പുസ്തകത്താളുകളില്‍ നിറയെ പരമേശ്വര്‍ജിയോടുള്ള ആദരം

Tuesday 11 February 2020 5:00 am IST

തിരുവനന്തപുരം: കേരളത്തിലെ പൊതുസമൂഹത്തെ പരമേശ്വര്‍ജി എത്രമാത്രം സ്വാധീനിച്ചു എന്നറിയണമെങ്കില്‍ മറ്റൊരിടത്തും തിരയേണ്ട. അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയവര്‍ക്ക് അനുശോചനം രേഖപ്പെടുത്താനായി തയാറാക്കിയ പുസ്തകത്തിലെ താളുകള്‍ മറിച്ചാല്‍മതി. 

അക്ഷരങ്ങളുടെ മനുഷ്യനാണ് പരമേശ്വരനെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കുറിച്ചത്. ഇന്ത്യന്‍ ജനതയ്ക്ക് ഒരു ദര്‍ശനം നഷ്ടപ്പെട്ടു. അഗാധമായ പ്രതിബന്ധതയും ശക്തമായ ദിശാബോധവും പകര്‍ന്നു തന്ന വ്യക്തിത്വം. ഭാരതത്തിന്റെ ശാശ്വതമായ ധാര്‍മിക മൂല്യങ്ങളെയും പുരാതന പൈതൃകങ്ങളെ പറ്റിയും അവബോധം സൃഷ്ടിക്കുന്നതിനായി ജീവിതകാലം മുഴുവന്‍ പ്രയത്‌നിച്ചു. പരമേശ്വര്‍ജിയുടെ പ്രയത്‌നം മാതൃരാജ്യത്തിനായി സമര്‍പ്പിക്കുന്നെന്നും അദ്ദേഹം എഴുതി. 

സത്യത്തിന്റെയും ധര്‍മത്തിന്റെയും മാതൃകാ പൊതു ജീവിതത്തിന്റെയും കെടാവെളിച്ചമാണ് പരമേശ്വര്‍ജിയെന്ന് മിസ്സോറാം ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. പരമേശ്വര്‍ജിയുടെ വേര്‍പാടിന്റെ ആഘാതം വാക്കുകളിലൂടെ വിവരിക്കാവുന്നതിലും അപ്പുറമാണെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി വി. മുരളീധരന്‍. ആയിരക്കണക്കിനാളുകളുടെ മനസ്സില്‍ വിതച്ച ബൗദ്ധികതയുടെ പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പരമേശ്വര്‍ജി മാര്‍ഗദര്‍ശിയായിരിക്കുമെന്ന് രമേഷ് സിംഹ എംപി കുറിച്ചു.

താത്വികാചാര്യനെന്ന നിലയ്ക്ക് തന്റേതായ കര്‍മഗുണം കൊണ്ട് ശ്രദ്ധേയനായ വ്യക്തിയെന്നാണ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി രാമചന്ദ്രന്‍. ജീവിതം ധന്യമാക്കിയ മഹത്‌വ്യക്തിയെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും അനുശോചിച്ച് കുറിപ്പെഴുതി. സംഘര്‍ഷമല്ല സംവാദമാണ് രാഷ്ട്രീയത്തില്‍ ആവശ്യമെന്ന് കരുതിയിരുന്ന നേതാവാണ് പരമേശ്വര്‍ജിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എഴുതി.

പരമേശ്വര്‍ജിയുടെ നിശ്ചയദാര്‍ഢ്യവും അഗാധമായ പാണ്ഡിത്യവും അദ്ദേഹത്തിന്റെ ആശയങ്ങളോട് യോജിപ്പില്ലാത്തവര്‍ക്ക് പോലും വലിയ മതിപ്പാണ് ഉണ്ടാക്കിയിരുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിശ്വസിക്കുന്ന ആശയങ്ങള്‍ക്കായി അവസാനം വരെ പോരാടിയ സൗമ്യ സാന്നിധ്യമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറിച്ചപ്പോള്‍ വിജ്ഞാനത്തിന്റെ നിറകുടവും സര്‍വ ജനങ്ങളും ആദരിക്കുന്ന മഹത് വ്യക്തിയെന്നുമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അനുസ്മരിച്ചത്.

