അമ്മയെ മറക്കാത്ത ആത്മീയ ചൈതന്യം

Monday 11 November 2019 2:52 am IST

 

മൂന്ന് വര്‍ഷംകൊണ്ട് യോഗം വേദാന്തം തുടങ്ങിയവ സകലശാസ്ത്രങ്ങളിലും ശങ്കരന് അപാരമായ പാണ്ഡിത്യവും അനുഭവവും സിദ്ധിച്ചു. ഗുരുനാഥനോട് ശങ്കരനുണ്ടായിരുന്ന ഭക്തി അപാരമായിരുന്നു. ശ്രീശഹ്കരന്റെ എല്ലാ ഗ്രന്ഥങ്ങളുടെയും അവസാനത്തില്‍ ഗോവിന്ദ ഭഗവത്പാദരുടെ ശിഷ്യനായതാന്‍ രചിച്ചതാണെന്ന് ശങ്കരന്‍ വാഴ്ത്തുന്നു. വിവേകചൂഡാമണി എന്ന സ്വതന്ത്രഗ്രന്ഥത്തിന്റെ ആരംഭത്തില്‍ ശ്രീശങ്കരന്‍ തന്റെ ഗുരുവിനെ സ്തുതിക്കുന്നു.

'സര്‍വവേദാന്തസിദ്ധാന്ത 

ഗോചരം തമോഗചരം

ഗോവിന്ദം പരമാനന്ദം 

സത്ഗുരും പ്രണതോസ്മ്യഹം'

ശ്രീശങ്കരന്‍ ഗുരുവിന്റെ ആജ്ഞ സ്വീകരിച്ച് കാശിയിലേക്ക് പുറപ്പെട്ടു. ആറുമാസം കാശിയില്‍ താമസിച്ച് വേദാന്തത്തില്‍ ഉപരിപഠനം നടത്തി. അനേകം ജിജ്ഞാസുക്കള്‍ കാശിയില്‍വച്ച് ശ്രീശങ്കരന്റെ ശിഷ്യത്വം സ്വീകരിച്ചു. തുടര്‍ന്ന് ഹിമാലയത്തിലെ പുണ്യധാമങ്ങളിലേക്കാണ് ശിഷ്യരോടൊപ്പം ആചാര്യന്‍ പോയത്. 

കേദാര്‍നാഥം, ബദരീനാഥം, ഗംഗോത്രി, യമുനോത്രി, നേപ്പാളിലെ പശുപതിനാഥം എന്നീ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തുകയും പൂജാവിധികള്‍ ര്‍േപ്പെടുത്തുകയും ചെയ്തു. ബദരീനാഥത്തിലെ വ്യാസഗുഹയിലിരുന്ന് വ്യാസനിര്‍മിതമായ ബ്രഹ്മസൂത്രം, ഭഗവത്ഗീത എന്നിവയ്ക്കും ഉപനിഷത്തുക്കള്‍ക്കും വ്യാഖ്യാനം എഴുതി. വ്യാസഭഗവാന്‍ ഒരു വൃദ്ധബ്രാഹ്മണന്റെ രൂപത്തില്‍ ശ്രീശങ്കരന്റെ മുന്‍പിലെത്തി. തന്റെ രചനകള്‍ക്ക് വ്യാഖ്യാനം എഴുതാനുള്ള ശ്രീശങ്കരന്റെ ജ്ഞാനത്തെക്കുറിച്ച് ചോദിച്ചറിയുകയും ശങ്കരന്റെ ജ്ഞാനത്തിന്റെ ഗരിമ മനസ്സിലാക്കി അനുഗ്രഹിക്കുകയും ചെയ്തു. ശങ്കരന് പതിനാറ് വയസുവരെമാത്രമെ ആയുസ്സുണ്ടായിരുന്നുള്ളു. ഭാഷ്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനായി വ്യാസഭഗവാന്‍ പതിനാറ് വയസ്സുകൂടി നീട്ടിക്കൊടുത്തു. 

ഐഹികമായ സകല സുഖങ്ങളും ഉപേക്ഷിച്ച് എട്ടാമത്തെ വയസ്സില്‍ വീടുവിട്ടിറങ്ങിയ ശങ്കരന്‍ മാതാവിനോട് പറഞ്ഞ വാക്ക് ഒരിക്കലും വിസ്മരിച്ചിരുന്നില്ല. മാതാവിന്റെ മഹത്വം ഇത്രമാത്രം അറിയുകയും പാലിക്കുകയും ചെയ്ത ഒരു മഹാത്മാവും പ്രപഞ്ചത്തില്‍ ഉണ്ടായതായി അറിവില്ല. അമ്മ സ്മരിച്ചയുടന്‍തന്നെ  കേദാര്‍നാഥത്തിലിരുന്ന ഓമനപ്പുത്രന്‍ ശങ്കരന്‍ ആകാശമാര്‍ഗേണ അമ്മയുടെ സമീപത്തെത്തി. തേജോമയനും അറിവിന്റെ നിറകുടവുമായ തന്റെ ഓമനപ്പുത്രനെ അമ്മ ഗാഢമായി ആലിംഗനം ചെയ്തു. മാതാവിന്റെ മാഹാത്മ്യത്തിന്റെ ഗരിമ ഓര്‍മിപ്പിച്ചുകൊണ്ട് ശ്രീശങ്കരന്‍ രചിച്ച അഞ്ച് ശ്ലോകങ്ങളടങ്ങിയ കൃതിയാണ് മാതൃപഞ്ചകം.       (തുടരും)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.