പലസ്തീനുള്ളില്‍ ഇസ്രയേല്‍ മന്ത്രിസഭയുടെ യോഗം നടത്തി ബെഞ്ചമിന്‍ നെതന്യാഹു; ജോര്‍ദാന്‍ പിടിച്ചടക്കുമെന്ന് പ്രഖ്യാപനം; ഞെട്ടിവിറച്ച് അറബ് രാഷ്ട്രങ്ങള്‍

Monday 16 September 2019 7:08 pm IST

ഇസ്രയേല്‍: രാജ്യത്തെ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കേ വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും വ്യക്തമായ സന്ദേശം നല്‍കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തെരഞ്ഞെടുപ്പിന് മുന്‍പുള്ള തന്റെ അവസാനത്തെ മന്ത്രിസഭായോഗം പലസ്തീനില്‍ വെച്ച് നടത്തിയാണ് നെതന്യാഹു അറബ് രാജ്യങ്ങളെ അടക്കം എല്ലാവരെയും ഞെട്ടിച്ചത്. ജോര്‍ദാന്‍ താഴ്വരയും വടക്കന്‍ ചാവുകടലും കടന്നുള്ള ഇസ്രായേലിന്റെ മുന്നോട്ടുപോക്ക് സൈന്യം ഉറപ്പുവരുത്തുമെന്ന് പ്രഖ്യാപിച്ച നെതന്യാഹു അത് ഇസ്രായേലിന് കൂടുതല്‍ തന്ത്രപരമായ ഗാഢത നല്‍കുമെന്നും അഭിപ്രായപ്പെട്ടു. മെവോ യെറിക്കോയിലുള്ള കുടിയേറ്റക്കാര്‍ക്ക് ഇസ്രായേല്‍ നിയമപ്രകാരം സ്ഥിരമായ പദവി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് പലസ്തീനിലെ അധിനിവേശ പ്രദേശങ്ങളില്‍ ഇസ്രയേല്‍ മന്ത്രിസഭ യോഗം ചേരുന്നത്. 25 ദശലക്ഷത്തിലധികം (രണ്ടരക്കോടി) പലസ്തീനികള്‍ താമസിക്കുന്ന അവിടെ 600,000 ഇസ്രായേലി കുടിയേറ്റക്കാരാണ് ഉള്ളത്.

ഈ വര്‍ഷം രണ്ടാം തവണയാണ് ഇസ്രായേലില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കൂട്ടുകക്ഷി സര്‍ക്കാറുണ്ടാക്കുന്നതില്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.  രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിയാണ് നെതന്യാഹു. 17നു നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്താല്‍, ജോര്‍ദാന്‍ താഴ്‌വരയും വടക്കന്‍ ചാവുകടലും ഇസ്രായേലിന്റെ ഭാഗമാക്കുമെന്നും നെതന്യാഹു പറഞ്ഞിരുന്നു. നെതന്യാഹുവിന്റെ എതിരാളി ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയുടെ നേതാവ് ബെന്നി ഗാന്റ്‌സാണ്. 120 അംഗ പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടാന്‍ 61 സീറ്റുകള്‍ വേണം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.