 പരമേശ്വര്‍ജിയുമായി 46 വര്‍ഷത്തെ ആത്മബന്ധമുണ്ടായിരുന്നെന്നും ഭാരതീയ ദര്‍ശനങ്ങളെപ്പറ്റി തനിക്ക് ഉള്‍ക്കാഴ്ച നല്‍കുന്നതില്‍ ആ ബന്ധം ഉപയുക്തമായെന്നും ചെറിയാന്‍ ഫിലിപ്പ് ഓര്‍മിച്ചു. പരമേശ്വര്‍ജിയുടെ ഉയര്‍ന്ന ചിന്തയും ലളിത ജീവിതവും അനുകരണീയമാണെന്നും അദ്ദേഹം എഴുതി. 

പൊതു പ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് പരമേശ്വര്‍ജിയെന്ന് മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ്. അര്‍പ്പണ ബോധത്തോടെയുള്ള പരമേശ്വര്‍ജിയുടെ പ്രവര്‍ത്തനം പുതുതലമുറയ്ക്ക് മാര്‍ഗ ദര്‍ശനം നല്‍കുന്നതാണെന്ന് മുന്‍ മന്ത്രി വി. സുരേന്ദ്രന്‍പിള്ള.

 ഒരു ജീവിത കാലയളവുകൊണ്ട് ഒരാള്‍ക്കും ചെയ്തു തീര്‍ക്കാനാവാത്ത കാര്യങ്ങളാണ് പരമേശ്വര്‍ജി ചെയ്തതെന്ന് സ്വാമി തുരീയാമൃതാനന്ദപുരി. സമകാലിക രാഷ്ട്രീയ മേഖലയെ അക്ഷരാര്‍ഥത്തില്‍ പവിത്രമാക്കിയ ധാര്‍മികതയുടെ അത്യുദാത്തമായ ഒരു പ്രതീകമായിരുന്നു സ്വര്‍ഗീയ പരമേശ്വര്‍ജിയെന്ന് മുന്‍ ചീഫ് സെക്രട്ടറി സി.പി. നായര്‍ എഴുതി. 

മനുഷ്യത്വം എന്താണെന്ന് സമൂഹത്തിന് ബോധ്യപ്പെടുത്തിയ വ്യക്തിത്വത്തിന്റെ ഉടമയെന്ന് ഗോകുലം ഗോപാലന്‍ കുറിച്ചു. ഒരു തിരിവെട്ടം അതുവരെയുള്ള എല്ലാ ഇരുട്ടിനെയും ഇല്ലാതാക്കുന്നു. തന്റെ ജീവിതത്തിന്റെ എണ്ണ തീരും വരെ ആ വെട്ടം പകരുകയും അത് ആയിരക്കണക്കിന് മറ്റു ദീപങ്ങളിലേക്ക് പകര്‍ത്തുകയും ചെയ്ത പ്രതിഭയായിരുന്നു പരമേശ്വര്‍ജിയെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ പുസ്തകത്തില്‍ എഴുതി.

ഒരു ജന്മത്തിന്റെ മാര്‍ഗദീപമാണ് പരമേശ്വര്‍ജിയെന്ന് ജനം ടിവി ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാബു. പരമേശ്വര്‍ജിയുടെ വിയോഗം വ്യക്തിപരമായ നഷ്ടം മാത്രമല്ല സമൂഹത്തിന്റേതു കൂടിയാണെന്ന് ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍. അദ്ദേഹത്തിന്റെ മരണമില്ലാത്ത സൃഷ്ടികള്‍ ഭാവിതലമുറയ്ക്കാകെ വഴികാട്ടിയാകുമെന്നും അദ്ദേഹം കുറിച്ചു.

മാതൃശക്തിയുടെ മഹത്വം ബോധ്യപ്പെടുത്തി: മാതൃസമിതി

കൊല്ലം: മാതൃശക്തിയുടെ മഹത്വം ലോകത്തെ ബോധ്യപ്പെടുത്തിയ ഭാരതപുത്രനായിരുന്നു അന്തരിച്ച പി. പരമേശ്വര്‍ജിയെന്ന് കേരള ക്ഷേത്ര സംരക്ഷണ മാതൃസമിതി.

