നെഹ്റു സ്തുതി: സിപിഎം അണികളില്‍ അന്ധാളിപ്പ്

Monday 7 October 2019 2:14 am IST

 

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു കശ്മീര്‍ വിഷയത്തില്‍ എടുത്ത നിലപാട് ഹിമാലയന്‍ വിഡ്ഢിത്തമായിരുന്നെന്ന്, ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞല്ലോ. നെഹ്റുവിനെ വിമര്‍ശിച്ചതില്‍ അമര്‍ഷം പൂണ്ട പലരും അമിത്ഷായ്ക്കെതിരെ രംഗത്തുവരികയും ചെയ്തു. നെഹ്റുവിനെ ന്യായീകരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളും അനുകൂലികളും രംഗത്തിറങ്ങുന്നത് മനസിലാക്കാം. ഇടത് നേതാക്കള്‍ വിശേഷിച്ച് സിപിഎം നേതാക്കള്‍ നെഹ്റുവിനെ ന്യായീകരിക്കുവാന്‍ പുറപ്പെട്ടാലോ? ന്യായീകരിക്കല്‍ മാത്രമല്ല വിശുദ്ധനാക്കാനും വിജയരാഘവന്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ രംഗത്തെത്തി.

കമ്മ്യൂണിസ്റ്റ് നേതാക്കളുടെ അവസരവാദ രാഷ്ട്രീയത്തിന്റെ മുഖം മൂടിയാണ് ഒരിക്കല്‍കൂടി ഇതിലൂടെ അഴിഞ്ഞുവീണത്. നെഹ്റുവിയന്‍ സാമ്പത്തിക നയങ്ങളെയും വീക്ഷണത്തെയും വര്‍ഗ സമര കാഴ്ചപ്പാടിലൂടെ ഇഴകീറി വിമര്‍ശിക്കുകയും ആക്ഷേപിക്കുകയും ചെയ്തിരുന്ന കാലമുണ്ടായിരുന്നു അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക്. 1964ലെ പിളര്‍പ്പിന് ശേഷം സിപിഎമ്മിന്റെ ആചാര്യന്‍മാരും തലമുതിര്‍ന്ന നേതാക്കളും എടുത്ത അത്തരം നിലപാടുകളും നിര്‍ലജ്ജം തളളിക്കളയുകയാണ് വിജയരാഘവനുള്‍പ്പെട്ട ഇന്നത്തെ നേതാക്കള്‍ ചെയ്യുന്നത്.  

നെഹ്റുവിയന്‍ നയങ്ങളോടുളള അന്നത്തെ നേതാക്കളുടെ അഭിപ്രായങ്ങളോടും നിലപാടുകളോടും തങ്ങള്‍ക്ക് യോജിപ്പില്ലെന്നെങ്കിലും കുറഞ്ഞപക്ഷം പറയാന്‍ ഇക്കൂട്ടര്‍ മര്യാദ കാണിക്കണം.  ഭാരതത്തില്‍  കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെട്ട് നില്‍ക്കുന്ന കാലഘട്ടത്തിലാണ് ബ്രിട്ടീഷുകാരില്‍നിന്ന് കോണ്‍ഗ്രസുകാരിലേക്ക് അധികാരകൈമാറ്റം നടന്നത്. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആ യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടാന്‍ തയ്യാറായില്ല. ചൈനയില്‍ അധികാരത്തില്‍വന്ന മാവോയുടെ പാത പിന്തുടര്‍ന്ന് ചൈനീസ് മോഡല്‍ കാര്‍ഷിക വിപ്ലവമാണ് ഇന്ത്യയ്ക്ക് ഇണങ്ങുന്നതെന്ന് അവര്‍ പ്രഖ്യാപിച്ചു. ഈ ലക്ഷ്യം മുന്‍നിര്‍ത്തി പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച കല്‍ക്കട്ട തീസിസ് ആരും മറന്നിട്ടില്ല.

