പിണറായി സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയില്ല; കേരളത്തിലേക്കില്ലെന്ന സൂചന നല്‍കി നിസ്സാന്‍ കോര്‍പ്പറേഷന്‍; അതൃപ്തി പരസ്യമാക്കി ചീഫ് സെക്രട്ടറിക്ക് കത്തയച്ചു; 10000 പേരുടെ തൊഴില്‍ പ്രതീക്ഷകള്‍ക്ക് കരിനിഴല്‍ വീഴ്ത്തി സര്‍ക്കാര്‍

Sunday 21 July 2019 6:27 pm IST

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങളിലൊന്നായി  ചൂണ്ടികാണിച്ച നിസാന്‍ മോട്ടോര്‍ കോര്‍പ്പറേഷന്റെ ഡിജിറ്റല്‍ ഹബ്ബും റിസര്‍ച്ച് സെന്ററും സ്ഥാപിക്കാനുള്ള പദ്ധതി പ്രതിസന്ധിയില്‍. ചെന്നൈയെ മറികടന്നാണ് കേരളത്തില്‍ പദ്ധതിയ്ക്ക് കളമൊരുങ്ങിയത്.  ഇത് സംബന്ധിച്ച കമ്പനി കേരള സര്‍ക്കാരുമായി ധാരണ പത്രത്തില്‍ ഒപ്പിടുകയും ചെയതിരുന്നു. എന്നാല്‍ ധാരണപത്രത്തില്‍ ഒപ്പിടുന്ന സമയത്ത്  വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയില്ല. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച് കോര്‍പ്പറേഷന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ചീഫ് സെക്രട്ടറിക്ക് പുറമെ കിഫ്ബി സിഇഒ മറ്റ് നാല് വകുപ്പുകളിലെ സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ് കത്തുനല്‍കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയതു.

പദ്ധതി നടപ്പിലാക്കുന്നതിന് ഏകജാലക സംവിധാനം കൊണ്ടുവരുമെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം. എന്നാല്‍ പദ്ധതി നടപ്പിലായി കിട്ടുന്നതിന് വേണ്ടി വിവിധ വകുപ്പുകളെ സമീപിക്കേണ്ട അവസ്ഥയാണുള്ളതെന്നും ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും കത്തില്‍ പറയുന്നു. ടെക്നോപാര്‍ക്കില്‍ എ ഗ്രേഡ് സ്ഥലം ലഭ്യമല്ലാത്തതിനാല്‍ തല്‍ക്കാലം ഇന്‍ഫോസിസ് ക്യാമ്പസിലായിരുന്നു കമ്പനിക്ക് സ്ഥലം അനുവദിച്ചത്. എന്നാല്‍ വാഗ്ദാനം ചെയതതുപോലെ സ്റ്റാബ് ഡ്യൂട്ടിയും റജിസ്ട്രേഷന്‍ ഫീസും വേണ്ടെന്ന് വെയ്ക്കാന്‍ റജിസ്ട്രേഷന്‍ വകുപ്പ് തയ്യാറായില്ല. പാട്ടഭൂമി വീണ്ടും പാട്ടം നല്‍കുമ്പോള്‍ ഇത്തരം ഇളവുവകള്‍ നല്‍കാനാവില്ലെന്നായിരുന്നു എന്ന് പറഞ്ഞാണ് വകുപ്പ് ഇളവുകള്‍ നിഷേധിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തലസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങള്‍ ലോകനിലവാരമുള്ള പ്രതിഭകളെ ആകര്‍ഷിക്കുന്നതിന് തടസ്സമാകുന്നുവെന്നാണ് മറ്റൊരു ആക്ഷേപം.  മറ്റ് പ്രധാന നഗരങ്ങളിലേക്ക് തിരുവനന്തപുരത്തുനിന്ന് നേരിട്ടുള്ള വിമാന സര്‍വീസ് ഇല്ലാത്തതാണ് മറ്റൊരു പ്രധാന പ്രശ്നമായി ചൂണ്ടിക്കാട്ടുന്നത്. സിങ്കപ്പൂര്‍ വഴി ടോക്കിയോവിലേക്കുള്ള സര്‍വീസ് സില്‍ക്ക് എയര്‍ നിര്‍ത്തിയതോടെ ഇല്ലാതായെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു. ടോക്കിയോ ആണ് നിസ്സാന്റെ ആസ്ഥാനം. ചെന്നൈയെ മറികടന്ന് തിരുവനന്തപുരത്ത് കമ്പനി സ്ഥാപിക്കാന്‍ തീരുമാനിച്ചത് അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പാടാക്കി തരുമെന്ന് വാഗ്ദാനം ചെയ്തതുകൊണ്ടാണെന്നും കത്തില്‍ പറയുന്നു.നിസ്സാന്‍ ഉന്നയിച്ച വിഷയങ്ങള്‍ ചീഫ് സെക്രട്ടറി തലത്തില്‍ പരിശോധിച്ചുവരികയാണെന്ന് ഐടി സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഡിജിറ്റല്‍ ഇന്നോവേഷന്‍ ഹബ് സ്ഥാപിക്കാന്‍ നിസ്സാനുമായി കേരള സര്‍ക്കാര്‍ ധാരണ പത്രത്തിലുള്ളത്. 3000 പേര്‍ക്കും അതിന്റെ ഇരട്ടിയിലധികം ആളുകള്‍ക്ക പരോക്ഷമായും പദ്ധതി വഴി തൊഴില്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നു.കമ്പനിയുടെ ആദ്യഘട്ടം കഴിയുമ്പോള്‍ പതിനായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നുമാണ് കരുതിയിരുന്നത്. എന്നാല്‍ പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ഇവരുടെയെല്ലാം പ്രതീക്ഷകള്‍ക്ക് കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ് സര്‍ക്കാര്‍.  ആദ്യഘട്ടത്തില്‍ 30 ഏക്കറും പിന്നീട് 40ഏക്കര്‍ സ്ഥലവും കമ്പനിക്ക് നല്‍കാനായിരുന്നു ധാരണ. നിസാന്‍ മോട്ടോര്‍ കോര്‍പ്പറേഷന്‍ കേരളത്തിലേക്ക് എത്തുമ്പോള്‍ വന്‍ നേട്ടമായിരിക്കുമെന്ന് ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.