നിര്‍ഭയക്കേസ്: രണ്ടു പ്രതികള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി

Wednesday 15 January 2020 8:43 am IST

ന്യൂദല്‍ഹി: നിര്‍ഭയക്കേസിലെ രണ്ടു പ്രതികള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി.  ഈ സാഹചര്യത്തില്‍ ഇനി ഇവര്‍ക്ക് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാം. ഈ മാസം 22ന് ഇവരെ തൂക്കിലേറ്റാനാണ് വിചാരണക്കോടതി ഉത്തരവിട്ടിരുന്നത്. ഇന്നലെ വൈകിട്ട് പ്രതികളില്‍ ഒരാളായ മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചു.

വധശിക്ഷ പുനപ്പരിശോധിക്കണമെന്നഭ്യര്‍ഥിച്ച് പ്രതികളായ വിനയ് കുമാര്‍ ശര്‍മ്മ, മുകേഷ് സിങ് എന്നിവര്‍ നല്‍കിയ തിരുത്തല്‍  ഹര്‍ജികളാണ്   സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് തള്ളിയത്.ഹര്‍ജികളില്‍ യാതൊരു കഴമ്പുമില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍, ജസ്റ്റിസ് ആര്‍. ഭാനുമതി, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ച് ഏകകണ്ഠമായി തള്ളിയത്. വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഇവര്‍ നല്‍കിയ ഹര്‍ജിയും തള്ളി. പവന്‍, അക്ഷയ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ നേരത്തെ തള്ളിയിരുന്നു.

നാലുപേരെയും 22ന് രാവിലെ ഏഴിന് തിഹാര്‍ ജയിലില്‍ തൂക്കിക്കൊല്ലാന്‍ ദല്‍ഹിയിലെ വിചാരണക്കോടതി നേരത്തെ മരണവാറന്റ് പുറപ്പെടുവിച്ചിരുന്നു. പരാതി പരിഹരിക്കാനുള്ള അവസാനത്തെ നിയമ വഴിയായ ക്യൂറേറ്റീവ് ഹര്‍ജികളാണ് ഇന്നലെ തള്ളിയത്. 2012 ഡിസംബര്‍ 16നാണ്  സുഹൃത്തിനെ മര്‍ദിച്ചവശനാക്കി വഴിയില്‍ തള്ളിയ ശേഷം 23 വയസുകാരിയെ ഓടുന്ന ബസ്സിലിട്ട് കൂട്ടമാനഭംഗം ചെയ്ത് പൈശാചികമായി മര്‍ദിച്ചത്. പെണ്‍കുട്ടി വിദഗ്ധ ചികിത്സയിലിരിക്കെ സിംഗപ്പൂര്‍ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ മരണമടഞ്ഞു. കേസിലെ ഒരു പ്രതി (രാംസിങ്) ജയിലില്‍ ജീവനൊടുക്കി. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ നല്ല നടപ്പിന് ശിക്ഷിച്ച് ജുവനൈല്‍ ഹോമിലേക്ക് അയച്ചിരുന്നു.

2018 ജൂലൈ ഒന്‍പതിനാണ് പ്രതികളുടെ പുനപ്പരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയത്. തിഹാറിലെ മൂന്നാം നമ്പര്‍ ജയിലിലാണ് വധശിക്ഷ നടപ്പാക്കുന്നത്. മീററ്റില്‍ നിന്നുള്ള പവന്‍ ജള്ളാദാണ് ആരാച്ചാര്‍. തൂക്കുമരങ്ങള്‍ ഒരുങ്ങി. ഭാരം നിറച്ചുള്ള ചാക്കുകള്‍ ഉപയോഗിച്ചുള്ള ഡമ്മി പരീക്ഷണം പൂര്‍ത്തിയായി.

പ്രതികളുടെ തിരുത്തല്‍ ഹര്‍ജികള്‍ തള്ളിയ നടപടിയില്‍ സന്തോഷം പ്രകടിപ്പിച്ച് നിര്‍ഭയയുടെ അമ്മ ആശാ ദേവി. ഏഴു വര്‍ഷമാണ് പോരാടിയത്.  കോടതി നടപടി ഉചിതമായി. പ്രതികളെ തൂക്കിലേറ്റുന്ന ജനുവരി 22 തന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ ദിവസമായിരിക്കും, അവര്‍ പ്രതികരിച്ചു.

 പ്രതികളുടെ തിരുത്തല്‍ ഹര്‍ജികള്‍ തള്ളിയ നടപടിയില്‍ സന്തോഷം പ്രകടിപ്പിച്ച് നിര്‍ഭയയുടെ അമ്മ ആശാ ദേവി. ഏഴു വര്‍ഷമാണ് പോരാടിയത്.  കോടതി നടപടി ഉചിതമായി. പ്രതികളെ തൂക്കിലേറ്റുന്ന ജനുവരി 22 തന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ ദിവസമായിരിക്കും, അവര്‍ പ്രതികരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.