കോടികള്‍ ചെലവിട്ട ബിഗ്‌ബോസ് രണ്ടാം സീസണ്‌ പ്രേക്ഷകരില്ല; രണ്ടാഴ്ച കഴിഞ്ഞിട്ടും ബാര്‍ക്ക് റേറ്റിങ്ങില്‍ കാണാനില്ല; ഏഷ്യാനെറ്റിന്റെ ഒന്നാം നമ്പര്‍ ഷോ വാനമ്പാടി

Tuesday 21 January 2020 1:38 pm IST
ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (ബാര്‍ക്ക്) കഴിഞ്ഞ ആഴ്ചത്തെ ചാനല്‍ റേറ്റിങ്ങില്‍ ചരിത്രത്തിലില്ലാത്ത വിധം ബിഗ്ബോസ് ഷോ താഴേക്ക് പോയിരിക്കുകയാണ്.

തിരുവനന്തപുരം: മികച്ച വിജയം നേടിയ ഒന്നാം സീസണിന്റെ ചുവടുപിടിച്ച് എത്തിയ ബിഗ്‌ബോസിന്റെ രണ്ടാം സീസണ് കാലിടറുന്നു. മത്സരാര്‍ത്ഥികളേയും ഏഷ്യാനെറ്റിന്റെ ചാനല്‍ റേറ്റിങ്ങിനേയും കുത്തനെ ഉയര്‍ത്തിയാണ് ബിഗ്‌ബോസിന്റെ ഒന്നാം സീസണ്‍ കടന്നു പോയത്. എന്നാല്‍ അതേ പ്രതീക്ഷയുമായി എത്തിയ രണ്ടാം സീസണ് ആ മികവ് തുടരാനാകുന്നില്ലെന്നാണ് ചാനല്‍ റേറ്റിങ്ങുകള്‍ തെളിയിക്കുന്നത്. 

ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (ബാര്‍ക്ക്) കഴിഞ്ഞ ആഴ്ചത്തെ ചാനല്‍ റേറ്റിങ്ങില്‍ ചരിത്രത്തിലില്ലാത്ത വിധം ബിഗ്ബോസ് ഷോ താഴേക്ക് പോയിരിക്കുകയാണ്. ഏഷ്യാനെറ്റിലെ ജനപ്രിയ പരിപാടികളുടെ റേറ്റിങ്ങില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത് വാനമ്പാടി സീരിയലാണ്. രണ്ടാം സ്ഥാനത്ത് നീലക്കുയിലും മൂന്നാംസ്ഥാനം കസ്തൂരിമാനും നിലനിര്‍ത്തുന്നു. നാലാം സ്ഥാനം മൗനരാഗം എന്ന സീരിയല്‍ കയ്യടക്കിയപ്പോള്‍ അഞ്ചാം സ്ഥാനം അലങ്കരിക്കുന്നത് കോമഡി സ്റ്റാര്‍സ് സീസണ്‍ രണ്ടാണ്.

ബാര്‍ക്ക് റേറ്റിങ്ങില്‍ ഏഷ്യാനെറ്റിന്റെ അഞ്ച് പട്ടികയില്‍ ഒരിടത്ത് പോലും ബിഗ്ബോസ് എത്താത്തതോടെ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ഷോ ആദ്യആഴ്ചകളില്‍ തന്നെ പാളിയ നിലയിലാണ്. കോടികള്‍ വാരിയെറിഞ്ഞാണ് എന്റെമോള്‍ കമ്പനി ഏഷ്യാനെറ്റില്‍ ബിഗ്ബോസ് ഷോയുമായി എത്തുന്നത്. ആദ്യ എലിമിനേഷനില്‍ രാജിനി ചാണ്ടി പുറത്തായപ്പോള്‍ തന്നെ ബിഗ്ബോസ് മത്സാര്‍ത്ഥികളുടെ അവസ്ഥ പുറത്തുവന്നിരുന്നു. പലരും ഗെയിം എന്നതിനപ്പുറം കുടുംബ പ്രാരാബ്ധങ്ങള്‍ തീര്‍ക്കാന്‍ വേണ്ടിയാണ് ഷോയിലേക്ക് എത്തിയതെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.

