ജെഎന്‍യുവില്‍ പഠിക്കുന്ന 82 വിദ്യാര്‍ഥികള്‍ ഏതു രാജ്യക്കാരാണെന്ന് അറിയില്ലെന്ന് സര്‍വകലാശാല; പൗരത്വം തെളിയിക്കുന്ന ഒരു രേഖയും ലഭ്യമല്ലെന്നും വിവരാവകാശത്തിന് മറുപടി

Wednesday 22 January 2020 10:59 am IST

ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ദേശവിരുദ്ധ ശക്തികള്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ സാധൂകരിക്കുന്ന വിവരാവകാശ രേഖയും പുറത്ത്. സര്‍വകലാശാലയില്‍ പഠിക്കുന്ന 82 വിദ്യാര്‍ഥികള്‍ ഏതു രാജ്യക്കാരാണെന്നു വ്യക്തമല്ലെന്ന സുഷിത് സ്വാമി എന്ന സാമൂഹിക പ്രവര്‍ത്തകന്‍ നല്‍കിയ വിവരാവകാശത്തിനു യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന്‍ മറുപടി നല്‍കി. ജെഎന്‍യുവില്‍ എത്ര വിദേശി വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്, അവര്‍ ആവശ്യമായ രേഖകള്‍ എല്ലാം സമര്‍പ്പിച്ചിട്ടുണ്ടോ എന്നതായിരുന്നു ചോദ്യം. ഈ ചോദ്യത്തിന് 301 വിദേശ വിദ്യാര്‍ഥികള്‍ 41 വിഭാഗങ്ങളിലായി പഠിക്കുന്നുണ്ടെന്നും എന്നാല്‍ 82 വിദ്യാര്‍ഥികള്‍ ഏതു രാജ്യക്കാരാണെന്നു വ്യക്തമാക്കുന്ന ഒരു രേഖയും ലഭ്യമല്ലെന്നും സര്‍വകലാശാല മറുപടി നല്‍കിയത്. പൗരത്വം തെളിയിക്കുന്ന ഒരു രേഖയും ഇല്ലാതെ വിദേശ വിദ്യാര്‍ഥികള്‍ എത്തരത്തില്‍ സര്‍വകലാശാലയില്‍ പഠിക്കുന്നു എന്നത് ഏറെ ഗൗരമേറിയ ചോദ്യമാണ്. 

നേരത്തേ, ഹോസ്റ്റല്‍ ഫീസ് വര്‍ധനയുടെ പേരില്‍ മാസങ്ങളായി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സ്റ്റിയില്‍ ഇടതു ജിഹാദി സംഘടനകള്‍ നടത്തി വരുന്ന സമരം പൊളിഞ്ഞിരുന്നു. ഹോസ്റ്റലുകളില്‍ താമസിച്ചു പഠിക്കുന്ന 82% വിദ്യാര്‍ഥികളും ഹോസ്റ്റല്‍ ഫീസ് അടച്ചു കഴിഞ്ഞെന്നും വൈസ് ചാന്‍സലര്‍ എ. ജദഗീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. 8500 വിദ്യാര്‍ഥികളില്‍ ബഹുഭൂരിഭാഗവും ഫീസ് അടച്ചു കഴിഞ്ഞതോടെ സമരം പൊളിഞ്ഞ അവസ്ഥയിലായി. ജനുവരി 15 ആയിരുന്നു വിന്റര്‍ സെമസ്റ്ററിനായി രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി. ഇതോടെ വിദ്യാര്‍ത്ഥികളുടെ വലിയ തിരക്കാണ് ആ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. നിരവധി വിദ്യാര്‍ത്ഥികളാണ് അവസാന തീയതി രണ്ട് ദിവസം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ടത്. ഇതോടെ ഫീസ് അടക്കാനുള്ള അവസാന തീയതി ജനുവരി 17 ആയി ഉയര്‍ത്തി. ഇനിയും പിഴ കൂടി നല്‍കി ഫീസ് അടയ്ക്കാനുള്ള അവസരമുണ്ട്. ഇതോടെ ഏതാണ്ട് 95% വിദ്യാര്‍ഥികളും ഫീസ് അടയക്കുമെന്നാണ് സര്‍വകലാശാല അധികൃതര്‍ വിലയിരുത്തുന്നത്. വിദ്യാര്‍ഥികള്‍ സമരത്തെ കൈവിട്ടതോടെ ഫീസ് വര്‍ധനയെ ചോദ്യം ചെയ്തു ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.