ഹൈക്കോടതി നിരീക്ഷണ സമിതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Thursday 6 December 2018 4:55 pm IST
ശബരിമലയിൽ ഭക്തർ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് സമിതിയെ നിയോഗിച്ചത്. ജസ്റ്റിസുമാരായ സിരിജഗൻ, പി ആർ രാമൻ, ഡിജിപി എ ഹേമചന്ദ്രൻ എന്നിവരുൾപ്പെട്ട സംഘമാണ് ഹൈക്കോടതി മേൽനോട്ട സമിതിയിൽ ഉള്ളത്.

ന്യൂദല്‍ഹി: ശബരിമലയിലെ തീര്‍ത്ഥാടനകാല നടത്തിപ്പ് ചുമതലയ്ക്കായി ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. സര്‍വീസിലുള്ള ഡിജിപി ഹേമചന്ദ്രനെ ശബരിമല നിരീക്ഷണ സമിതിയില്‍ നിയോഗിച്ചതില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കുള്ള അതൃപ്തിയാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഹര്‍ജിക്ക് പിന്നില്‍. ഡിജിപി ബെഹ്‌റയുടെ ആവശ്യപ്രകാരമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈക്കോടതി നിരീക്ഷണ സമിതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

ശബരിമലയില്‍ ഇത്തരമൊരു സമിതി പ്രായോഗികമല്ലെന്നും സമിതിയെ നിയോഗിച്ച ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. നിരീക്ഷണ സമിതിയുടെ പ്രവര്‍ത്തനം പോലീസിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നാണ് പ്രധാന ആരോപണം. പോലീസിന്റെ അധികാരത്തില്‍ ജുഡീഷ്യല്‍ കൈകടത്തലുണ്ടായിട്ടുണ്ട്.

അതിനാല്‍ തന്നെ ഉത്തരവ് എത്രയും വേഗം സ്‌റ്റേ ചെയ്യണം. സംസ്ഥാന പോലീസ് മേധാവിക്കും ചീഫ് സെക്രട്ടറിക്കും മുകളില്‍ സര്‍വ അധികാരങ്ങളുമുള്ള നിരീക്ഷണ സമിതിയില്‍ സര്‍വീസിലുള്ള മറ്റൊരു ഡിജിപിയെ വെച്ചതിനെ ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ഈ ഡിജിപിക്ക് കീഴെ പ്രവര്‍ത്തിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ശരിയല്ല. 

തീര്‍ത്ഥാടക വേഷത്തില്‍ ശബരിമലയില്‍ പ്രശനങ്ങള്‍ സൃഷ്ടിക്കാന്‍ വരുന്നവരെ മാത്രമാണ് പോലീസ് തടഞ്ഞിട്ടുള്ളത്. ക്രമസമാധാന പാലനത്തിന്റെ ഭാഗമായാണ് നടപടി. ഇത്തരം ചുമതലകള്‍ നിരീക്ഷണ സമിതിക്ക് കൈമാറാന്‍ സാധിക്കില്ല, ഹര്‍ജിയില്‍ പറയുന്നു.ക്രമസമാധാന പാലനം, തിരക്ക് നിയന്ത്രിക്കുക തുടങ്ങിയ കേരള പോലീസിന്റെ ഉത്തരവാദിത്വത്തില്‍ തീരുമാനം എടുക്കാനും ഇടപെടാനും നിരീക്ഷണ സമിതിക്ക് ഹൈകോടതി അനുമതി നല്‍കിയത് പോലീസിന്റെ സ്വാതന്ത്രമായ പ്രവര്‍ത്തനത്തെ ബാധിക്കും.

സാധാരണ ക്രമസമാധാന വിഷയങ്ങളില്‍ കോടതി ഇടപെടാറില്ലെങ്കിലും ശബരിമലയില്‍ നിരീക്ഷണ സമിതിയെ നിയമിക്കുക വഴി കേരള ഹൈക്കോടതി പോലീസിന്റെ അധികാര പരിധിയിലുള്ള വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാന്‍ ആണ് ശബരിമലയിലെ സുരക്ഷ വര്‍ധിപ്പിക്കുകയും ചില നടപടികള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതെന്നും ഹര്‍ജിയില്‍ വിശദീകരിക്കുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.