പുതിയ ഗവര്‍ണര്‍ ഓണസമ്മാനം

Saturday 7 September 2019 3:00 am IST

 

സുപ്രീംകോടതിയുടെ നാല്‍പതാമത് ചീഫ് ജസ്റ്റിസായിരുന്നു പി. സദാശിവം. കേരളത്തിന്റെ 23-ാം ഗവര്‍ണറും. കാലാവധി പൂര്‍ത്തിയാക്കി ഈ മാസം 4ന് അദ്ദേഹം പടിയിറങ്ങി. കേരളത്തിന്റെ ജനകീയ ഗവര്‍ണര്‍ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ഗവര്‍ണര്‍മാര്‍ക്ക് എന്ത് ജനകീയത എന്നാരും ചോദിക്കരുത്. ഗവര്‍ണര്‍മാര്‍ റോഡിലേക്കിറങ്ങിയാല്‍ ജനങ്ങള്‍ക്ക് വഴിമുട്ടും. ജസ്റ്റിസ് സദാശിവവും മറിച്ചൊരു നിലപാട് സ്വീകരിച്ചതായി കേട്ടിട്ടില്ല. ത്യാഗപൂര്‍ണമായ (?) പൂര്‍വ്വകാല ജീവിതത്തിന് ആദരപൂര്‍വ്വമായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിശ്രമജീവിതമാണ് ഗവര്‍ണര്‍സ്ഥാനം എന്നുവേണമെങ്കില്‍ പറയാം. കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായി സംസ്ഥാനത്ത് നിയോഗിക്കപ്പെടുന്നവരാണ് ഗവര്‍ണര്‍. സംസ്ഥാനത്തിന്റെ ഭരണത്തലവന്‍. ഗവര്‍ണര്‍ക്കുവേണ്ടിയാണ് ഉത്തരവുകളും വിജ്ഞാപനങ്ങളും ഇറങ്ങുന്നത്. എന്നുകരുതി സംസ്ഥാന സെക്രട്ടറിയേറ്റില്‍ കയറി സ്വയം ഉത്തരവിറക്കാനോ നിയമനം നടത്താനോ ഒന്നും അനുവദിക്കുന്നുമില്ല.

നിയമസഭ രൂപീകരിക്കുന്നതും സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടുന്നതും ഗവര്‍ണറാണ്. എല്ലാം മന്ത്രിസഭയുടെ ശുപാര്‍ശ പ്രകാരം. ജ. സദാശിവം തികഞ്ഞ നിയമജ്ഞനാണ്. അതുകൊണ്ട് ഗുണവും ദോഷവുമുണ്ട്. വൈദ്യന്‍ കാട് വെട്ടിത്തെളിക്കാന്‍ ഇറങ്ങിയാലുള്ള അനുഭവമുണ്ടല്ലോ. കാണുന്നതെല്ലാം മരുന്നുചെടി. അപ്പോള്‍ എന്താകും! കാട് കാടായിത്തന്നെ നിലനില്‍ക്കും. ഇടത് സര്‍ക്കാറിന്റെ കൊള്ളരുതായ്മകള്‍ പലതും ചൂണ്ടിക്കാട്ടിയപ്പോഴെല്ലാം ''പാര്‍ക്കലാം'' എന്ന നിലപാടായിരുന്നു സദാശിവത്തിനെന്ന് പരാതി ഉയര്‍ന്നതാണല്ലോ. പിരിയാന്‍നേരം ഗവര്‍ണര്‍ പതിവിന് വിപരീതമായി വാര്‍ത്താസമ്മേളനവും യാത്രയയപ്പ് ചടങ്ങും ഗംഭീരമാക്കി. സുപ്രീംകോടതിവിധി നടപ്പാക്കാന്‍ സംസ്ഥാനസര്‍ക്കാരിന് ബാധ്യതയുണ്ടെന്ന കമന്റ് അദ്ദേഹം പാസാക്കി. അത് അക്ഷരംപ്രതി ശരിയാണ്. അങ്ങനയേ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പറയാന്‍ പറ്റൂ. പക്ഷേ അതിന്റെ പേരില്‍ സംസ്ഥാനസര്‍ക്കാര്‍ പോക്കണക്കേട് കാണിച്ചാല്‍ അതിനെ അനുകൂലിക്കാന്‍ പറ്റുമോ? ഇല്ലേ ഇല്ല. പിണറായി വിജയന്‍ സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ ചെയ്തത് പോക്കണക്കേടാണെന്ന് അറിയാത്തവരുണ്ടോ!

