അതിധനിക സര്‍ചാര്‍ജില്‍ നിന്ന് വിദേശനിക്ഷേപകര്‍ക്ക് ഇളവ്; ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടത്; ഇപ്പോഴത്തെ മാന്ദ്യത്തിന് കാരണം ആഗോള സാമ്പത്തിക സാഹചര്യങ്ങളെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍

Friday 23 August 2019 6:04 pm IST

ന്യൂദല്‍ഹി: വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടതാണെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യാന്തര തലത്തില്‍ സമ്പദ്വ്യവസ്ഥയ്ക്കു തിരിച്ചടിയേറ്റിട്ടുണ്ട്. ചൈനയുഎസ് വ്യാപാരയുദ്ധം ഉള്‍പ്പെടെ ആഗോള സാമ്പത്തിക സാഹചര്യങ്ങളാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്കു കാരണം. എന്നാല്‍ രാജ്യാന്തര സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മെച്ചപ്പെട്ടതാണ്.

അതേസമയം, ഓഹരിവിപണിയിലെ ഇടിവ് മറികടക്കാന്‍ ധനമന്ത്രാലയം പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചു. അതി ധനികര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന അധിക സര്‍ചാര്‍ജില്‍ നിന്ന് വിദേശത്ത് നിന്നുള്ള നിക്ഷേപകരെ ഒഴിവാക്കി.2 മുതല്‍ 5 കോടി വരെ വാര്‍ഷിക നികുതി നല്‍കുന്നവര്‍ക്ക് മൂന്നു ശതമാനവും അഞ്ചു കോടിയോ അതിനു മുകളിലോ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഏഴു ശതമാനവും തുകയാണ് സൂപ്പര്‍ റിച്ച് ടാക്‌സ് എന്ന പേരില്‍ സര്‍ചാര്‍ജായി ഇക്കഴിഞ്ഞ ജൂലൈയിലെ ബജറ്റില്‍ ഏര്‍പ്പെടുത്തിയത്. നിലവിലുള്ള ആദായനികുതിക്കു പുറമെയായിരുന്നു ഇത്. തുടര്‍ന്ന് എഫ്പിഐ നിക്ഷേപകര്‍ കൂട്ടത്തോടെ നിക്ഷേപം പിന്‍വലിക്കാന്‍ തുടങ്ങിയത് ഓഹരി വിപണിയെ ഉലച്ചിരുന്നു. ഈ പ്രവണത തുടരുന്നതിനിടെയാണിപ്പോള്‍ ധനമന്ത്രിയുടെ പ്രഖ്യാപനം. എഫ്പിഐ നിക്ഷേപകരുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും നിര്‍മല ഇക്കഴിഞ്ഞ മാസങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു

 

യുഎസ്, ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യാന്തര ശക്തികള്‍ സാമ്പത്തിക വളര്‍ച്ചയില്‍ കുറവ് രേഖപ്പെടുത്തുമ്പോഴും ഇന്ത്യയ്ക്കു കാര്യമായ പ്രശ്‌നമില്ല. വളര്‍ച്ചാനിരക്കില്‍ ഇവര്‍ക്കും മുകളിലാണ് ഇന്ത്യ. ചൈനയുമായി താരതമ്യം ചെയ്യുമ്പോഴും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ വളര്‍ച്ചയിലാണെന്നും സീതാരാമന്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.