സിബിഐ കേസിനു പിന്നാലെ വന്‍ സാമ്പത്തിക, നികുതി ബാധ്യത, ദൈനംദിന ചെലവിനു പോലും പണമില്ല; എന്‍ഡിടിവി അടച്ചുപൂട്ടലിന്റെ വക്കിലെന്ന് റിപ്പോര്‍ട്ട്

Monday 18 November 2019 11:44 am IST

ന്യൂദല്‍ഹി: ദേശീയ ചാനല്‍ എന്‍ഡിടിവി അടച്ചുപൂട്ടലിലേക്കെന്ന് സൂചിപ്പിച്ച് കമ്പനിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട്. ചാനലിന്റെ മേധാവികള്‍ക്കു നേരേ സിബിഐ അന്വേഷണം തുടങ്ങിയതിനു പിന്നാലെ ചാനലിനു വന്‍ സാമ്പത്തിക, നികുതി ബാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനുശേഷമാണ് ഇതു സാധൂകരിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടും ഡയറക്റ്റര്‍ ബോര്‍ഡിന് സമര്‍പ്പിച്ചത്. ചാനലിന് വന്‍ സാമ്പത്തിക ബാധ്യതയാണ് നിലവിലുള്ളത്. ആയിരം കോടി രൂപയാണ് നികുതി ബാധ്യതയായി മാത്രമുള്ളത്. ചാനലിന്റെ ദൈനംദിന ചെലവ് അടക്കമുള്ള മറ്റു കാര്യങ്ങള്‍ക്കു പോലും ഇപ്പോള്‍ പണമില്ലാത്ത അവസ്ഥയിലാണ്. എന്നാല്‍, ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം അതൊരു പ്രധാന പ്രശ്‌നമല്ല എന്നാണ് പറയുന്നത്. ഇത് പാപ്പരത്വം പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നതിന്റെ സൂചനയാണ് എന്നാണ് വ്യക്തമാകുന്നത്. വമ്പന്‍ സാമ്പത്തിക ബാധ്യത ഉണ്ടെങ്കിലും അത് പ്രശ്‌നമല്ലെന്ന് പറയുന്നത് ചാനല്‍ പാപ്പരായി പ്രഖ്യാപിച്ച് അടച്ചു പൂട്ടുന്നതിന്റെ തുടക്കമാണെന്നിതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

കമ്പനിയുടെ പ്രവര്‍ത്തനം തുടരാനുള്ള കഴിവിനെക്കുറിച്ച് കാര്യമായ ആശങ്കയുണ്ടെന്നാണ് എന്‍ഡിടിവിയുടെ ഓഡിറ്റര്‍മാരുടെ അഭിപ്രായം. നവംബര്‍ 12 ന് എന്‍ഡിടിവിയുടെ ഡയറക്ടര്‍ ബോര്‍ഡിന് ഓഡിറ്റര്‍മാരായ ബിഎസ്ആര്‍ ആന്‍ഡ് അസോസിയേറ്റ്‌സും പങ്കാളിയായ രാകേഷ് ദിവാനും സമര്‍പ്പിച്ചിരുന്നു. ചാനലിമന്റെ മാതൃ കമ്പനി നിലവിലെ ബാധ്യതകള്‍ 88.92 കോടി രൂപ കവിയുന്നുവെന്ന ഓഡിറ്റര്‍മാരുടെ റിപ്പോര്‍ട്ട്. ഈ വ്യവസ്ഥകളും മറ്റ് നിബന്ധനകളും കമ്പനി തുടര്‍ന്നും പ്രവര്‍ത്തിക്കാനുള്ള കഴിവിനെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ആശങ്കയാണെന്നും ഓഡിറ്റര്‍മാര്‍.  2019 സെപ്റ്റംബര്‍ 30 ന് അവസാനിച്ച ആറുമാസ കാലയളവില്‍ മാത്രം കമ്പനിയുടെ നിലവിലെ ബാധ്യതകള്‍ 88.92 കോടി രൂപ കഴിഞ്ഞിട്ടുണ്ട്. 

എന്‍ഡിടിവിയുടെ പ്രമോട്ടര്‍മാരായ പ്രണോയ് റോയ്, ഭാര്യ രാധിക റോയ് എന്നവര്‍ക്കെതിരെ നേരത്തേ സിബിഐ കേസെടുത്തിരുന്നു. നേരിട്ടുള്ള വിദേശനിക്ഷേപ ചട്ടങ്ങള്‍ ലംഘിച്ചന്നാരോപിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്‍ഡിടിവിയുടെ മുന്‍ സിഇഒ വിക്രമാദിത്യ ചന്ദ്രയ്‌ക്കെതിരെയും സിബിഐ കേസെടുത്തിട്ടുണ്ട്. കുറ്റകരമായ ഗൂഢാലോചന, വഞ്ചന, അഴിമതി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

നികുതി ഇളവുള്ള രാജ്യങ്ങളില്‍ 32 അനുബന്ധ സ്ഥാപനങ്ങള്‍ ആരംഭിക്കുകയും ഇവിടങ്ങളില്‍നിന്ന് അനധികൃതമായ രീതിയില്‍ ഇന്ത്യയിലേയ്ക്ക് ഫണ്ട് നിക്ഷേപമായി എത്തിക്കുകയും ചെയ്തുവെന്നാണ് സിബിഐ വ്യക്തമാക്കുന്നത്.  സ്വകാര്യ ബാങ്കിന് സാമ്പത്തിക നഷ്ടം വരുത്തി എന്ന ആരോപണത്തില്‍ നേരത്തെയും എന്‍ഡിടിവിക്കെതിരെ സിബിഐ കേസെടുത്തിരുന്നു. 

 2008ല്‍ ഐസിഐസിഐ ബാങ്കില്‍ നിന്നുമെടുത്ത 48 കോടി രൂപയുടെ വായ്പയായിരുന്നു കേസിന് ആധാരം. തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്തിരുന്നു. ജൂണില്‍ പ്രണോയ്ക്കും രാധികക്കും സെബി വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. അതേസമയം ചാനല്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തയോട് ചാനല്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.