സിപിഎം അണികളും അനുഭാവികളും സര്‍ക്കാര്‍ ചെയ്തത് പോക്കണക്കേടാണെന്ന് തിരിച്ചറിഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അവര്‍ സര്‍ക്കാരിനെ പാഠവും പഠിപ്പിച്ചു. അത് പാര്‍ട്ടിയും തിരിച്ചറിഞ്ഞു. നയം മാറ്റാനും നിശ്ചയിച്ചു. ഇനി നിര്‍ബന്ധിച്ച് ഒരു യുവതിയേയും ശബരിമലയിലെത്തിക്കില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടുമുണ്ട്. അതിന്റെ ന്യായാന്യായത്തിലേയ്ക്കു കടക്കുന്നില്ല. പക്ഷേ സുപ്രീംകോടതിവിധി നടപ്പാക്കിയേ പറ്റൂ എന്ന് പറഞ്ഞ ഗവര്‍ണര്‍, ശബരിമല വിഷയത്തെക്കാള്‍ മുന്നേവന്ന പിറവംപള്ളി പ്രശ്‌നം സംബന്ധിച്ച വിധിയുടെ കാര്യത്തില്‍ ഏന്തേ നടപടി സ്വീകരിക്കാത്തതെന്ന് പിണറായി വിജയനോട് ചോദിച്ചോ എന്തൊ!

ജസ്റ്റിസ് സദാശിവത്തിന് പകരമായി സത്യപ്രതിജ്ഞ ചെയ്തത് മുന്‍കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാനാണ്. മലയാളികള്‍ക്ക് മുന്നേ പരിചിതമായ പേരാണത്. യാഥാസ്ഥിതിക മുസ്ലിങ്ങള്‍ക്ക് സ്വാധീനം ഏറെയുള്ള കേരളത്തിലെ ഗവര്‍ണറായി ചുമതലയേറ്റ ആരിഫ് മുഹമ്മദ് ഖാന്‍ ഏറെ പരിഷ്‌ക്കരണവാദിയാണ്. മുസ്ലിം സമുദായത്തിലെ സ്ത്രീകള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങളും അവകാശങ്ങളും ലഭ്യമാക്കണമെന്നാഗ്രഹിക്കുന്ന മാന്യവ്യക്തിത്വമാണദ്ദേഹം. രാജീവ് പ്രധാനമന്ത്രിയായിരിക്കെ ഷാബാനുകേസില്‍ സുപ്രിംകോടതിവിധിയെ മറികടക്കാന്‍ നിയമനിര്‍മ്മാണത്തിന് ഒരുങ്ങിയതില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രിസഭയില്‍നിന്ന് രാജിവച്ചതാണ് ഖാന്‍. പല പാര്‍ട്ടികളിലൂടെ കടന്ന് 15 വര്‍ഷംമുമ്പ് ബിജെപിയിലെത്തിയെങ്കിലും ഒരു വ്യാഴവട്ടംമുന്‍പ് ബിജെപിയില്‍നിന്ന് അകന്നു. ബിജെപിയുടെ ദൈനംദിന രാഷ്ട്രീയത്തില്‍ സജീവമല്ലാതിരുന്ന ആരിഫ് മുഹമ്മദ്ഖാനെ കേരളത്തില്‍ ഗവര്‍ണറാക്കിയതില്‍ ബിജെപിക്ക് രാഷ്ട്രീയ ലക്ഷ്യമെന്ന് തലക്ക് വെളിവുള്ളവരാരെങ്കിലും പറയുമോ? അങ്ങനെ പറയുന്നവരുണ്ട്. അതില്‍ മുഖ്യനാണ് ലോകസഭാംഗമായ കെ. മുരളീധരന്‍. ബിജെപിയുടെ രാഷ്ട്രീയലക്ഷ്യം. മുസ്ലിം ന്യൂനപക്ഷത്തില്‍ സ്വാധീനമുണ്ടാക്കാനുള്ള തന്ത്രം! ഒരു ഗവര്‍ണര്‍ക്ക് എങ്ങനെ രാഷ്ട്രീയ ലാഭമുണ്ടാക്കിക്കൊടുക്കാനാകുമെന്നാണ് മുരളീധരന്‍ കാണുന്നത്? പറഞ്ഞത് മുരളീധരനായതുകൊണ്ട് അതൊന്നും അത്ര ഗൗരവമായി എടുക്കേണ്ടതില്ല. വായില്‍വന്നത് കോതക്ക് പാട്ട് എന്നതാണ് അങ്ങേരുടെ സ്വഭാവം.

