സ്വന്തം രാജ്യം സ്ഥാപിച്ച് നിത്യാനന്ദ

Thursday 5 December 2019 6:14 am IST

 

ന്യൂദല്‍ഹി: സ്വാമിയെന്ന പേരില്‍ ആശ്രമങ്ങള്‍ കെട്ടിപ്പൊക്കി, തട്ടിപ്പുകള്‍ നടത്തുകയും കുത്തഴിഞ്ഞ ജീവിതം നയിക്കുകയും ചെയ്ത നിത്യാനന്ദയ്ക്ക്  സ്വന്തം രാജ്യവുമായി! തെക്കനമേരിക്കയിലെ ഇക്വഡോറിനു  സമീപംഒരു ദ്വീപ് വിലയ്ക്കു വാങ്ങി അവിടെയാണ് കൈലാസം എന്ന പേരില്‍ രാജ്യം സ്ഥാപിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലൈംഗിക ആരോപണങ്ങള്‍ നേരിട്ട നിത്യാനന്ദ സമീപ കാലത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോയിയി തടവില്‍ പാര്‍പ്പിച്ചതിന് അഴിക്കുള്ളിലാകുമെന്ന് വന്നതോടെ മുങ്ങുകയായിരുന്നു. അഹമ്മദാബാദിലെ ആശ്രമത്തിനു വേണ്ടി കുട്ടികളെക്കൊണ്ട് പണപ്പിരിവ് നടത്തിച്ചെന്നും അവരെ തടങ്കലിലാക്കിയെന്നുമാണ് കേസ്. 

ലോകത്തെ ഏറ്റവും വലിയ ഹിന്ദുരാജ്യമാണ് തന്റെ റിപ്പബ്ലിക് ഓഫ് കൈലാസയെന്നാണ് നിത്യാനന്ദയുടെ പ്രഖ്യാപനം. ഇയാളുടെ അതി സമ്പന്നന്മാരായ ചില അനുയായികളാണ് ഇക്വഡോര്‍ സര്‍ക്കാരിന് പണം നല്‍കി ദ്വീപ് വാങ്ങിച്ചു നല്‍കിയത്.തന്റെ രാജ്യത്ത് എല്ലാവര്‍ക്കും പ്രവേശമില്ലെന്നാണ് നിത്യാനന്ദ പറയുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയും  മന്ത്രിസഭയും അനുമതി നല്‍കുന്ന, തന്റെ അനുയായികളും ഭക്തരുമായ, ആശ്രമത്തിന്  സംഭാവന നല്‍കുന്നവരെ മാത്രമേ ഇവിടെ പ്രവേശിപ്പിക്കൂ.

നിത്യാനന്ദയുടെ വലംകൈയായ മാ എന്നറിയപ്പെടുന്ന,  തെന്നിന്ത്യന്‍ നടിയാണ് പ്രധാനമന്ത്രിയത്രേ. മന്ത്രിസഭ രൂപീകരിച്ചുവരുന്നതേയുള്ളു. രാജ്യത്തിന് ഋഷഭ ധ്വജവുമുണ്ട്.നിത്യാനന്ദയുടെയും പാസ്‌പോര്‍ട്ടിന്റെയും കാളയുടെയും ചിത്രമാണ് ഇതില്‍. കാളയാണ് ദേശീയ മൃഗം. ശരഭമാണ് ദേശീയ പക്ഷി. ഇംഗ്ലീഷും തമിഴും സംസ്‌കൃതവുമാണ് ദേശീയ ഭാഷകള്‍. തന്റെ രാജ്യത്തെ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ ഐക്യരാഷ്ട്രസഭയ്ക്ക് കത്തു നല്‍കും.

സംഭാവനകള്‍ സ്വീകരിച്ച് സൂക്ഷിക്കാന്‍ ഹിന്ദു റിസര്‍വ് ബാങ്ക് സ്ഥാപിക്കുമെന്നും ഇയാള്‍ പറയുന്നു. പണം ക്രിപ്റ്റോ കറന്‍സിയാക്കും. രാജ്യത്തിന്റെ വെബ് സൈറ്റില്‍ പറയുന്നു. 2018 ഒക്‌ടോബര്‍ 21ന് ആരംഭിച്ച വെബ് സൈറ്റ് 2019 ഒക്‌ടോബറില്‍ നവീകരിച്ചിട്ടുമുണ്ട്. പനാമയിലാണ് സൈറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പല നാടുകളില്‍ നിന്ന് പലായനം ചെയ്ത ഹിന്ദുക്കള്‍ക്കു വേണ്ടിയാണ് തന്റെ രാജ്യമെന്നും ഇയാള്‍ പറയുന്നു.തെന്നിന്ത്യന്‍ താരം രഞ്ജിതക്കൊപ്പമുള്ള വീഡിയോ പുറത്തു വന്നതോടെയാണ് നിത്യാനന്ദയുടെ കള്ളി പുറത്തായത്. തുടര്‍ന്നാണ് ഇയാള്‍ കേസുകളില്‍ അകപ്പെട്ടതും മറ്റും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.