ഇടത് സര്‍ക്കാര്‍ തുടക്കം കുറിച്ച വന്‍കിട പദ്ധതി ഏതെന്ന് ചോദ്യം; അറിയില്ല, വിവരം ശേഖരിക്കാമെന്ന് സഭയില്‍ മറുപടി; 600 പദ്ധതികളില്‍ 547 പൂര്‍ത്തിയാക്കിയെന്നത് പിണറായിയുടെ തള്ളോ?

Wednesday 13 November 2019 6:04 pm IST

തിരുവനന്തപുരം:  ഇടതു സര്‍ക്കാരിന്റെ പ്രകടന പത്രികയില്‍ അവതരിപ്പിച്ച 600 പദ്ധതികളില്‍ 53 പദ്ധതികള്‍ ഒഴികെ എല്ലാം നടപ്പായെന്ന് കാട്ടി നാലാം വര്‍ഷം പൂര്‍ത്തിയായപ്പോള്‍ പുറത്തിറക്കിയ പ്രോഗസ് റിപ്പോര്‍ട്ടിലെ പൊള്ളത്തരം പുറത്ത്. നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യത്തിനുള്ള മറുപടിയിലാണു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനങ്ങള്‍ വെറും തള്ളാണെന്നു വ്യക്തമായത്. തിരുവഞ്ചൂരിന്റെ ചോദ്യങ്ങള്‍ ഇവയായിരുന്നു. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം തുടക്കം കുറിച്ച വന്‍കിട പദ്ധതികള്‍ ഏതൊക്കെയാണ് എന്നു സൂചിപ്പിക്കാമോ. മേല്‍പ്പറഞ്ഞവയില്‍ ഏതെല്ലാം പദ്ധതികള്‍ ഇതിനകം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തി എന്നു വ്യക്തമാക്കാമോ. മുന്‍സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചതും ഈ സര്‍ക്കാരിന്റെ കാത്ത് പുനരാരംഭിച്ചതുമായി വന്‍കിട പദ്ധതികള്‍ ഏതൊക്കെയാണ്. അതില്‍ ഏതൊക്കെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു എന്ന് അറിയിക്കാമോ. എന്നാല്‍, ഈ ചോദ്യങ്ങള്‍ക്ക് ഒന്നിനു പോലും മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരമില്ല. പകരം നല്‍കിയ ഉത്തരമാകട്ടെ വിവരം ശേഖരിച്ചു വരുന്നു എന്നാണ്. 

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാംവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പ്രകടനപത്രികയില്‍ പറഞ്ഞ മുഴുവന്‍ വാഗ്ദാനങ്ങളും നടപ്പാക്കിക്കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത് കഴിഞ്ഞ മാസമാണ്. കൊച്ചിയില്‍ പൗരപ്രമുഖരുമായുള്ള മുഖാമുഖം അടക്കം പിണറായിയുടെ പ്രഖ്യാപനവും ഇതായിരുന്നു. വര്‍ഷംതോറും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചതും പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കിയതും രാജ്യത്ത് ആദ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിലാണ് ഇടതു സര്‍ക്കാരിന്റെ പ്രകടന പത്രികയില്‍ അവതരിപ്പിച്ച 600 പദ്ധതികളില്‍ 53 പദ്ധതികള്‍ ഒഴികെ എല്ലാം നടപ്പായെന്ന് പിണറായി പറഞ്ഞത്. എന്നാല്‍, ഒരു നല്ല പദ്ധതി പോലും എടുത്തുകാട്ടാന്‍ ഇടതുസര്‍ക്കാരിന് ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് സഭയിലെ മറുപടി. 

കൊച്ചിയില്‍ നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇത്തരത്തിലാണ്- ഒട്ടേറെ വ്യവസായ നിക്ഷേപവും ഇവിടേക്കു വരുന്നു. ഇവിടെ ഒന്നും നടക്കില്ലെന്ന പൊതുധാരണയ്ക്ക് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റമുണ്ടായി. ദേശീയപാത വീതികൂട്ടല്‍ നടക്കില്ലെന്നായിരുന്നു പലരുടെയും ധാരണ. എതിര്‍പ്പുകളുണ്ടായിരുന്നു. മടിച്ചുനിന്നവരെല്ലാം നാടിന്റെ വികസനത്തിനായി സ്ഥലം വിട്ടുനല്‍കി. ഏറ്റെടുക്കുന്ന ഭൂമിക്ക് 25 ശതമാനം തുക സംസ്ഥാനം നല്‍കാന്‍ ധാരണയായി.  സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കി രണ്ടു റീച്ചില്‍ നിര്‍മാണം ആരംഭിക്കാനുള്ള നടപടികള്‍ക്കും തുടക്കമായി. ഗെയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയാകുന്നു. പവര്‍ഹൈവേ പദ്ധതി പൂര്‍ത്തിയാക്കി ചാര്‍ജുചെയ്തു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കെ പദ്ധതിച്ചെലവ് 61 ശതമാനം മാത്രമായിരുന്നത് ഇപ്പോള്‍ 90 ശതമാനത്തിനു മുകളിലാണ്. നെല്‍ക്കൃഷിയും പച്ചക്കറിക്കൃഷിയും വര്‍ധിച്ചു. 2.34 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് അധികമായി നെല്‍ക്കൃഷിയിറക്കി. 131 കോടി രൂപയുടെ നഷ്ടം പേറിയിരുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇന്ന് 258 കോടി രൂപ ലാഭത്തിലാണ്. ശബരിമല വികസനത്തിന് യുഡിഎഫ് സര്‍ക്കാര്‍ ആകെ കൊടുത്തത് 212 കോടി രൂപമാത്രം. ഈ സര്‍ക്കാരാകട്ടെ ഇതിനകം 1273 കോടി രൂപ കൊടുത്തുകഴിഞ്ഞു. ജനങ്ങളോടു പറഞ്ഞത്  മുഴുവന്‍ നടപ്പാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍, ഇടതുസര്‍ക്കാരിന്റെ കാലത്തെ ഒരു പദ്ധതിയുടെ പേര് പോലും സഭയില്‍ ഉത്തരമായി നല്‍കാന്‍ പിണറായിക്ക് ആയിട്ടില്ല എന്നതാണ് രേഖകള്‍ അടക്കം വ്യക്തമാക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.