്നായി മനസിലാവും. ഞാനൊരു തരത്തിലും ഇസ്ലാം വിരുദ്ധ പരാമര്‍ശവും ആ പ്രസംഗത്തില്‍ നടത്തിയിട്ടില്ല. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോ ക്ലിപ്പുകളില്‍ തന്നെ വര്‍ഗീയ തീവ്രവാദികളും മാവോയിസ്റ്റുകളും തമ്മിലുള്ള ബന്ധത്തെ തുറന്നു കാട്ടുകയാണ് ചെയ്തതെന്നു് കേള്‍ക്കുന്നവര്‍ക്ക് മനസിലാക്കാവുന്നതേയുള്ളൂ. തീവ്രവാദികള്‍ എന്നുള്ളത് കൊണ്ട് എന്‍.ഡി എഫിനെയും. പോപ്പുലര്‍ ഫ്രണ്ടിനെയുമാണ് ഉദ്ദേശിച്ചത്.

മാവോയിസ്റ്റുകളുടെ രാഷ്ട്രീയം തൊഴിലാളികളുടെയും അധ്വാനിക്കുന്ന വിഭാഗങ്ങളുടെയും മോചനത്തെയോ ക്ഷേമത്തെയോ ലക്ഷ്യം വെക്കുന്നതല്ലെന്നും അങ്ങേയറ്റം ഭീകരവാദ പരവും വര്‍ഗീയതീവ്രവാദികളുമായി വരെ കൂട്ടുകൂടുന്നതുമാണെന്ന് വിശദീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് അവരുടെ എന്‍ഡിഎഫ് തീവ്രവാദ ബന്ധത്തെ സൂചിപ്പിച്ചത്... ഇത്തരം ശക്തികളെ വിമര്‍ശിച്ച പ്രസംഗം എങ്ങനെയാണ് ഇസ്ലാം വിരുദ്ധമാകുന്നത്? ആടിനെ പട്ടിയാക്കുന്ന പ്രചാരണ തന്ത്രമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചില കേന്ദ്രങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നത് .സി പി ഐ എം വിരുദ്ധതയാണ് അത്തരം നുണപ്രചരണങ്ങളുടെ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്നത് .

എന്‍ഡിഎഫിനെപോലുള്ള തീവ്രവാദ സംഘടനകളെ വിമര്‍ശിക്കുന്നതില്‍ അക്കൂട്ടര്‍ പ്രകോപിതരാവുന്നത് മനസിലാക്കാം. എന്നാല്‍ മുസ്ലിം ലീഗുകാരെന്തിനാണ് എന്‍ ഡി എഫുകാരെ പ്രതിരോധിക്കുന്നതെന്ന് മനസിലാവുന്നില്ല. തീവ്രവാദികള്‍ക്കെതിരായ വിമര്‍ശനത്തെ മുസ്ലിം സമുദായത്തിനെതിരായ ആക്ഷേപമാണെന്ന് വരുത്തി തീര്‍ത്ത് എന്‍ ഡി എഫ് പോപ്പുലര്‍ ഫ്രണ്ടുകാരെ വെള്ളപൂശുന്നവരുടെ താല്പര്യം എന്തായാലും മുസ്ലിം സമുദായവുമായി ബന്ധപ്പെട്ടതല്ല. മുസ്ലിം സമുദായം എല്ലാ കാലത്തും തീവ്രവാദത്തെ എതിര്‍ത്തു പോന്നതാണെന്ന നല്ല ബോധ്യം എനിക്കും എന്റെ പാര്‍ടിക്കുമുണ്ട് . ദേശീയ തലത്തിലും കേരളത്തിലും സംഘപരിവാറിന്റെ ന്യൂനപക്ഷ വിരുദ്ധതക്കും മുസ്ലിം വേട്ടക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് എന്നും നിലകൊണ്ടതും സിപി ഐഎമ്മും ഇടതുപക്ഷ ശക്തികളുമാണ്. മുസ്ലിം മത വിശ്വാസികളില്‍ സി പി ഐ എം വിരുദ്ധത പടര്‍ത്താനും തീവ്രവാദ വിധ്വംസക ഗ്രൂപ്പുകളെ സംരക്ഷിക്കാനുമുള്ള നീക്കങ്ങളെ കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുമെന്ന കാര്യത്തില്‍ സംശയമില്ല.