ബിഗ്‌ബോസ് ഒന്നാം സീസണിലെ മത്സരാര്‍ത്ഥികളായ സാബുമോനും പേളിയും, ഷിയാസ്, ശ്രീനിഷ്, അരിസ്റ്റോസുരേഷും, അതിഥിയുമെല്ലാം പരിപാടിയില്‍ തകര്‍ത്താടുകയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഫൈനലിലെത്തിയ ഇവരില്‍ നിന്ന് പ്രേക്ഷക വോട്ടിങ്ങിലൂടെയും മത്സരത്തിന്റെ അടിസ്ഥാനത്തിലും സാബുമോന്‍ വിജയിയായി.

രണ്ടാം സീസണില്‍ ആര്യ. സുരേഷ്, ഫുക്രു, സോമദാസ്, മഞ്ജു പത്രോസ് തുടങ്ങി നിരവധി പേര്‍ മത്സരാര്‍ഥികളായി എത്തി. ആദ്യ മത്സരാര്‍ഥിയായി വിളിച്ചത് രജനി ചാണ്ടിയെയായിരുന്നു. പിന്നീട് എത്തിയത് എലീന പടിക്കലായിരുന്നു. തുടര്‍ന്നാണ് ആര്‍.ജെ രഘു ബിഗ് ബോസിലേക്ക് എത്തുന്നത്.

മത്സരം തുടങ്ങിയതിന് ശേഷം ആദ്യ എലിമിനേഷനില്‍ തന്നെ രജനി ചാണ്ടി പുറത്താകുകയും ചെയ്തു. ആരോഗ്യപരമായ കാരണങ്ങളാല്‍ മത്സരാര്‍ഥിയായ സോമദാസിനും വീടിന് പുറത്ത് പോകേണ്ടി വന്നു. പാഷണം ഷാജി എന്ന പേരില്‍ അറിയപ്പെടുന്ന സാജു നവേദയ ആരും കാണാത്ത മേക്കോവറിലാണ് വേദിയിലേക്ക് എത്തിയത്. ഇതിന് പിന്നാലെ പുതുവര്‍ഷം തുണച്ച ഭാഗ്യം എന്ന് ആശ്വസിച്ച് ആര്യയും ബിഗ്ബോസ് വേദിയിലേക്ക് എത്തിയത്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ എത്തിയ മഞ്ജു പത്രോസ് ബിഗ്ബോസിലെ മറ്റൊരു ശക്തയായ മത്സരാര്‍ത്ഥിയായി, സസ്യ ശാസ്ത്ര അദ്ധ്യാപകനായ ഡോ. രജിത് കുമാര്‍ ഗംഭീര മേക്കോവറിലായിരുന്നു.

രേഷ്മ രാജന്‍, ടിക്ക് ടോക്ക് താരം ഫുക്രു, മോഡലാ അലക്സാന്‍ഡ്രാ, ഹാസ്യ നടിയായ തെസ്‌നി ഖാന്‍, ഒപ്പം ബിഗ്ബോസ് സീസണ്‍ രണ്ടിലെ രസികനായ പരീക്കുട്ടി, പ്രദീപ് ചന്ദ്രന്‍ തുടങ്ങിയവരും മത്സരാര്‍ത്ഥികളായി എത്തി. ഷോ തുടങ്ങി ആദ്യദിവസങ്ങള്‍ പ്രേക്ഷകര്‍ക്ക് ബോറഡി തോന്നിയില്ലെങ്കിലും പിന്നീടുള്ള ദിവസങ്ങളിലെ ഗെയിം പ്ലാനുകള്‍ വിരക്തി സമ്മാനിച്ചിരുന്നു.

കഴിഞ്ഞ തവണത്തെ പോലെ ശക്തരായ മത്സാര്‍ഥികളുടെ അഭാവം ഷോയെ വേട്ടയാടുന്നെന്നാണ് പ്രധാന പരാതി ഉയര്‍ത്തിയിരുന്നത്. ഇത് പ്രേക്ഷകരിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.