വധശിക്ഷ ഒഴിവാക്കണം; ഡല്‍ഹിയിലെ വായു മലിനീകരണവും മലിന ജലവും കാരണം ആയുസ് കുറയുന്നുണ്ട്; നിയമവ്യവസ്ഥയെ പരിഹസിച്ച് നിര്‍ഭയ കേസ് പ്രതി സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കി

Tuesday 10 December 2019 4:37 pm IST

ന്യൂദല്‍ഹി: ഇന്ത്യന്‍ നീതി വ്യവസ്ഥയെ വെല്ലുവിളിച്ചും പരിഹസിച്ചും നിര്‍ഭയ കേസില്‍ വധശിക്ഷ കാത്തു കിടക്കുന്ന പ്രതി അക്ഷയ് ഠാക്കൂര്‍. വധശിക്ഷ ഒഴിവാക്കാനുള്ള റിവ്യൂ ഹര്‍ജിയില്‍ അക്ഷയ് പറയുന്നത് വിചിത്ര കാരണങ്ങള്‍. ദല്‍ഹിയിലെ വായുമലിനീകരണവും മലിനജലവും മോശം കാലാവസ്ഥയും കാരണം തന്റെ ആയുസ് കുറയുന്നുണ്ടെന്നും അതിനാല്‍ വധശിക്ഷ വേണ്ടെന്നുമാണ് അഭിഭാഷകന്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. നേരത്തേ, കേസിലെ മറ്റു പ്രതികളായ വിനയ് കുമാര്‍, മുകേഷ് സിങ്, പവന്‍ ഗുപ്ത എന്നിവരുടെ റിവ്യൂ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. അന്ന് അക്ഷയ് ഹര്‍ജി നല്‍കിയിരുന്നില്ല. ഇപ്പോള്‍ പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണു വിചിത്ര വാദങ്ങളുമായി അക്ഷയ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി സുപ്രീം കോടതി തള്ളിയാല്‍ അക്ഷയിനു രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാം. പ്രതിയായ വിനയ് കുമാറിന്റെ അടക്കം ദയാ ഹര്‍ജി തള്ളണമെന്ന് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിയോട് അഭ്യര്‍ഥിച്ചിരുന്നു. വിഷയത്തില്‍ നേരത്തെ ദല്‍ഹി, കേന്ദ്ര സര്‍ക്കാരുകളോട് രാഷ്ട്രപതി വിശദാംശങ്ങള്‍ തേടിയിരുന്നു. ദല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ദയാഹര്‍ജി തള്ളി. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ രണ്ട് ദിവസം മുന്‍പ് ഇത് കേന്ദ്ര സര്‍ക്കാരിന് കൈമാറുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശ. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയാല്‍ നാല് പ്രതികളെ തൂക്കിക്കൊല്ലാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. 

2012 ഡിസംബര്‍ 16നാണ് പ്രതികള്‍ ഓടുന്ന ബസ്സില്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി 29ന് ആശുപത്രിയില്‍ മരിച്ചു. പ്രതികള്‍ നടത്തിയ ക്രൂരതയുടെ കാഠിന്യം രാജ്യത്ത് പ്രതിഷേധം പൊട്ടിപ്പുറപ്പെടുന്നതിന് ഇടയാക്കി. ഒന്നാം പ്രതി റാം സിംഗ് 2013ല്‍ ജയിലില്‍ തൂങ്ങി മരിച്ചു. നാല് പ്രതികള്‍ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചു. ഇത് പിന്നീട് സുപ്രീംകോടതിയും ശരിവെച്ചു. പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിയെ ജുവനൈല്‍ നിയമപ്രകാരം മൂന്ന് വര്‍ഷത്തേക്ക് ശിക്ഷിച്ചു. ഇയാള്‍ ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങി. മറ്റെല്ലാ നടപടികളും പൂര്‍ത്തിയായതിനാല്‍ ഏഴ് ദിവസത്തിനുള്ളില്‍ ദയാഹര്‍ജി നല്‍കണമെന്ന് കഴിഞ്ഞ ഒക്ടോബര്‍ 29ന് ജയില്‍ അധികൃതര്‍ പ്രതികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പ്രതികളിലൊരാളായ വിനയ് ശര്‍മ മാത്രമാണ് ദയാഹര്‍ജി നല്‍കിയത്. ദയാഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കളും രാഷ്ട്രപതിക്ക് അപേക്ഷ നല്‍കിയിരുന്നു. വധശിക്ഷ ഒഴിവാക്കുന്നത് നീതി നിഷേധിക്കലാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.