സംസ്‌കാരവും വ്യക്തിത്വവും ആരംഭിക്കുന്നത് അമ്മയില്‍ നിന്നാണെന്ന് അദ്ദേഹം പഠിപ്പിച്ചു. വള്ളിക്കാവിലെ മാതാ അമൃതാനന്ദമയിദേവിയെ അമ്മയായി കാണാന്‍ അദ്ദേഹം ഉദ്‌ബോധിപ്പിച്ചത് അതിന്റെ ചുവടുപിടിച്ചാണ്. ലളിതവും കാര്യമാത്ര പ്രസക്തവുമായ ലേഖനങ്ങളിലും പ്രസംഗങ്ങളിലും കൂടി സനാതന വൈദിക ഹിന്ദുധര്‍മത്തിന്റെ വിചാരധാര അദ്ദേഹം സാധാരണക്കാരനിലേക്ക് പകര്‍ന്നു. തുടര്‍ച്ചയായ സംവാദങ്ങളിലൂടെ ധിഷണാശാലികളെ ആ ധര്‍മത്തിന്റെ മഹിമ ബോധ്യപ്പെടുത്തി.

നാസ്തികത്വത്തിലാണ്ടുപോകുമായിരുന്ന കേരളീയ സമൂഹത്തെ വിശേഷിച്ച് ഹൈന്ദവജനതയെ അദ്ദേഹം ഉന്നതിയിലേക്ക് കൈപിടിച്ചുയര്‍ത്തുകയും ക്ഷേത്രവിശ്വാസത്തിന്റെ അടിത്തറ പുനര്‍നിര്‍മിക്കുകയും ചെയ്തു. ഭാരതീയ വിചാരകേന്ദ്രം സ്ഥാപിച്ച് വൈദികസംസ്‌കാരത്തിനും ഭാരതചരിത്രത്തിനും വിശിഷ്യ ഹൈന്ദവധര്‍മത്തിനും നേരെ ഉയരുന്ന എല്ലാ വെല്ലുവിളികളെയും പ്രതിരോധിച്ച് വിജയിക്കാനുമുള്ള മാര്‍ഗം അദ്ദേഹം നമുക്ക് നല്‍കി.

 ബ്രാഹ്മണ്യത്തിനാധാരം സാത്വിക കര്‍മങ്ങളാണെന്ന് സ്വജീവിതം കൊണ്ട് വരച്ചുകാട്ടിയ അദ്ദേഹത്തിന്റെ നിര്യാണം ഏവര്‍ക്കും കനത്ത നഷ്ടമാണെന്നും മാതൃസമിതി സംസ്ഥാന അധ്യക്ഷ ഡോ. ശ്രീഗംഗ യോഗദത്തനും ജനറല്‍ സെക്രട്ടറി എസ്. പ്രേമലത രാമകൃഷ്ണനും അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

 

സര്‍ക്കാര്‍ ജീവനക്കാരില്‍ ദേശീയബോധത്തിന്റെ ഊര്‍ജപ്രവാഹം സൃഷ്ടിച്ചത് പരമേശ്വര്‍ജി

കൊല്ലം: കേരളത്തിലെ സര്‍ക്കാര്‍ മേഖലയില്‍ ദേശീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ആദര്‍ശത്താല്‍ പ്രേരിതരായി കര്‍മം ചെയ്യാന്‍ ജീവനക്കാരെ പ്രേരിപ്പിച്ചത് പി. പരമേശ്വര്‍ജി ആയിരുന്നുവെന്ന് കേരള എന്‍ജിഒ സംഘ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എന്‍. രമേശ് പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു. 

എന്‍ജിഒ സംഘിന്റെ നിരവധി സംസ്ഥാന സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്തിട്ടുളള അദ്ദേഹം സര്‍ക്കാര്‍ ജീവനക്കാരില്‍ ദേശീയബോധത്തിന്റെ ഊര്‍ജപ്രവാഹം പടര്‍ത്താന്‍ കഴിഞ്ഞ മഹാത്മാവായിരുന്നു. ത്യാഗനിര്‍ഭരമായി ഋഷിതുല്യജീവിതം നയിച്ച പരമേശ്വര്‍ജി ലോകത്തിനു മുഴുവന്‍ പിന്‍തുടരാന്‍ കഴിയുന്ന ഉദാത്ത മാതൃകയാണ് സ്വജീവിതത്തിലൂടെ സമാജത്തില്‍ സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.