ആഗോള ഇസ്ലാമികഭീകരവാദത്തെയും എന്‍ ഡി എഫ് പോലുള്ള തീവ്രവാദ സംഘടനകളെയും കേരളത്തിലെ എല്ലാ മുസ്ലിം സമുദായ നേതാക്കളും ഒരുപോലെ എതിര്‍ക്കുകയും ഇസ്ലാംവിശ്വാസികള്‍ക്കിടയില്‍ ഇത്തരം ഛിദ്ര ശക്തികള്‍ സ്വാധീനം ചെലുത്താന്‍ നടത്തുന്ന നീക്കങ്ങളെ ജാഗ്രതയോടെ പ്രതിരോധിക്കുകയും ചെയ്യുന്നുണ്ടു്. എന്നാല്‍ മുസ്ലിം ലീഗും യു ഡി എഫും തങ്ങളുടെ സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പോപ്പുലര്‍ ഫ്രണ്ടുകാരുമായി രഹസ്യവും പരസ്യവുമായ ബന്ധം പുലര്‍ത്തുന്നവരുമാണ്.

യുഎപിഎ  മാവോയിസ്റ്റ് പ്രശ്‌നത്തിലേക്ക് വന്നാല്‍ ലീഗുകൂടി പങ്കാളിയായ ഉമ്മന്‍ ചാണ്ടി സര്‍ക്കാറാണ് കേരളത്തില്‍ ചാര്‍ജ് ചെയ്ത 162 കേസുകളിര്‍ 134 എണ്ണവും എടുത്തത്.യു എ പി എ വകുപ്പ് ഒരു വിധത്തിലും ദുരുപയോഗം ചെയ്യപ്പെടാന്‍ അനുവദിക്കരുത്, നിയമാനുസൃത വഴികളിലൂടെ ഒഴിവാക്കണമെന്നതാണ് ഇടതു പക്ഷത്തിന്റെ നിലപാട്. അത് വ്യക്തമാക്കിയതുമാണ്.

മാവോയിസ്റ്റുകളുടെ പ്രഖ്യാപിത നിലപാടാണ് ആഗോള ഇസ്ലാമിക ഭീകരവാദ പ്രസ്ഥാനങ്ങളുമായി വിപ്ലവ ലക്ഷ്യം പങ്കിടുക എന്നത്. അവരുടെ നേതാവ് മുന്‍പ് ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അത്തരം തീവ്രവാദ സ്വത്വഗ്രൂപ്പുകളുമായി ഐക്യപ്പെടണമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട് .ഈയൊരു രാഷ്ടീയ വിമര്‍ശനമാണ് ഞാന്‍ നടത്തിയത്.

വ്യക്തിസ്വാതന്ത്ര്യത്തെയും സ്ത്രീ സ്വാതന്ത്ര്യത്തെയുമെല്ലാം നിഷേധിക്കുന്ന കടുത്ത സദാചാര പോലീസിംഗ് പ്രവര്‍ത്തന ശൈലിയാക്കിയ എന്‍ ഡി എഫിന്റെ മുന്‍ കയ്യില്‍ രൂപം കൊണ്ട മനുഷ്യാവകാശ പൗരാവകാശ സംഘടനകള്‍ പോലുള്ളവ മാവോയിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളുടെ കൂട്ടായ്മയാണെന്ന വസ്തുത ആര്‍ക്കാണ് അറിയാത്തത്. തീവ്രവാദ സംഘടനകള്‍ എന്ന പരാമര്‍ശം കൊണ്ട് ഉദ്ദേശിച്ചത് എന്‍.ഡി.എഫ്  പോപ്പുലര്‍ ഫ്രണ്ട് പോലുള്ള ഈ സംഘടനകളെയാണ് എന്നത് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.