ബിഗില്‍, കൈദി റിലീസ് നാളെ; പ്രത്യേക ഷോ വിലക്കി തമിഴ്‌നാട് സര്‍ക്കാര്‍; ടിക്കറ്റിന് അമിത ചാര്‍ജ് ഈടാക്കിയാല്‍ നടപടി; ആശങ്കയില്‍ വിജയ്, കാര്‍ത്തി ഫാന്‍സ്

Wednesday 23 October 2019 1:21 pm IST

ചെന്നൈ: ആരാധകര്‍ ഏറെ നാളായി ആകാംക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം ബിഗിലിന്റെയും കാര്‍ത്തി ചിത്രം കൈദിയുടേയും റിലീസ് നാളെ. ദീപാവലി റിലീസാണ് ഇരുചിത്രങ്ങളും. തമിഴ്‌നാട്ടിലും കേരളത്തിലും വന്‍ആഘോഷമാണ് ചിത്രങ്ങളുടെ റിലീസിനോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. എന്നാല്‍, വിജയ്-കാര്‍ത്തി ഫാന്‍സിനെ സംബന്ധിച്ചിടത്തോളെ അത്ര നല്ല വാര്‍ത്തകളല്ല പുറത്തുവരുന്നത്. ഇത്തരം താരങ്ങളുടെ ചിത്രങ്ങള്‍ക്ക് ഫാന്‍സായി ചിത്രം റിലീസ് ചെയ്യുന്നതിന് തലേന്ന് അര്‍ധരാത്രി മുതല്‍ പ്രത്യേക ഷോകള്‍ ഏര്‍പ്പെടുത്താറുണ്ട്. എന്നാല്‍, ദീപാവലി റിലീസിന് പ്രത്യേക ഷോകള്‍ അനുവദിച്ചിട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് തമിഴ്‌നാട് വാര്‍ത്താവിതരണ മന്ത്രി കടമ്പൂര്‍ സി. രാജു. 

 കോവില്‍പട്ടിയില്‍ നടന്ന പരിപാടിക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച അദ്ദേഹം, ചിത്രങ്ങള്‍ക്ക് പ്രത്യേക ഷോ അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി. ഇനി അത്തരം ഒരു തീരുമാനം എടുത്താലും ടിക്കറ്റിന് അധികചാര്‍ജ് ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് സംസ്ഥാനത്തെ തിയേറ്ററുകളില്‍ വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും രാവിലെ 8.00 മുതല്‍ അഞ്ച് ഷോകള്‍ നടത്താന്‍ അനുമതിയുണ്ട്. എന്നാല്‍, വിജയ് ചിത്രം ബിഗിലിന്റെ ഫാന്‍സ് ഷോ രാത്രി ഒരു മണിക്കും പുലര്‍ച്ചെ നാലു മണിക്കും നടത്തുമെന്ന് ഫാന്‍സ് പേജുകളിലൂടെ പ്രചാരണമുണ്ടായിരുന്നു. വന്‍തുകയ്ക്കാണ് ഈ ഷോകളുടെ ടിക്കറ്റ് വിറ്റഴിഞ്ഞതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടതും. പ്രത്യേക ഷോകള്‍ സര്‍ക്കാര്‍ വിലക്കിയതും. എന്നാല്‍, മന്ത്രിയുടെ പ്രഖ്യാപനം വന്നയുടനെ ചലച്ചിത്ര വിതരണക്കാരനായ തിരുപ്പൂര്‍ സുബ്രഹ്മണ്യവും മറ്റ് ചില പ്രതിനിധികളും ദീപാവലിക്ക് പ്രത്യേക ഷോകള്‍ അനുവദിക്കണമെന്ന് മന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.