നെഹ്റുവിന്റെ നേത്യത്വത്തിലുളള കോണ്‍ഗ്രിന്റെ സാമ്രാജ്യത്വ ബൂര്‍ഷ്വ ഭൂപ്രഭുവര്‍ഗ താത്പര്യം സംരക്ഷിക്കുന്ന ഭരണകൂടത്തിനെതിരെ സായുധ വിപ്ലവത്തിന് കല്‍ക്കട്ട തീസിസ് ആഹ്വാനം ചെയ്തു. അന്ന് ജനറല്‍ സെക്രട്ടറിയായിരുന്ന ബി.ടി. രണദിവെ പിന്നീട് സിപിഎം രൂപീകരണത്തിന് നേത്യത്വം വഹിച്ച ആളാണ്. രക്തരൂഷിതമായ സായുധസമരത്തിലൂടെ തെലുങ്കാന, തേഭാഗ, പുന്നപ്ര വയലാര്‍ എന്നിവടങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ പോരാട്ടങ്ങള്‍ അന്നത്തെ പ്രധാനമന്ത്രി നെഹ്റുവിന്റെ മുന്‍കൈയില്‍ പട്ടാളത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തി. ആയിരക്കണക്കിന് സാധാരണക്കാരായ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരും അനുഭാവികളും നെഹ്റുവിന്റെ പട്ടാളത്തിന്റെ തോക്കിന്‍മുനയില്‍ പിടഞ്ഞുമരിച്ചു. പുന്നപ്ര വയലാര്‍ സമരത്തിന്റെ ചരിത്രം എഴുതിയ കമ്മ്യൂണിസ്റ്റ് ചരിത്രകാരന്‍മാരും അവരുടെ ആചാര്യനായ ഇഎംഎസും തെലുങ്കാന സമരനായകനായ പി. സുന്ദരയ്യയും എഴുതിയ പുസ്തകങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി തീരുമാനം നടപ്പാക്കാന്‍ ജീവിതം ബലികൊടുത്ത സാധാരണക്കാരുടെ ആത്മാവ് ഇവരോട് പൊറുക്കുമോ? 

നെഹ്റു കല്‍ക്കട്ട തീസിസും വിപ്ലവവും അടിച്ചമര്‍ത്തിയതിനെ തുടര്‍ന്ന് പരാജിതരായ കമ്മ്യൂണിസ്റ്റുകാര്‍ പാര്‍ലമെന്ററി മാര്‍ഗത്തിലേക്ക് കടന്നു. സംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യം അധികാരത്തില്‍ വരുമെന്ന് കരുതിയത് ആന്ധ്രയിലായിരുന്നു. എന്നാല്‍ 1957ല്‍ ആദ്യമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തിലാണ് അധികാരത്തില്‍ വന്നത്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരുടെ ആദ്യത്തെ കണ്‍മണി, കടിഞ്ഞൂല്‍ കുഞ്ഞ്. രണ്ട് വയസ് പ്രായമാകുന്നതിന് മുമ്പ്, വിമോചന സമരത്തിന്റെ പേരില്‍ കടിഞ്ഞൂല്‍ സര്‍ക്കാരിനെ കഴുത്ത് ഞെരിച്ചുകൊന്ന നെഹ്റു എങ്ങനെ കമ്മ്യൂണിസ്റ്റുകാരുടെ പ്രിയങ്കരനാകും? അന്ന് എഐസിസിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ഇന്ദിരാഗാന്ധി കൊടുത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നെഹ്റു ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിട്ടത്. അതുകൊണ്ട് ഇന്ദിരയ്ക്കും ആ പാപക്കറയില്‍ പങ്കുണ്ട്. എന്നാല്‍, 1964ലെ പിളര്‍പ്പിന് ശേഷം സോവിയറ്റ് റഷ്യയുടെ നിര്‍ദ്ദേശപ്രകാരം നെഹ്റു-ഇന്ദിര സര്‍ക്കാരുകളെ സഹായിക്കുന്ന നിലപാടാണ് സിപിഐ സ്വീകരിച്ചത്. ഇതിനെതിരായ നിലപാട് സ്വീകരിച്ച സിപിഎമ്മിനെ അന്തര്‍ദേശീയ തലത്തില്‍ ഒറ്റപ്പെടുത്താന്‍ ഇക്കൂട്ടര്‍ പരിശ്രമിച്ചു. 

