ഐഎസ് കോയമ്പത്തൂര്‍ ഘടകത്തിലെ പ്രധാനി മുഹമ്മദ് അസറുദ്ദീന്റെ സുഹൃത്തിന്റെ വീട്ടില്‍ എന്‍ഐഎ സംഘത്തിന്റെ പരിശോധന; ഹാര്‍ഡ് ഡിസ്‌കുകള്‍ കണ്ടെടുത്തു

Friday 21 June 2019 9:13 am IST

കോയമ്പത്തൂര്‍; ഭീകര സംഘടനയായ ഐ എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിന്റെ വീട്ടില്‍ എന്‍ഐഎ സംഘം പരിശോധന നടത്തി. കോയമ്പത്തൂരില്‍ കുനിയമുത്തൂരില്‍ സ്ഥിരതാമസക്കാരനായ ഷിനോയ്ദിന്റെ വീട്ടിലാണ് കേന്ദ്രസംഘം പരിശോധന നടത്തിയത്.ഷിനോയ്ദിന്റെ വീട്ടില്‍ നിന്ന് രണ്ട് ഹാര്‍ഡ് ഡിസ്‌കുകള്‍ കണ്ടെടുത്തു. കൂടുതല്‍ പരിശോധന തുടരുകയാണ്

ഐ എസ് അനുകൂല ഉള്ളടക്കമുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ടിന്റെ അഡ്മിനായ മുഹമ്മദ് അസ്ഹറുദ്ദീനെ(32) നേരത്തെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ശ്രീലങ്ക ഈസ്റ്റര്‍ ബോംബിംഗ് സംഭവത്തിലെ മുഖ്യപ്രതി സഹ്‌റന്‍ ഹാഷിമിന്റെ ഫെയ്‌സ്ബുക്ക് സുഹൃത്താണ്. ഷിനോയ്ദിന് അസ്ഹറുദ്ദീന്‍ രണ്ട് ഹാര്‍ഡ് ഡിസ്‌കുകള്‍ കൈമാറിയെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു.ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ സഹ്രാന്‍ ഹാഷിമുമായി ബന്ധമുള്ള  മുഹമ്മദ് അസറുദ്ദീന്‍ ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെയാണ് എന്‍ഐഎ കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഐഎസിന്റെ കോയമ്പത്തൂര്‍ ഘടകത്തെക്കുറിച്ച് എന്‍ഐഎയ്ക്ക് വിവരം ലഭിക്കുന്നത്. കാസര്‍കോട്ടെ ഐഎസ് റിക്രൂട്ട്മെന്റ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികളെ കുറിച്ചുള്ള സൂചനകള്‍ എന്‍ഐഎ സംഘത്തിന് ആദ്യം ലഭിക്കുന്നത്. 

ശ്രീലങ്കന്‍ സ്ഫോടന കേസിലെ മുഖ്യ ആസൂത്രകനായ സഹ്റാന്‍ ഹാഷിമിന്റെ ആരാധകനാണ് റിയാസ് അബൂബക്കറെങ്കിലും ഇയാളുമായി റിയാസ് നേരിട്ട് ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ഒന്നും എന്‍ഐഎക്ക് ലഭിച്ചിരുന്നില്ല.  സഹ്റാന്‍ ഹാഷിമിന്റെ ഫെയ്സ്ബുക്ക് സുഹൃത്താണ് ഇയാള്‍. എന്നാല്‍, ശ്രീലങ്കന്‍ സ്ഫോടനം ആസൂത്രണം ചെയ്ത സഹ്റാന്‍ ഹാഷിമിന്റെ സംഘടനയായ തൗഹീദ് ജമാ അത്തിന് തമിഴ്നാട്ടില്‍ വേരുകളുണ്ടെന്ന് എന്‍ഐഎക്ക് നേരത്തെ തന്നെ വിവരമുണ്ടായിരുന്നു. 

ഈ സംഘടനയുമായായാണ് റിയാസ് അബൂബക്കര്‍ ബന്ധപ്പെട്ടിരുന്നതും. സംഘടനയിലെ പ്രധാനിയും ഐഎസ് തമിഴ്നാട് ഘടകം രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയ മുഹമ്മദ് അസറുദീനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തിരിക്കുന്നത്. കോയമ്പത്തൂര്‍, ഉക്കടം, കുനിയമുത്തൂര്‍, പോതന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ പരിശോധനയെ തുടര്‍ന്ന് പ്രദേശവാസികളായ മറ്റ് അഞ്ച് പേര്‍ക്കെതിരെ കൂടി എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.