നിര്‍ഭയക്കേസ് പ്രതികളുടെ വധശിക്ഷ 22ന് തന്നെ നടന്നേക്കും; പ്രതികള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി

Tuesday 14 January 2020 3:30 pm IST

ന്യൂദല്‍ഹി : നിര്‍ഭയക്കേസിലെ പ്രതികള്‍ക്കുള്ള വധശിക്ഷ ഈ മാസം 22ന് തന്നെ നടപ്പിലാക്കും. വിധി പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെയാണ് നിശ്ചയിച്ച ദിവസം തന്നെ നടപ്പിലാക്കുമെന്ന് ഉറപ്പായിട്ടുണ്ട്. തിരുത്തല്‍ ഹര്‍ജിയും തള്ളിയതോടെ ഇനി രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കുക മാത്രമാണ് പ്രതികള്‍ക്ക് മുമ്പിലുള്ള അവസാനത്തെ വഴി.

വിനയ് ശര്‍മ്മ, മുകേഷ് സിങ് എന്നിവര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജികളാണ് ജസ്റ്റിസ് എന്‍.വി. രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിയത്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ആര്‍.എഫ്. നരിമാന്‍, ആര്‍. ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. കേസിലെ നാല് പ്രതികള്‍ക്കും മരണവാറണ്ട് പുറപ്പെടുവിച്ചുകൊണ്ട് ദല്‍ഹി പട്യാല കോടതി അടുത്തിടെ ഉത്തരവിറക്കിയിരുന്നു. ജനുവരി 22-ന് രാവിലെ ഏഴ് മണിക്ക് വധശിക്ഷ നടപ്പാക്കാനായിരുന്നു ഉത്തരവ്. ഇതിനെ തുടര്‍ന്ന് വിനയ് കുമാര്‍ ശര്‍മ്മ തിരുത്തല്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ മറ്റുള്ളവരും തിരുത്തല്‍ ഹര്‍ജി ഫയല്‍ ചെയ്തു. 

അതേസമയം കുറ്റവാളികളെ തൂക്കിക്കൊല്ലുന്നതിന് മുന്നോടിയായി തിഹാര്‍ ജയിലില്‍ ജനുവരി 12ന് ഡമ്മി പരീക്ഷണം നടത്തി. കല്ലും മണ്ണും നിറച്ച് ഓരോ പ്രതിയുടെയും തൂക്കത്തിനനുസരിച്ച് തയ്യാറാക്കിയ ചാക്കുകള്‍ തൂക്കി നോക്കിയാണ് ഡമ്മി പരീക്ഷണം നടത്തിയത്. 

2012 ഡിസംബര്‍ 16-നാണ്  23 വയസ്സുള്ള പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ദില്ലിയില്‍ ബസ്സില്‍ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം നഗ്‌നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികള്‍ വഴിയില്‍ തള്ളുകയായിരുന്നു. കൂട്ടബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റ പെണ്‍കുട്ടിയെ സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബര്‍ 29-ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. മകളെ ക്രൂരമായി പീഡിപ്പിച്ചു കൊന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന നിര്‍ഭയയുടെ അമ്മയുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു. അതാണ് വിധി നടപ്പിലാത്തിയതോടെ സാക്ഷാത്കരിക്കപ്പെടുന്നത.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.