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ബംഗാള്‍ മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാവായിരുന്ന സിദ്ധാര്‍ത്ഥ ശങ്കര്‍ റേ ആയിരുന്നു. 1970 മുതല്‍ 77 വരെയുളള ആ കാലഘട്ടത്തെ ബംഗാളിലെ സിപിഎം നേതാക്കള്‍ വിലയിരുത്തിയിട്ടുളളത്, ബംഗാളിന്റെ ഇരുണ്ടയുഗം എന്നാണ്. 1967ലെ കേരളത്തിലെ ഇഎംഎസിന്റെ നേത്യത്വത്തിലുളള സപ്തകക്ഷി ഗവണ്‍മെന്റിനെ തകര്‍ത്തത് ആരാണ്? കോണ്‍ഗ്രസുകാര്‍ തങ്ങളുടെ പൂര്‍വ്വികരോട് ചെയ്ത ദുഷ്‌കൃത്യങ്ങള്‍, നരേന്ദ്രമോദി വിരോധത്തിന്റെ പേരില്‍ മറച്ചുവയ്ക്കാമെന്നാണ് ഇപ്പോഴത്തെ നേതാക്കള്‍ കരുതുന്നത്. അത് വിലപ്പോവില്ല. അടിയന്തരാവസ്ഥക്കാലത്ത് കേരളത്തില്‍ പ്രത്യക്ഷ സമരത്തിന് നേത്യത്വം നല്‍കി അറസ്റ്റ് വരിച്ച ആര്‍എസ്എസ് നേതാക്കളോടൊപ്പം സിപിഎം നേതാക്കളെയും ജയിലില്‍ അടച്ചിരുന്നല്ലോ. നരേന്ദ്രമോദി സര്‍ക്കാര്‍ ഏകാധിപത്യത്തിന്റെ പാതയിലൂടെ നടന്നുനീങ്ങുകയാണെന്ന് വിളിച്ചുകൂവുന്ന സിപിഎം നേതാക്കള്‍ ഒട്ടകപക്ഷി നയമാണ് സ്വീകരിക്കുന്നത്.  അടിയന്തരാവസ്ഥയുടെ ദുരിതഭൂതകാലം മറച്ചുവച്ച് ഇല്ലാത്ത ഏകാധിപത്യത്തെ പരതിനടക്കുന്ന ദയനീയാവസ്ഥ! മോദി വിരോധം മൂലം ഇവര്‍ക്ക് സമനില നഷ്ടപ്പെട്ടിരിക്കുകയാണ്.   

1977 മുതലാണ് ആര്‍എസ്എസ്, ബിജെപി - സിപിഎം സംഘട്ടനങ്ങള്‍ സംഭവിച്ചുതുടങ്ങിയത്.  അതിലും സിപിഎമ്മുകാര്‍ മരിച്ചിട്ടുണ്ട്. പക്ഷെ, അതിന്റെ എത്രയോ ഇരട്ടിപേരാണ് കേരളത്തിലും ബംഗാളിലും, ത്യപുരയിലും സിപിഎമ്മിന് താരതമ്യേന സ്വാധീനം കുറഞ്ഞ ആന്ധ്രയിലും പഞ്ചാബിലും രക്തസാക്ഷികളായത്. അതിനെല്ലാം നേത്യത്വം കൊടുത്തത് കോണ്‍ഗ്രസ് സര്‍ക്കാരും കോണ്‍ഗ്രസ് ഗുണ്ടകളുമാണ്. ഇതിനൊക്കെപുറമേ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്ന കൂത്തുപറമ്പ് വെടിവയ്പും തന്‍മൂലം ശയ്യാവലംബനായി കിടക്കേണ്ടിവന്ന സഖാവ് പുഷ്പനും കോണ്‍ഗ്രസ് ഭരണത്തിന്റെ ഇരകളാണെന്നത് മറക്കാറായിട്ടില്ല. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരുടെ ആരാച്ചാരന്മാരായ കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുടര്‍ച്ചക്കാരായ സോണിയ, രാഹുല്‍, പ്രിയങ്ക ത്രയങ്ങളെ മഹത്വവത്ക്കരിച്ച് ജനാധിപത്യത്തിന്റെ കാവല്‍ക്കാരായും പ്രതീക്ഷയായും വിളിച്ചുകൂവുകയാണ് ഇന്നത്തെ സിപിഎം നേതാക്കള്‍. കമ്മ്യൂണിസ്റ്റ്  രക്തസാക്ഷികളുടെ ആത്മാവും അവരുടെ കുടുംബങ്ങളും ഇതോര്‍ത്ത് ലജ്ജിക്കും. ചരിത്രം നിങ്ങള്‍ക്ക് മാപ്പുതരില്ല. നിശ്ചയം.

(ബിജെപി സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം മുന്‍ കട്ടപ്പന ഏരിയ കമ്മിറ്റി സെക്രട്ടറിയുമാണ് ലേഖകന്‍)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.