സ്ത്രീകളും എംപിമാരും പിന്തുണയ്ക്കണം; നിര്‍ഭയക്കേസ് പ്രതികളെ തൂക്കിലേറ്റാന്‍ സന്നദ്ധത പ്രകടിപ്പിച്ച് വനിത ഷൂട്ടിങ് താരം

Sunday 15 December 2019 1:08 pm IST

ന്യൂദല്‍ഹി : നിര്‍ഭയക്കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ സന്നദ്ധ പ്രകടിപ്പിച്ച് ആന്താരാഷ്ട്ര വനിതാ താരം. ഷൂട്ടിങ് താരം വര്‍ധിക സിങ്ങാണ്  തീഹാര്‍ ജയിലില്‍ കഴിയുന്ന പ്രതികളെ താന്‍ തൂക്കിലേറ്റാമെന്ന് അറിയിച്ചത്. ഇത് കാണിച്ച് ചോരകൊണ്ട് ഇവര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയിട്ടുണ്ട്.

നിര്‍ഭയക്കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ആരാച്ചാരെ കിട്ടാനില്ലെന്ന് അധികൃതര്‍ ആദ്യം അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പടെ 15ഓളം പേരാണ് സന്നദ്ധരായി രംഗത്ത് എത്തിയത്. വിദേശത്തു നിന്നും പലര്‍ ആരാച്ചാര്‍ ആകാന്‍ താത്പ്പര്യം പ്രകടിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് വര്‍ധിക സിങ്ങും കേന്ദ്രമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. 

പ്രതികളെ തൂക്കിലേറ്റാന്‍ തനിക്ക് അനുമതി ലഭിക്കുന്നതിനായി സ്ത്രീകളായ അഭിനേതാക്കള്‍, എംപിമാര്‍ അങ്ങനെ എല്ലാവരും പിന്തുണ നല്‍കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. ഈ സമൂഹത്തില്‍ മാറ്റം കൊണ്ടുവരുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വര്‍ധിക കൂട്ടിച്ചേര്‍ത്തു. 

നിര്‍ഭയ കേസിലെ പ്രതികളെ ഡിസംബര്‍ 16ന് മുമ്പ് തൂക്കിലേറ്റണമെന്ന് പെണ്‍കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടിരുന്നു. 2012 ഡിസംബര്‍ 16ന് രാത്രിയാണ് ഓടുന്ന ബസിനുള്ളില്‍ വെച്ച് നിര്‍ഭയ കൂട്ട ബലാത്സംഗത്തിനിരയായത്. വധശിക്ഷ റദ്ദാക്കണമെന്നും വിധി പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളില്‍ ഒരാള്‍ അടുത്തിടെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പ്രതിയുടെ അപ്പീലിനെതിരെ നിര്‍ഭയയുടെ അമ്മയും സുപ്രീം കോടതിയില്‍ ഹര്‍ജി സര്‍പ്പിച്ചു. ഡിസംബര്‍ 17ന് ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കും.

പ്രതികള്‍ തൂക്കിലേറ്റപ്പെടും വരെ നിയമപോരാട്ടം തുടരുമെന്നും അമ്മ പറഞ്ഞു. അതേസമയം കുറ്റവാളികള്‍ക്ക് മരണവാറന്‍ഡ് നല്‍കണമെന്നാവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മറ്റൊരു ഹര്‍ജിയില്‍ 18ന് പരിഗണിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.