വധശിക്ഷ മാറ്റിവെയ്ക്കാന്‍ അടുത്ത നീക്കം: ദയാഹര്‍ജി നല്‍കുന്നതിനുള്ള രേഖകള്‍ നല്‍കിയില്ല, ജയില്‍ അധികൃതര്‍ക്കെതിരെ നിര്‍ഭയ കേസ് പ്രതികള്‍ കോടതിയില്‍

Friday 24 January 2020 3:05 pm IST

ന്യൂദല്‍ഹി : ഫെബ്രുവരി ഒന്നിന് നടത്താന്‍ നിശ്ചയിച്ച വധശിക്ഷ മാറ്റിവെയ്ക്കാന്‍ അടുത്ത നീക്കവുമായി നിര്‍ഭയ കേസ് പ്രതികള്‍. ശിക്ഷ അനുഭവിക്കുന്ന തീഹാര്‍ ജയില്‍ അധികൃതര്‍ക്കെതിരെ പരാതിയുമായാണ് പ്രതികള്‍ ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് വിചാരണയ്ക്കിടെ വധശിക്ഷ നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന പ്രതീക്ഷയിലാണ് ഇവര്‍ വീണ്ടും ഹര്‍ജി നല്‍കിയിരിക്കുന്നത്. 

ദയാഹര്‍ജി നല്‍കുന്നതിന് ആവശ്യമായ രേഖകള്‍ നല്‍കാന്‍ ജയില്‍ അധികൃതര്‍ തയ്യാറായില്ലെന്ന് ആരോപിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. പവന്‍ ഗുപ്ത, അക്ഷയ് സിങ്, വിനയ് ശര്‍മ്മ എന്നിവരാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ മുകേഷ് സിങ് ഇതില്‍ നിന്നും വിട്ടു നിന്നു.

അതിനിടെ മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പവന്‍ ഗുപ്ത, അക്ഷയ് സിങ് എന്നിവര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. വധ ശിക്ഷ നീട്ടി വെയ്ക്കണമെന്നാവശ്യവുമായി തീസ് ഹസാരി കോടതിയിലാണ് പ്രതികള്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. 

ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കുന്നതിന്റെ ഭാഗമായി മരണവാറണ്ട് പുറപ്പെടുവിക്കുകയും, തീഹാര്‍ ജെയില്‍ അധികൃതര്‍ അന്ത്യാഭിലാഷം അറിയിക്കുന്നതിനുള്ള നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഇത് രണ്ടാം തവണയാണ് മരണ വാറണ്ട് പുറപ്പെടുവിച്ചത്. ഇതിന് മുമ്പ് മറ്റ് രണ്ട് പ്രതികളും ദയാഹര്‍ജി നല്‍കിയെങ്കിലും തള്ളിയിരുന്നു. 

അതേസമയം വധശിക്ഷയെ ചോദ്യം ചെയ്ത് ഏത് സമയത്തും കോടതിയെ സമീപിക്കാമെന്ന വിശ്വാസം വെച്ചു പുലര്‍ത്താന്‍ പ്രതികളെ അനുവദിക്കരുതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അറിയിച്ചു. അംറോഹ കൊലപാതകക്കേസിലെ വധശിക്ഷ 

പുനഃപരിശോധിക്കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. പ്രതികളുടെ താത്പ്പര്യ പ്രകാരം കോടതി വ്യവഹാരം അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. 

വധശിക്ഷ നടപ്പാക്കുമ്പോള്‍ പ്രതിയുടെ അവകാശത്തിന് പ്രാധാന്യം നല്‍കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. മരണവാറണ്ട് പുറപ്പെടുവിച്ച ശേഷം ദയാഹര്‍ജി നല്‍കാനുള്ള സമയ പരിധി കുറയ്ക്കണം. തിരുത്തല്‍ ഹര്‍ജി നല്‍കാനുള്ള കാലതാമസം ഒഴിവാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.