ഡിക്ക് വിട്ട് കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ കെ. കരുണാകരന്‍ തീരുമാനിച്ചപ്പോള്‍ 'എനിക്ക് ഇങ്ങനെയൊരു അച്ഛനില്ല' എന്ന് പ്രഖ്യാപിച്ച വമ്പനല്ലെ? മക്കളെപ്പറ്റി 'ഇതെന്റെ ചോരയാണെന്ന്' അച്ഛന്‍ പറയും. കെ. കരുണാകരന്‍ അന്ന് അങ്ങനെ പറഞ്ഞതായി കേട്ടിട്ടില്ല. മൂത്രമാണെന്ന് പറഞ്ഞിട്ടുമില്ല. ബിജെപി ഗവര്‍ണറായി കേരളത്തിലേക്കയക്കുന്ന ആദ്യ വ്യക്തിയല്ല ഖാന്‍. നേരത്തെ സിക്കന്തര്‍ ഭക്ത് എന്നൊരു ഗവര്‍ണറുണ്ടായിരുന്നില്ലെ. വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെയാണ് ഭക്ത് ഗവര്‍ണറായത്. ശാന്തിക്കും സമാധാനത്തിനും പ്രോട്ടോക്കോള്‍പോലും മാറ്റിവച്ച ഗവര്‍ണര്‍. മാറാട് സംഘര്‍ഷം അവസാനിപ്പിക്കാന്‍ അവസരോചിതമായ തീരുമാനം എടുത്തു ഭക്ത്. അതിന്റെ വിശദാംശം പിന്നീടാകാം. കഴിഞ്ഞ ദിവസം മുരളീധരന്‍ മുഖ്യമന്ത്രിയെ വിശേഷിപ്പിച്ചത് ''മൈക്കുണന്‍'' എന്നാണ്. എം.വി. ജയരാജന് പഠിക്കുകയാണോ ഈ കോണ്‍ഗ്രസ്സുകാരന്‍. ജസ്റ്റിസുമാരെയും രാഷ്ട്രീയക്കാരെയുമെല്ലാം ഭള്ള് പറഞ്ഞ് വാര്‍ത്ത സൃഷ്ടിച്ച ആളാണെല്ലോ ജയരാജന്‍. മുരളീധരന്‍ സോണിയയെ മദാമ്മയെന്നും അവരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെ ''അലൂമിനിയം പട്ടേലെ''ന്നുമൊക്കെ വിശേഷിപ്പിച്ച് മിടുക്ക് കാട്ടിയതിനാല്‍ ഇപ്പോള്‍ പറയുന്നതൊന്നും കാര്യമാക്കേണ്ടതില്ല.

പുതിയ ഗവര്‍ണര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത് ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്. ഇനി പുതിയ ചീഫ് ജസ്റ്റിസ് വന്നാലോ, ഗവര്‍ണറാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക. പണിക്കര്‍ കോലം കെട്ടും മുമ്പ് തമ്പ്രാനെ (നാടുവാഴിയെ) തൊഴുന്നതും തെയ്യം കെട്ടിയശേഷം പണിക്കരെ തമ്പ്രാന്‍ തൊഴുന്നതും ഞമ്മള് കണ്ട് എന്നപോലെ. രാഷ്ട്രീയക്കാരന്‍ എന്നതിനപ്പുറം സാമൂഹ്യ പ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളിലെല്ലാം പേരെടുത്ത വ്യക്തിത്വമാണ് ആരിഫ് മുഹമ്മദ് ഖാന്‍. 26-ാം വയസ്സില്‍ യുപി നിയമസഭയില്‍ അംഗമായ അദ്ദേഹം, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിയോഗിക്കപ്പെട്ടതില്‍ സന്തുഷ്ടനാണ്. ദൈവത്തിന്റെ നാട്ടിലെ രാഷ്ട്രീയവും ഭരണവും പരിശോധിക്കുമ്പോള്‍ അഭിപ്രായം മാറാതിരിക്കട്ടെ. ഏതായാലും, 'ന്യൂനപക്ഷമാണെന്ന് സ്വയംകരുതി ഇരുന്നാല്‍ ഭയപ്പെട്ടുകൊണ്ടേയിരിക്കും, പകരം ഇന്ത്യക്കാരനാണെന്ന് അഭിമാനിക്കുക' എന്ന് ഉപദേശിക്കുന്നു ആരിഫ് മുഹമ്മദ് ഖാന്‍. അദ്ദേഹത്തെ കേരളത്തിന്റെ ഗവര്‍ണറായി നിയോഗിച്ചത് കേന്ദ്രത്തിന്റെ ഓണസമ്മാനമെന്ന് ആശ്വസിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.