നേട്ടത്തിന്റെ മധുരവും നഷ്ടത്തിന്റെ കയ്പും

Friday 25 October 2019 2:30 am IST

 

ഏത് തെരഞ്ഞെടുപ്പായാലും വിധിയെഴുതുന്ന ജനങ്ങളെ സ്വാധീനിക്കുന്ന പലഘടകങ്ങളും ഉണ്ടാകും. ഇപ്പോള്‍ കഴിഞ്ഞ രണ്ടുനിയമസഭാ തെരഞ്ഞെടുപ്പിലും വിവിധ സംസ്ഥാനങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പിലും ഉണ്ടായ ജനവിധി എല്ലാവരുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്. മഹാരാഷ്ട്രയിലും ഹരിയാനയിലുമാണ് 

നിയമസഭയിലേക്ക് പൊതുതെരഞ്ഞെടുപ്പുണ്ടായത്. മഹാരാഷ്ട്രയില്‍ വന്‍ഭൂരിപക്ഷം നേടാന്‍ ബിജെപി-ശിവസേനാ സഖ്യത്തിനായി. 288 അംഗ നിയമസഭയില്‍ സഖ്യം 160 സീറ്റുകളില്‍ വിജയിച്ചു. കര്‍ഷക പ്രശ്‌നങ്ങളും മഴയും വരള്‍ച്ചയുമെല്ലാം ചര്‍ച്ചയായ സംസ്ഥാനത്ത് വീണ്ടും നേട്ടമുണ്ടാക്കാന്‍ സഹായിച്ചത് ഭരണത്തിന്റെ മികവുതന്നെയെന്ന് നിസ്സംശയം പറയാം. കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമകരമായ പദ്ധതികള്‍ സമര്‍ഥമായി നടപ്പാക്കാന്‍ കഴിഞ്ഞതുതന്നെയാണ് മഹാരാഷ്ട്രയില്‍ തിളക്കമാര്‍ന്ന നേട്ടത്തിന് സഹായിച്ചത്. ഹരിയാനയിലാകട്ടെ തനിച്ച് ഭൂരിപക്ഷം ഉറപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഏറ്റവും വലിയ കക്ഷിയായി മാറിയത് ബിജെപിയാണ്. മഹാരാഷ്ട്രയിലേതുപോലെ ശക്തമായ സഖ്യകക്ഷിയൊന്നുമില്ലാത്ത ഹരിയാനയിലെ 90 അംഗസഭയില്‍ 40 സീറ്റ് നേടിയത് 

നിാരകാര്യമല്ല. ജാട്ട് രാഷ്ട്രീയം കളിച്ചതുകൊണ്ടുമാത്രം 30 ഓളം സീറ്റുകളില്‍ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസ്സിനായി.

ഒരു പൊതുതെരഞ്ഞെടുപ്പിന്റെ വീറും വാശിയും പ്രകടമാക്കിയ ഉപതെരഞ്ഞെടുപ്പാണ് കേരളത്തില്‍ അഞ്ച് മണ്ഡലങ്ങളിലായി നടന്നത്. വടക്കേ അറ്റത്തുള്ള മഞ്ചേശ്വരം, തെക്കേ അറ്റത്തുള്ള വട്ടിയൂര്‍ക്കാവ്, മധ്യഭാഗത്തുള്ള എറണാകുളം, അരൂര്‍, പത്തനംതിട്ടയിലെ കോന്നി എന്നീ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. അനാവശ്യമായി യുഡിഎഫും എല്‍ഡിഎഫും വരുത്തിവച്ച ഈ തെരഞ്ഞെടുപ്പില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ മാത്രമല്ല, കോടിക്കണക്കിന് രൂപയും ഏറെ അദ്ധ്വാനവും പാഴായി. എംഎല്‍എമാരായിരുന്നവര്‍ ലോക്‌സഭയില്‍ മത്സരിച്ച് ജയിച്ചതാണ് നാല് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. മഞ്ചേശ്വരത്ത് ലീഗ് എംഎല്‍എ അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിന് സാഹചര്യമുണ്ടായത്. ഉപതെരഞ്ഞെടുപ്പ് എത്തുന്നതിന് മുമ്പ് കേരളത്തിലുയര്‍ന്ന ആരോപണം തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയുമാണ്. മാര്‍ക്ക്തട്ടിപ്പ്, മാര്‍ക്ക്ദാനം എന്നിവ യുവജനങ്ങളില്‍ ആശങ്കയും അമ്പരപ്പും ഉണ്ടാക്കി. നിയമവിരുദ്ധമായി മാര്‍ക്ക്ദാനം ചെയ്തതിനെ ന്യായീകരിക്കുകയാണ് മന്ത്രി കെ.ടി. ജലീല്‍. അതൊക്കെ എല്‍ഡിഎഫിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതിയത്. പക്ഷേ അരൂരില്‍ സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടെങ്കിലും കോന്നിയിലും വട്ടിയൂര്‍ക്കാവിലും നേട്ടമുണ്ടാക്കാന്‍ അവര്‍ക്കായി.

കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ജാതിയുടെയും ഉപജാതികളുടെയുമൊക്കെ സംഘടനകള്‍ക്ക് പത്തിവിടര്‍ത്തി ആടാന്‍ ഇരുമുന്നണികളും അവസരമൊരുക്കി. ഈ സാഹചര്യത്തില്‍ എല്ലാവരുടെയും വികസനം എല്ലാവര്‍ക്കും ഒപ്പം എന്ന എന്‍ഡിഎയുടെ പ്രസക്തി ഏറെയാണെങ്കിലും അത് വേണ്ടവിധം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നുവേണം കരുതാന്‍. അതുകൊണ്ടുതന്നെ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ എന്‍ഡിഎയ്ക്ക് ആയില്ല. പക്ഷെ നഷ്ടമാണെന്ന് പറയാനും ആകില്ല. എന്‍ഡിഎയാണ് ശരിയെന്ന് ഭാരതജനത തിരിച്ചറിഞ്ഞിട്ടുണ്ട്. തെറ്റിദ്ധരിച്ചിരുന്ന സംസ്ഥാനങ്ങളിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും എന്‍ഡിഎയാണ് ശരിയെന്ന് മനസ്സിലായി.

മഞ്ചേശ്വരത്ത് രണ്ടാംസ്ഥാനത്ത് എത്തിയ എന്‍ഡിഎ, സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലായി ഒന്നരലക്ഷത്തിലധികം വോട്ട് സമാഹരിച്ചത് ചെറിയ കാര്യമല്ല. മൂന്നരവര്‍ഷം മുന്‍പ് ഇരുമുന്നണികളെയും അമ്പരിപ്പിച്ച് നേമത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഒ. രാജഗോപാലിന് വിജയിക്കാനായി. ഉപതെരഞ്ഞെടുപ്പാകുമ്പോള്‍ ഇരുമുന്നണിയിലും പെടാത്ത കക്ഷി വിജയിക്കുക എന്നത് ദുഷ്‌കരമാണ്. അഞ്ച് മണ്ഡലത്തിലും ഭരണകക്ഷിക്കായി മന്ത്രിമാരാണ് സ്ഥാനാര്‍ഥികളെ ജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പ്രതിപക്ഷത്തിനായി എംഎല്‍എമാരുടെ നിരതന്നെ ഉണ്ടായി. എന്തായാലും നേട്ടത്തിന് മധുരമുണ്ട്. നഷ്ടത്തിന് കയ്പും. നഷ്ടപ്പെട്ടവര്‍ നേട്ടത്തിനായി കാത്തിരിക്കാം. അതിന് ചിട്ടയായ പ്രവര്‍ത്തനവും അച്ചടക്കത്തോടെയുള്ള പെരുമാറ്റവും അനിവാര്യമാണെന്ന തത്വം എപ്പോഴും ഓര്‍മിക്കണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.