അത്ര വലിയ സുരക്ഷാ ഭീഷണിയില്ല; സോണിയയ്ക്കും രാഹുലിനും പ്രിയങ്കയ്ക്കും ഇനി എസ്പിജി സുരക്ഷ ഇല്ല; നെഹ്‌റു കുടുംബത്തിന് ഇനി ഇസഡ് പ്ലസ് സുരക്ഷ മാത്രം

Friday 8 November 2019 3:37 pm IST

ന്യൂദല്‍ഹി: കാര്യമായ സുരക്ഷാ ഭീഷണിയില്ലെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) സുരക്ഷ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ടവരാണ് ഇക്കാര്യം ദേശീയ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കിയത്. പ്രഖ്യാപനം ഉടനുണ്ടായേക്കും. മൂവര്‍ക്കും ഇനി മുതല്‍ സിആര്‍പിഎഫ് കമാന്‍ഡോകളുടെ ഉള്‍പ്പെടെ ഇസഡ് പ്ലസ് സുരക്ഷ ആയിരിക്കും ഉണ്ടാവുക. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞാല്‍ എസ്പിജി സുരക്ഷയുള്ള മൂന്നു നേതാക്കള്‍ നെഹ്‌റു കുടുംബമാണ്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകത്തിനു ശേഷമാണ് ഇവര്‍ക്ക് എസ്പിജി സുരക്ഷ ഏര്‍പ്പെടുത്തിയത്. ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇസഡ് സ്‌പെഷ്യല്‍ സുരക്ഷയാണ്. നേരത്തേ, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ബിജെപി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഇപ്പോഴത്തെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവരുടേയും എസ്പിജി സുരക്ഷ ഇസഡ് പ്ലസിലേക്ക് മാറ്റിയിരുന്നു. 

നേരത്തേ, വിദേശത്തും സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക വാദ്ര എന്നിവര്‍ക്ക് എസ്പിജി സുരക്ഷ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മുഴുവന്‍ സമയവും ഇവരെ എസ്പിജി അനുഗമിക്കണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കിയിരുന്നു.  വിദേശയാത്രകളില്‍ ഗാന്ധി കുടുംബം എസ്പിജി സുരക്ഷ ഉപയോഗിക്കാറില്ലായിരുന്നു. ഏത് രാജ്യത്തേയ്ക്കാണോ പോകുന്നത് അവിടെ വരെ സുരക്ഷ ജീവനക്കാരെ ഒപ്പം കൊണ്ടുപോകുകയും എത്തിയ ശേഷം തിരിച്ചയയ്ക്കുകയുമാണ് പതിവ്.  വിദേശയാത്രകളില്‍ എവിടെയൊക്കെ സന്ദര്‍ശനം നടത്തുന്നു, ആരെയൊക്കെ കാണുന്നു തുടങ്ങിയ വിവരങ്ങള്‍ അറിയിക്കാനും. യാത്രകളില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നുണ്ടെങ്കില്‍ അതും അറിയിക്കാനും നിര്‍ദേശമുണ്ടായിരുന്നു. സുരക്ഷാ മന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് വേണ്ടിയാണ് വിദേശ യാത്രകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നേരത്തെ അറിയിക്കാന്‍ നിര്‍ദ്ദേശിച്ചതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയരുന്നു. 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.